യൂദാസും ഞാനും

യൂദാസും ഞാനും

യൂദാസ്!

കേള്‍ക്കുമ്പോഴേ നമ്മുടെ നെറ്റി ചുളിയുന്നു. എന്തൊരു ദുഷ്ടനാണ് അയാള്‍ എന്ന് പിറുപിറുക്കുന്നു. അങ്ങനെ കുറ്റപ്പെടുത്താന്‍ വരട്ടെ.

ഒന്ന് സത്യസന്ധമായി ആത്മശോധന ചെയ്താല്‍ ഓരോ യൂദാസുമാര്‍ ഏറിയും കുറഞ്ഞും നമ്മുടെയുള്ളിലും ഉണ്ട് എന്നതാണ് സത്യം. അത് ചിലപ്പോള്‍ നമുക്ക് ഇനിയും മനസ്സിലായിട്ടില്ലെന്നേയുണ്ടാവൂ.

കാരണം യൂദാസുമാര്‍ അണിഞ്ഞൊരുങ്ങിയും കൃത്രിമചിരി ചിരിച്ചും സഹായസന്നദ്ധതയുടെ കരങ്ങള്‍ നീട്ടിയും വിവിധ ഭാവങ്ങളും രസങ്ങളും അണിഞ്ഞുമാണ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ അവരെ തിരിച്ചറിയാന്‍ കഴിയണമെന്നില്ല. മറ്റ് പതിനൊന്നുപേര്‍ക്കും യൂദാസിനെ മനസ്സിലാക്കാന്‍ കഴിഞ്ഞോ? ഇല്ല.

അതുകൊണ്ട് നാം യൂദാസുമാരെ അറിയാതെ വിശ്വസിച്ചു പോകും..സ്‌നേഹിച്ചുപോകും. ഒടുവില്‍ അവര്‍ സ്‌നേഹചുംബനം കൊണ്ട് ഒറ്റിക്കൊടുക്കുമ്പോഴായിരിക്കും തിരിച്ചറിയുക, ചതിക്കപ്പെട്ടുവെന്ന്..അപ്പോഴേയ്ക്കും കാല്‍വരി അടുത്തെത്തിക്കഴിഞ്ഞിരിക്കും.ക്രൂശുമരണത്തിന് നാം വിധിക്കപ്പെട്ട് കഴിഞ്ഞിരിക്കും.

ഈശോ തിരഞ്ഞെടുത്തവനായിരുന്നു യൂദാസ്. എന്നിട്ടും ഈശോയെയും അയാള്‍ പറ്റിച്ചുകളഞ്ഞു. എത്ര സമര്‍ത്ഥമായാണ് അയാള്‍ കരുക്കള്‍ നിരത്തിയത്! .എത്ര സമര്‍ത്ഥമായാണ് അയാള്‍ അഭിനയിച്ചത്.!

കാരുണ്യത്തിന്റെ മുഖം പോലും അയാള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.. ഒഴുക്കിക്കളഞ്ഞ സുഗന്ധതൈലം കൊണ്ട് പാവങ്ങളുടെ വിശപ്പടക്കാന്‍ കൊടുക്കാമായിരുന്നില്ലേ എന്ന്. ഹോ! സമ്മതിക്കണം അയാളെ..

ഇന്നും നാം ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. കരുണയെന്നും സ്‌നേഹമെന്നും ദൈവത്തിന് വേണ്ടിയെന്നുമെല്ലാമുള്ള മേനിനടിക്കലുകള്‍.പക്ഷേ നമ്മുടെ കണ്ണ് എവിടെയാണ്? ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനമെന്നാണ് ബൈബിളിലെ ഒരു ഓര്‍മ്മപ്പെടുത്തല്‍.

ധനത്തോടുള്ള അമിതമായ മോഹമാണ് യൂദാസിനെയും വഴിതെറ്റിച്ചത്. ധനം വേണം.. ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ പണം ആവശ്യവുമാണ്. പക്ഷേ പണത്തിന് വേണ്ടി മാത്രം നാം എന്തും ചെയ്യാന്‍ തയ്യാറാകുമ്പോള്‍ യൂദാസില്‍ നിന്ന് നാം വളരെ അകലെയല്ല.

ആണൊരുവന്റെ കൈപിടിച്ച് ഇറങ്ങിവരുന്നവളെ ഉപേക്ഷിച്ചുപോകുന്നവനും അവളുടെ കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കാത്തവനും അവളെ ദുരുപയോഗം ചെയ്യുന്നവനും യൂദാസുമാരാണ്. പെറ്റമ്മയെ വാര്‍ദ്ധക്യത്തിന്റെ പടിവാതില്ക്കലെത്തുമ്പോള്‍ പരിചരിക്കാന്‍ മനസ്സില്ലാതെ അഗതിമന്ദിരത്തിലേക്ക് തള്ളുന്നവന്‍ യൂദാസാണ്. മോഹനവാഗ്ദാനങ്ങള്‍ നല്കി അധികാരത്തിലേറിയിട്ട് തിരഞ്ഞെടുത്ത് അയച്ചവരെ മറന്നുകളയുന്ന ജനപ്രതിനിധി യൂദാസാണ്. സൗഹൃദങ്ങളെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി ദുരുപയോഗിക്കുന്നവര്‍ യൂദാസാണ്.

യൂദാസ് എവിടെയും ഉണ്ട്. ഇണയെ ലൈംഗികതയ്ക്ക് വേണ്ടി സമീപിക്കുന്നവരും മാതാപിതാക്കളെ സമ്പത്തിന് വേണ്ടി മാത്രം സ്‌നേഹിക്കുന്നവരും അയല്‍ക്കാരനെ തന്‍കാര്യം നേടിയെടുക്കാന്‍ വേണ്ടി മാത്രം ചങ്ങാതിയാക്കുന്നവനും എല്ലാം യുദാസുമാരാണ്.

