യുവാവായ ക്രിസ്തുവിന്റെ ചൈതന്യം ഉള്‍ക്കൊള്ളുക

യുവാവായ ക്രിസ്തുവിന്റെ ചൈതന്യം ഉള്‍ക്കൊള്ളുക

കൊച്ചി: യുവാവായ ക്രിസ്തുവിന്റെ ചൈതന്യമായിരിക്കണം എന്നും എപ്പോഴും യുവജനങ്ങളുടെ ആശയും ആവേശവും എന്നും കാരുണ്യത്തിന്റെ ചൈതന്യം ഉള്‍ക്കൊള്ളാന്‍ യുവജനങ്ങള്‍ക്കു സാധിക്കണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി .എറണാകുളം-അങ്കമാലി അതിരൂപതയിലെ കെസിവൈഎം യുവജനദിനാഘോഷം പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ ദേവാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുവജനസംഘടനകളിലെ പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ ക്രൈസ്തവസാക്ഷ്യത്തെ ശക്തിപ്പെടുത്തുന്നതിന് ഉപകരിക്കും. പൊതുസമൂഹത്തിലെ രാഷ്ട്രീയമോ സാംസ്‌കാരികമോ ആയ സംഘടനകളെപ്പോലെയല്ല സഭയിലെ യുവജനസംഘടനകളെ കാണേണ്ടത്. നിരവധി പുണ്യാത്മാക്കളും മാര്‍പാപ്പമാരും സഭാശുശ്രൂഷകരും അവരുടെ ജീവിതഘട്ടങ്ങളില്‍ സഭയിലെ യുവജനസംഘടനകളിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഊര്‍ജം സ്വീകരിച്ചവരാണ്. മാര്‍ ആലഞ്ചേരി പറഞ്ഞു.

ഭീകരവാദം, ക്വട്ടേഷന്‍ പോലുള്ള സാമൂഹ്യതിന്മകള്‍ക്കെതിരെ ജാഗ്രത വേണം. ഫാഷന്‍ഭ്രമം, അനുകരണത്വര മുതലായവയും യുവജനങ്ങളുടെ വിലയേറിയ സമയം പാഴാക്കും. ദൈവം നമുക്കു നല്‍കിയിട്ടുള്ള കഴിവുകളെ പരമാവധി വികസിപ്പിച്ചെടുക്കുകയായിരിക്കണം യൗവനത്തില്‍ നിങ്ങളുടെ ലക്ഷ്യം. കര്‍ദിനാള്‍ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login