യെമനില്‍ അന്നു സംഭവിച്ചതെന്ത്..? സിസ്റ്റര്‍ സാലിയുടെ ദൃക്‌സാക്ഷ്യം

യെമനില്‍ അന്നു സംഭവിച്ചതെന്ത്..? സിസ്റ്റര്‍ സാലിയുടെ ദൃക്‌സാക്ഷ്യം

രണ്ടാഴ്ച മുന്‍പാണ് ലോകത്തെയാകമാനം ഞെട്ടിച്ചുകൊണ്ട് യെമനിലെ മിഷനറീസ് ഓഫ് ചാരിറ്റി കന്യാസ്ത്രികള്‍ നടത്തുന്ന വൃദ്ധസദനം തീവ്രവാദികള്‍ ആക്രമിച്ചത്. 4 കന്യാസ്ത്രികളടക്കം 16 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ നിന്ന് മലയാളിയായ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സാലി അത്ഭുതകരമായാണ് രക്ഷപെട്ടത്. കാണാതായ തൊടുപുഴ സ്വദേശിയായ സലേഷ്യന്‍ വൈദികന്‍ ഫാദര്‍ ടോമിനെക്കുറിച്ച് ഇതുവരെയും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അന്നേദിവസം സംഭവിച്ച കാര്യങ്ങളുടെ വിവരണം സിസ്റ്റര്‍ സാലിയുടെ ദൃക്‌സാക്ഷി മൊഴിയില്‍ നിന്ന്:

രാവിലെ 8 മണി. വിശുദ്ധ കുര്‍ബാനക്കു ശേഷം പ്രഭാതഭക്ഷണത്തിനായി തയ്യാറെടുക്കുകയായിരുന്നു കന്യാസ്ത്രികള്‍. ഫാദര്‍ ടോം അപ്പോഴും മഠത്തിനുള്ളിലെ ചാപ്പലില്‍ പ്രാര്‍ത്ഥന തുടരുകയായിരുന്നു. 8.30 തോടു കൂടി നീലവസ്ത്രം ധരിച്ചെത്തിയ തീവ്രവാദികള്‍ സുരക്ഷാ ഉദ്യോഗസ്ഥനെയും ഡ്രൈവറെയും വധിച്ച ശേഷം മഠത്തിനുള്ളിലേക്ക് പ്രവേശിച്ചു. ഈ സമയം എത്യോപ്യക്കാരായ 5 ക്രൈസ്തവര്‍ ഐഎസ് ഭീകരര്‍ വൃദ്ധസദനത്തില്‍ പ്രവേശിച്ചിരിക്കുന്നു എന്നറിയിക്കാനായി ഓടിയടുത്തു. തീവ്രവാദികള്‍ അവരെ ബന്ധികളാക്കി മരത്തില്‍ കെട്ടിയിടുകയും തലക്കു വെടിവെച്ച് വധിക്കുകയും ചെയ്തു.

കന്യാസ്ത്രീകള്‍ പല ദിക്കുകളിലേക്ക് ഓടി. പാചകം ചെയ്തിരുന്ന സ്ത്രീകള്‍ സിസ്റ്റര്‍മാരെ കൊല്ലരുതേ, എന്ന് ഉറക്കെ നിലവിളിച്ച് അപേക്ഷിക്കുന്നുണ്ടായിരുന്നു. തീവ്രവാദികള്‍ അവരെയും വധിച്ചു. അതിനു ശേഷം സിസ്റ്റര്‍ ജൂഡിത്തിനെയും സിസ്റ്റര്‍ റെജിനെറ്റിനെയും ബന്ദികളാക്കി, തലയില്‍ വെടിവെച്ചു കൊന്നു. പിന്നീട് അടുത്ത മുറിയിലെത്തി സിസ്റ്റര്‍ ആന്‍സലത്തെയും സിസ്റ്റര്‍ മാര്‍ഗരറ്റിനെയും ബന്ദികളാക്കി അവരെയും വെടിവെച്ചുകൊന്നു.

