യുദ്ധത്തിനും അക്രമത്തിനുമെതിരെ പോരാടാം: റോമിലെ സിനഗോഗില്‍ ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം

റോം: സംഘര്‍ഷങ്ങളും അക്രമവും യുദ്ധവും അവസാനിപ്പിച്ച് ലോകസമാധാനത്തിനു വേണ്ടി നിലകൊള്ളണമെന്ന് ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തോംപിയെ മജോരെ സിനഗോഗ് സന്ദര്‍ശിച്ചുകൊണ്ട് ജനങ്ങളോടു സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പ.

ദൈവത്തിന്റെ പേരില്‍ മനുഷ്യന്‍ മനുഷ്യനെതിരായി യുദ്ധം ചെയ്യണമെന്ന് ഒരു മതവും പഠിപ്പിക്കുന്നില്ല. ഭൂതകാലത്തെ മുറിവുകളില്‍ നിന്ന് നാം പാഠമുള്‍ക്കൊള്ളണം. ഭാവിയില്‍ കൂടുതല്‍ വിവേകത്തോടെ പെരുമാറാന്‍ അത് സഹായകരമായി മാറണം. മാര്‍പാപ്പയയതിനു ശേഷം ആദ്യമായാണ് താന്‍ തോംപിയെ മജോരെ സിനഗോഗ് സന്ദര്‍ശിക്കുന്നതെന്നും
സമാധാനത്തിന്റെ സന്ദേശവുമായാണ് താന്‍ എത്തിയിരിക്കുന്നതെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

ബ്യൂണസ് ഐറിസിലെ ജൂതസമൂഹവുമായി വളരെ അടുത്ത ബന്ധമാണ് താന്‍ പുലര്‍ത്തിയിരുന്നത്. ഇടക്കിടെ അവരുടെയിടയില്‍ സന്ദര്‍ശനത്തിനെത്തുന്നതും പതിവായിരുന്നു. ഇത് ജൂതസമൂഹവുമായി ഒരു ആദ്ധ്യാത്മിക ബന്ധം വളര്‍ത്തുന്നതിന് സഹായകരമായിട്ടുണ്ട്. ക്രിസ്ത്യാനികളും ജൂതന്‍മാരും ഏകോദര സഹോദരന്‍മാരാണെന്നും പരസ്പരം പോരടിക്കേണ്ടവരല്ലെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

1986 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും 2010 ല്‍ ബനഡിക്ട് 16ാമന്‍ പാപ്പയും തേംപിയെ മജോരെ സിനഗോഗ് സന്ദര്‍ശിച്ചിട്ടുണ്ട്. തന്റെ മുന്‍ഗാമികളുടെ പാത പിന്തുടര്‍ന്ന് ജൂതസമൂഹവുമായി സമാധാനപരമായ സഹകരണത്തിനാണ് താന്‍ ശ്രമിക്കുന്നതെന്നും ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login