യൂട്യൂബിലൂടെ സന്യാസത്തിലേക്ക്…

ന്യൂ ജേഴ്‌സി: ഇന്റര്‍നെറ്റ് ചിലരെ വഴിതെറ്റിക്കാറുള്ള മാധ്യമമായി വര്‍ത്തിക്കാറുണ്ട്, മറ്റു ചിലപ്പോള്‍ നന്‍മയിലേക്കു വഴി തെളിക്കുന്ന വഴികാട്ടിയായും. സിസ്റ്റര്‍ ലോറെന്‍ രണ്ടാമത്തെ ഗണത്തിലാണ് പെടുന്നത്. കാലം മാറിയല്ലോ. അപ്പോള്‍ പിന്നെ ദൈവവിളി സ്വീകരിക്കാന്‍ അല്‍പം മോഡേണായ മാര്‍ഗ്ഗം സ്വീകരിച്ചാലെന്താ? യൂട്യൂബിലൂടെ കേട്ട ഒരു ഗാനമാണ് സിസ്റ്റര്‍ ലോറനില്‍ കര്‍ത്താവിന്റെ മണവാട്ടിയാകാനുള്ള ആഗ്രഹത്തിന് വിത്തു പാകിയത്. അങ്ങനെ 21-ാം വയസ്സില്‍ സിസ്റ്റര്‍ ലോറന്‍ സന്യാസം സ്വീകരിച്ചു.

ആ ചുറുചുറുക്കും പ്രസരിപ്പുമൊക്കെ കണ്ടാല്‍ ലോകത്ത് മറ്റാരെക്കാളുമധികം സന്തോഷവതിയാണ് സിസ്റ്ററെന്ന് നമുക്കു തോന്നും. സിസ്റ്റര്‍ ലോറനെ കേന്ദ്ര കഥാപാത്രമാക്കി ‘റാഡിക്കല്‍ ലൗ: എ ക്രോണിക്കിള്‍ ഓഫ് എ നണ്‍സ് ലൈഫ്’ എന്ന പേരില്‍ പുതിയ പുസ്തകവും ഇറങ്ങിക്കഴിഞ്ഞു. എന്നാല്‍ വാക്കുകളിലൂടെയല്ല, ചിത്രങ്ങളിലൂടെ മാത്രമാണ് പുസ്തകം സംസാരിക്കുന്നത്. അല്ലെങ്കിലും വാക്കുകളേക്കാള്‍ ഒരായിരം കഥകള്‍ കൂടുതല്‍ പറയാന്‍ ചിത്രങ്ങള്‍ക്കാകുമല്ലോ.

ഫോട്ടോഗ്രഫറായ ഗ്രീവ്‌സ് ആണ് സിസ്റ്ററുടെ ജീവിതത്തിലെ മനോഹര മുഹൂര്‍ത്തങ്ങള്‍ ചിത്രങ്ങളായി ഒപ്പിയെടുത്തിരിക്കുന്നത്. ഒന്നും രണ്ടുമല്ല, സിസ്റ്റര്‍ ലോറന്റെ ഏഴു വര്‍ഷത്തെ സന്തോഷപൂര്‍ണ്ണമായ സന്യാസ ജീവിതത്തിന്റെ കഥയാണ് ഈ ചിത്രങ്ങള്‍ പറയുന്നത്.

You must be logged in to post a comment Login