ക്രിസ്തുവിനെ പണത്തിന് വേണ്ടി ഒറ്റിക്കൊടുത്തു എന്നതു മാത്രമല്ല യൂദാസ് ചെയ്ത തെറ്റ്. യൂദാസിന് ക്രിസ്തുവിനെ സ്‌നേഹിക്കാന്‍ കഴിഞ്ഞില്ല. സ്‌നേഹിക്കാന്‍ കഴിയാത്തതും പോട്ടെ..ക്രിസ്തുവിന്റെ സ്‌നേഹത്തെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. സ്‌നേഹം മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നതിലും വലിയ തെറ്റൊന്നുമില്ല.

എത്രയോ ഹൃദ്യമായ ഒരു അനുഭവമാണ് ചുംബനം. രതി എന്ന് മാത്രം വിലയിരുത്തേണ്ട ഒന്നല്ല അത്. ശരീരങ്ങളെയല്ല ആത്മാവുകളെയാണ് നാം ആ നിമിഷങ്ങളില്‍ സ്പര്‍ശിക്കുന്നത്. അധരങ്ങളല്ല ഹൃദയങ്ങളല്ല പരസ്പരം തൊടുന്നത്. അത്തരമൊരു സൗന്ദര്യത്തെയാണ് യൂദാസ് വിലയില്ലാതാക്കിയത്.

ചുംബിച്ചുകൊണ്ട് ഒറ്റിക്കൊടുക്കുക. സ്നേഹമില്ലാതെയുള്ള രതി കൊലപാതകം പോലും ആകുന്നത് അതുകൊണ്ടാണ്.അതുപാപമാണ്. ഓരോ സ്പര്‍ശനത്തിലും സ്നേഹമാണുണ്ടാവേണ്ടത്..കാമമല്ല..സ്വാര്‍ത്ഥതയല്ല. സ്നേഹം നിസ്വാര്‍ത്ഥതയും കാമം സ്വാര്‍ത്ഥതയുമാകുന്നത് അതിന്‍റെ മനോഭാവത്തിലുള്ള വ്യത്യാസം കൊണ്ടാണ്.   ഒരുവന്‍ തന്നെതന്നെ സ്നേഹിക്കുന്നത് സ്വാര്‍ത്ഥതയാണ്.

നമ്മുടെ ആത്മീയമണ്ഡലങ്ങളിലും ധനമോഹം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.  ഇന്ന് ആത്മീയമേഖലയിലുള്ള സകലരെയും ദൈവം തന്നെ തിരഞ്ഞെടുത്തതാണ്. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ദൈവത്തിന്റെ ലക്ഷ്യസാധ്യത്തിന് വേണ്ടി അവരെ അവിടുന്ന് അഭിഷേകവും ചെയ്തിട്ടുണ്ട്.

പക്ഷേ ധനമോഹം പിടിമുറുക്കിയപ്പോള്‍ പലരും ദൈവത്തെ മറന്നു തുടങ്ങി. ദൈവത്തിന് വേണ്ടി ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന പലതും ദൈവത്തിന് വേണ്ടിയല്ല എന്ന് തിരിച്ചറിവ് ഞെട്ടിക്കുന്നതാണ്. ക്രിസ്തുവിന്റെ കൂടെ നടന്ന യൂദാസ് ക്രിസ്തുവിന് വേണ്ടി ജീവിച്ചവനോ പ്രവര്‍ത്തിച്ചവനോ ആയിരുന്നോ അല്ല. അതുപോലെയാണ് നാമും.ഈശോയെ വിറ്റ് കാശുണ്ടാക്കാനുള്ള ശ്രമം പല ആത്മീയമേഖലയെ ഗ്രസിച്ചിരിക്കുന്ന ഒരു അര്‍ബുദമാണ്.

തിരികെ വരുവാന്‍ നമുക്കിനിയും സമയമുണ്ട്.. അക്കല്‍ദാമയിലേക്ക് നാണയത്തുട്ടുകള്‍ വലിച്ചെറിഞ്ഞ് കെട്ടിത്തൂങ്ങിചാകുകയല്ല നാം വേണ്ടത്. യൂദാസും പത്രോസും ഏറെക്കുറെ ഒരേ തെറ്റാണ് ചെയ്തത്.  ഒരാള്‍ ഒറ്റിക്കൊടുത്തു.വേറെയൊരാള്‍ തള്ളിപ്പറഞ്ഞു. സ്വന്തം കാര്യം മാത്രം ഇരുവരും നോക്കി.

പക്ഷേ തെറ്റിന് ശേഷം അവരുടെ മനോഭാവങ്ങളില്‍ മാറ്റം വന്നു. ഇന്നലെ വരെ യൂദാസിനെപോലെ പണക്കിഴിയുടെ തൂക്കത്തിന് വേണ്ടി ക്രിസ്തുവിന്റെ പേരില്‍’ ഞാന്‍ ജീവിച്ചുവെങ്കില്‍ ഇന്ന് പേരില്‍ ജീവിക്കാതെ ക്രിസ്തുവിന് വേണ്ടി മരിക്കാന്‍ തയ്യാറായ പത്രോസിനെ പോലെയാകാന്‍ നമുക്കാഗ്രഹിക്കാം.

യൂദാസില്‍ നിന്ന് പത്രോസിലേക്കുള്ള പരിണാമമാകട്ടെ ഈ തപസുകാലത്ത് നാം ലക്ഷ്യം വയ്‌ക്കേണ്ടത്.

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login