ഈ സമയം സിസ്റ്റര്‍ സാലി ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഫാദര്‍ ടോമിന് വിവരം നല്‍കാനായി ഓടി. അപ്പോഴേക്കും തീവ്രവാദികള്‍ ചാപ്പലിനുള്ളില്‍ പ്രവേശിച്ചിരുന്നു. റെഫ്രിജറേറ്റര്‍ വെച്ചിരുന്ന മുറിയുടെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് സിസ്റ്റര്‍ അതിനുള്ളിലേക്ക് പ്രവേശിച്ചു. തീവ്രവാദികള്‍ പല തവണ മുറിയില്‍ കയറിയിറങ്ങിയെങ്കിലും വാതിലിനു പിന്നില്‍ മറഞ്ഞുനിന്നിരുന്ന സിസ്റ്റര്‍ സാലിയെ കണ്ടില്ല.

ഈ സമയം ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഫാദര്‍ ടോമിന് പുറത്തു സംഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങളെക്കുറിച്ച് ഏകദേശധാരണ കിട്ടിയിരിക്കണം. അദ്ദേഹം ഉടനെ തിരുവോസ്തി മുഴുന്‍ ഭക്ഷിച്ചു തീര്‍ത്തു. വലിയ തിരുവോസ്തി മാത്രം ഭക്ഷിക്കാന്‍ സാധിച്ചില്ല. അത് അദ്ദേഹം വെള്ളത്തില്‍ അലിയിച്ചു. അപ്പോഴേക്കും ചാപ്പലില്‍ പ്രവേശിച്ച തീവ്രവാദികള്‍ വിശുദ്ധവസ്തുക്കളെല്ലാം നശിപ്പിച്ച് ഫാദര്‍ ടോമിനെ കാറില്‍ കയറ്റി കൊണ്ടുപോയി. അയല്‍ക്കാരില്‍ ഒരാളാണ് ഫാദര്‍ ടോമിനെ തീവ്രവാദികള്‍ കാറില്‍ കയറ്റി ബന്ദിയാക്കി കൊണ്ടുപോകുന്നത് കണ്ടത്.

10 മണിയോടു കൂടി തീവ്രവാദികള്‍ സംഹാരതാണ്ഡവമവസാനിപ്പിച്ച് മടങ്ങി. 10.30 തോടുകൂടി കൊല്ലപ്പെട്ട പാചകക്കാരിയുടെ മകന്‍ പോലീസുമായി സ്ഥലത്തെത്തി. അപ്പോഴേക്കും സിസ്റ്റര്‍ സാലി മുറിയില്‍ നിന്നും പുറത്തെത്തി വൃദ്ധസദനത്തിലെ അന്തേവാസികള്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കി. പോലീസ് നിര്‍ബന്ധിച്ചപ്പോള്‍ മാത്രമാണ് ആശുപത്രിയിലേക്ക് മാറാന്‍ തയ്യാറായത്. തീവ്രവാദികള്‍ സിസ്റ്റര്‍ സാലിയെ തേടിവരാന്‍ സാദ്ധ്യതയുണ്ടെന്നാണ് പോലീസ് പറഞ്ഞത്. തങ്ങളെ വിട്ടുപോകരുതെന്ന് വൃദ്ധസദനത്തിലെ അന്തേവാസികള്‍ സിസ്റ്റര്‍ സാലിയോട് പറയുന്നുണ്ടായിരുന്നു.

രക്തസാക്ഷികളാകാന്‍ നാം എപ്പോഴും തയ്യാറായിരിക്കണണെന്ന് ഫാദര്‍ ടോം പറയാറുണ്ടായിരുന്നതായി സിസ്റ്റര്‍ സാലി ഓര്‍ക്കുന്നു. അന്ന് നടന്നതെന്തെന്ന് ലോകത്തെ അറിയിക്കാന്‍ ദൈവം ബാക്കി വെച്ചതാണ് സിസ്റ്റര്‍ സാലിയെ എന്ന് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസസഭാംഗമായ സിസ്റ്റര്‍ റിയോ  കാത്തലിക് ഹെറാള്‍ഡിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

You must be logged in to post a comment Login