യുദ്ധത്തിന് ശേഷം സമാധാനം ( സെലിന്റെ കഥ മാര്ട്ടിന്റെയും) 6

Teresa-hai-dong-Giesuസെലിന്റെ കത്തുകളില് നിന്ന് നമുക്ക് വ്യക്തമാകുന്ന ഒരു തലമാണ് അന്നത്തെ സാമൂഹ്യസാമ്പത്തിക അവസ്ഥ. 1870 ലെ യുദ്ധവും അതേല്പിച്ച ദുരന്തങ്ങളും സെലിന്റെയും മാര്ട്ടിന്റെയും കുടുംബത്തിലും അനുരണനങ്ങള് ഉണ്ടാക്കിയെങ്കിലും അദ്ധ്വാനിച്ചുജീവിച്ചിരുന്ന ആ കുടുംബം യുദ്ധത്തിന്റെ വറുതിയില് അത്രയധികമൊന്നും വീണുപോയില്ല എന്നതാണ് സത്യം. ഫ്രാന്സിലേക്ക് പ്രഷ്യന് അധിനിവേശമുണ്ടായത് 1870 ല് ആയിരുന്നു. പ്രഷ്യന് സൈന്യം ഫ്രാന്സിലെ ഓരോ വീടുകള്ക്കും ഭീഷണിയായി. അത്തരമൊരു സംഘം മാര്ട്ടിന്റെയും ഭവനത്തിലെത്തി. അവരിലൊരാള് മാര്ട്ടിന്റെ വീട്ടില് നിന്ന് വാച്ച് മോഷ്ടിച്ചു. അടുത്ത ദിവസം നിയമപ്രകാരം മാര്ട്ടിന് അയാള്ക്കെതിരെ പരാതി നല്കി. ഏതാനും ദിവസങ്ങള് കഴിഞ്ഞപ്പോള് കേള്ക്കാനിടയായത് കൊള്ളയടിച്ചവരെയെല്ലാം വെടിവച്ചുകൊല്ലാന് അവരുടെ നേതാവ് ഉത്തരവ് ഇറക്കിയെന്നാണ്. വിവരം അറിഞ്ഞ ഉടനെ മാര്ട്ടിന് അധികാരിയുടെ അടുക്കലേയ്ക്ക് ഓടി. തന്റെ പരാതി മൂലം ഒരാളുടെ ജീവന് അപകടത്തിലാകാന് അയാള് ആഗ്രഹിച്ചില്ല.

നാല് പൈതങ്ങളുടെ മരണത്തിന് സാക്ഷ്യം വഹിച്ച ആ കുടുംബം മറ്റ് രണ്ട് മരണങ്ങള്ക്ക് കൂടി അക്കാലയളവില് സാക്ഷ്യം വഹിക്കേണ്ടതായി വന്നു. സെലിന്റെ പിതാവിന്റെയും മാര്ട്ടിന്റെ പിതാവിന്റെയും മരണങ്ങളായിരുന്നു അത്. സ്വപിതാവിന്റെ മരണത്തെക്കുറിച്ച് സെലിന് എഴുതിയ കത്തില് ഇങ്ങനെ പറയുന്നു എന്റെ പിതാവ് നല്ല ദൈവത്താല് സ്വീകരിക്കപ്പെട്ടു എന്ന് ഞാന് പ്രതീക്ഷിക്കുന്നു.

നാല് മക്കളുടെ മരണം സൃഷ്ടിച്ച വേദന ഒരിക്കലും മറക്കുകയില്ലെങ്കിലും അതിന്റെ വേദനയെ ലഘൂകരിക്കാനെന്നോണം ദൈവം ആ ദമ്പതികള്ക്ക് മറ്റൊരു കുഞ്ഞിനെ കൂടി നല്കാന് തിരുമനസ്സായി. ഓരോ കുഞ്ഞും ദൈവത്തിന്റെ പ്രത്യേകമായ പദ്ധതിയുടെ ഭാഗമാണ് എന്ന സത്യം വെളിപ്പെടുത്തുന്നു കൂടിയുണ്ട് ഈ ശിശുവിന്റെ ജനനം. സെലിന്- മാര്ട്ടിന് ദമ്പതികളുടെ അവസാനത്തെ കുഞ്ഞായിരുന്നു അത്.. ആ കുഞ്ഞിന്റെ ജനനത്തെക്കുറിച്ച് സെലിന് എഴുതിയ കത്തില് ഇങ്ങനെ വായിക്കുന്നു. ഈ വര്ഷത്തിന്റെ അവസാനമാകുമ്പോഴേയ്ക്കും ഒരു കുഞ്ഞുകൂടി എത്തിച്ചേരുന്നുണ്ട്. അസുഖമൊന്നും കൂടാതെ എത്തിച്ചേര്ന്നാല് മതിയായിരുന്നു..
പിറക്കാന് പോകുന്ന കുഞ്ഞിന് എന്തു പേരിടണം എന്ന ചര്ച്ച കുടുംബത്തിലുണ്ടായി. പല പേരുകള്ക്കിടയില് അവര് തിരഞ്ഞെടുത്ത പേര് മരിയ തെരേസ് എന്നായിരുന്നു. അകാലത്തില് മരിച്ചുപോയ മരിയ മെലാനി തെരേസയുടെ സ്മരണ നിലനിര്ത്തുവാന് വേണ്ടിയായിരുന്നു അത്. കുടുംബം മുഴുവന് പുതിയ അതിഥിയ്ക്ക് വേണ്ടി കാത്തിരുന്നു. ഒടുവില് 1873 ജനുവരി രണ്ടാം തീയതി അവരുടെ കാത്തിരിപ്പ് സഫലമായി ആ കുടുംബത്തിലേക്ക് അവള് പിറന്നുവീണു. മരിയ ഫ്രാന്സുവാസ് തെരേസ്. പില്ക്കാലത്തെ കൊച്ചുത്രേസ്യ

 

( തുടരും)

You must be logged in to post a comment Login