യൂറോപ്യന്‍ ദേശീയത അപകടകരം: ആസ്‌ട്രേലിയന്‍ കര്‍ദ്ദിനാള്‍

വിയന്ന: യൂറോപ്യന്‍ ദേശീയത അപകടകരമായ രീതിയിലേക്ക് വളര്‍ന്നിരിക്കുകയാണെന്ന് ആസ്‌ട്രേലിയന്‍ കര്‍ദ്ദിനാള്‍ ക്രിസ്റ്റഫ് ഷോണ്‍ബോണ്‍. മുന്‍പെങ്ങുമില്ലാത്ത വിധം ഭീതിയുളവാക്കുന്ന രീതിയിലേക്ക് അത് എത്തിച്ചേര്‍ന്നിരിക്കുകയാണ്‌. അപരനെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഈ മന:സ്ഥിതിയാണ് കുടിയേറ്റക്കാര്‍ക്കു നേരെ വാതില്‍ കൊട്ടിയടക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ അപ്പസ്‌തോലിക് കോണ്‍ഗ്രസ് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ ക്രിസ്റ്റഫ് ഷോണ്‍ബോണ്‍.

അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങളാണ് ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. ദേശീയതയുടെ പേരു പറഞ്ഞ് അവരെ അകറ്റി നിര്‍ത്തുകയല്ല വേണ്ടത്. രാജ്യാതിര്‍ത്തികള്‍ ഇവര്‍ക്കായി തുറന്നിടണം. ഇവരെ തടയാന്‍ ഇരുമ്പു ഭിത്തികള്‍ നിര്‍മ്മിക്കുകയല്ല ചെയ്യേണ്ടത്.

അഭയാര്‍ത്ഥികളുടേ നേരെ വാതില്‍ കൊട്ടിയടക്കുന്നത് ക്രൈസ്തവ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. കരുണയും വിവേകവും നമ്മില്‍ നിന്ന് ഇല്ലാതായിരിക്കുന്നു. അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login