യൂദാശ്ലീഹയും ജൂഡ് ആന്റണിയും തമ്മിലുള്ള ബന്ധം?

യൂദാശ്ലീഹയും ജൂഡ് ആന്റണിയും തമ്മിലുള്ള ബന്ധം?

‘ഓം ശാന്തി ഓശാന’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. അദ്ദേഹത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രം “ഒരു മുത്തശ്ശി ഗദ” ഇരുകൈയും നീട്ടിയാണ് കുടുംബപ്രേക്ഷകര്‍ സ്വീകരിച്ചത്.

സിനിമയുടെ അവസാനം കാഴ്ചക്കാരന്റെ മനസ്സില്‍ അവനറിയാതെ ഒരു നിഷ്‌കളങ്കതയുടെ പുഞ്ചിരി വിരിയിക്കുന്ന ജൂഡ് ആന്റണി വലിയൊരു ദൈവവിശ്വാസി കൂടിയാണ്. യൂദാശ്ലീഹായോടുള്ള വിശ്വാസത്തിന്റെ പേരിലാണ് സ്വന്തം പേരു പോലും അദ്ദേഹം
വിശുദ്ധന്റെ നാമത്തിലാക്കിയത്. സിജോ ജോസഫ് എന്ന ജൂഡ് ആന്റണിയുടെ പേരിനു പിറവിയ്ക്കു പിന്നില്‍ ഒരു ‘അത്ഭുതമുണ്ട്.’

തന്റെ വളരെ അടുത്ത സുഹൃത്തിന് ബ്രയിന്‍ ട്യൂമര്‍ ബാധിച്ചു. അവന്‍ പെട്ടന്ന് മരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാ ശ്ലീഹായോട് നൊവേന ചെല്ലി സുഹൃത്തിന്റെ രോഗ സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചു. ഇതിനായി ഒമ്പത് വ്യാഴാഴ്ചകളില്‍ മുടങ്ങാതെ നൊവേനകളില്‍ സംബന്ധിച്ചു.

പിന്നീട് സുഹൃത്തിന്റെ അസുഖം പൂര്‍ണ്ണമായും മാറി. സ്‌കാന്‍ റിപ്പോര്‍ട്ടില്‍ അത് വ്യക്തമാണ്. യൂദാശ്ലീഹായോട് മാധ്യസ്ഥം വഹിച്ച് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായാണ് സൗഖ്യം ലഭിച്ചതെന്ന് താന്‍ വിശ്വസിച്ചു. നൊവേനയുടെ അവസാനം ആഗ്രഹം സാധിച്ചാല്‍ വിശുദ്ധന്റെ പേര് എല്ലാവരിലേക്കും എത്തിക്കുമെന്ന് പറയുന്നുണ്ട്. പേര് മാറ്റിയതെന്തിനാണെന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ തനിക്ക് ഈ അനുഭവം പറയാം. അതിലൂടെ വിശുദ്ധന്റെ പേര് എല്ലായിടത്തും എത്തുകയും ചെയ്യുമല്ലോ. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജൂഡ് ആന്റണി ഇക്കാര്യം പറഞ്ഞത്.

നീതു മെറിന്‍

 

You must be logged in to post a comment Login