യെസ് യുവര്‍ ഓണര്‍ ഞാന്‍ വിശക്കുന്നവര്‍ക്കൊപ്പമാണ്

യെസ് യുവര്‍ ഓണര്‍ ഞാന്‍ വിശക്കുന്നവര്‍ക്കൊപ്പമാണ്

കോഴിക്കോട് ജില്ലയിലെ പുല്ലൂരാമ്പാറാ ആദിവാസി കോളനി. വെച്ചുകെട്ടാത്ത പൊട്ടിയെലിക്കുന്ന മുറിവുകള്‍ ഉള്ള കുറച്ചുപേര്‍… ചുട്ടുപൊള്ളുന്ന പനി പിടിച്ച് ഒരു മൂലയില്‍ കിടക്കുന്ന മറ്റുചിലര്‍…. ഭക്ഷണം കണ്ടിട്ട് ആഴ്ചകളായ കുറേ കുഞ്ഞു വയറുകള്‍….കുളിച്ചിട്ട് മാസങ്ങളായ വേറെ ചിലര്‍… അവര്‍ക്കിടയിലേയ്ക്കായിരുന്നു അന്ന് വക്കീലായ ശ്രീജിത്ത്കുമാറിന്റെ വരവ്. ഒപ്പം വക്കീലിന്റെ ചില സ്‌നേഹിതരും. കോളനിയിലുള്ളവരെ ചേര്‍ത്ത് പിടിച്ച് ശ്രീജിത്ത് കുമാര്‍ ആദ്യം നല്‍കി ഓരോ ഏത്തപ്പഴം. പിന്നെ കുട്ടികളെയൊക്കെ കുളിപ്പിച്ച് വൃത്തിയാക്കി. ശേഷം എല്ലാവര്‍ക്കും വേണ്ടുവോളം ഭക്ഷണം. അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് വേണ്ടി മെഡിക്കല്‍ ക്യാമ്പും. നിറകണ്ണുകളും കൂപ്പുകൈകളുമായിരുന്നു അവിടംവിട്ടിറങ്ങിയപ്പോള്‍ പുല്ലൂരാമ്പാറക്കാര്‍ വക്കീലിനും കൂട്ടര്‍ക്കും നല്‍കിയത്.

കോഴിക്കോട്ടുകാര്‍ക്ക് അഡ്വ. ശ്രീജിത്ത് കുമാര്‍ ഇന്ന് പ്രീയങ്കരനാണ്. വാദിച്ച കേസുകള്‍ വിജയിക്കുന്നതുകൊണ്ടല്ല അനേകര്‍ക്ക് ജീവിതത്തില്‍ വെളിച്ചം പകരുന്നതുകൊണ്ട്.

കൊയിലാണ്ടിയിലെ അരങ്ങാടത്തായിരുന്നു ശ്രീജിത്ത് കുമാറിന്റെ ജനനം. ചെറുപ്പം മുതല്‍ക്കെ സ്വന്തംകാര്യത്തേക്കാള്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. പഠിച്ച് വലുതാകുമ്പോള്‍ ഒരുപാട് നന്മ ചെയ്യണം എന്ന് ബാല്യത്തിലേ തീരുമാനം എടുത്തു. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജിലായിരുന്നു പഠനം. രാഷ്ട്രീയം സാമൂഹ്യസേവനത്തിന് സഹായകരമാകുമെന്നായിരുന്നു അക്കാലത്തെ ചിന്ത. തുടര്‍ന്ന് കുറച്ചുകാലത്തേയ്ക്ക് രാഷ്ട്രീയപ്രവര്‍ത്തനം. തന്റെയുള്ളിലെ രാഷ്ട്രീയം മനസ്സിലെ നന്മ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന് തോന്നിത്തുടങ്ങിയപ്പോള്‍ രാഷ്ട്രീയത്തോട് വിടപറഞ്ഞു. ഒരു മൂടുപടവുമില്ലാതിറങ്ങി പാവങ്ങളുടെ ഇടയിലേയ്ക്ക് …

കോഴിക്കോട് ബീച്ചിനടുത്തുള്ള ഫ്‌ളാറ്റില്‍ താമസിക്കുന്ന സമയം. ഇടയ്ക്ക് കടല്‍കാഴ്ച ആസ്വദനം. ആ സമയത്താണ് ബീച്ചിലൂടെ അലയുന്ന കുട്ടികളെ ശ്രീജിത്ത് കുമാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ചിലര്‍ അന്യസംസ്ഥാനത്തുള്ളവര്‍ മറ്റ് ചില കുട്ടികള്‍ കേരളത്തിലേയും. ബീച്ചില്‍ കുട്ടികള്‍ക്കുനേരെയുള്ള പലതരത്തിലുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ ശ്രീജിത്ത് കുമാര്‍ കുട്ടികളെ സുരക്ഷിത ഇടങ്ങളില്‍ എത്തിച്ചു.സുരക്ഷിതമായി ബീച്ചില്‍ കച്ചവടം ചെയ്യാനുള്ള അവസരവുമൊരുക്കി. ബീച്ചിലൂടെ അലയുന്ന മക്കള്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്കും ഇടങ്ങള്‍ നല്‍കി. തെരുവിലലയുന്ന കുട്ടികളെ സ്വന്തം വീട്ടില്‍ കൊണ്ടുവന്ന് വയറുനിറയെ ഭക്ഷണം നല്‍കിയ ശേഷമാണ് ശ്രീജിത്ത് കുമാര്‍ അവരെ സുരക്ഷിത ഇടങ്ങളില്‍ എത്തിയ്ക്കുന്നത്.

വിശേഷദിവസങ്ങളില്‍ ശ്രീജിത്ത് വക്കീലിന്റെ ആഘോഷങ്ങളും ഏറെ വ്യത്യസ്തമാണ്. ഒണത്തിന് പത്ത് ദിവസം അനാഥാലയങ്ങളില്‍. അവര്‍ക്കൊപ്പം ഒന്നിച്ച് ഭക്ഷണം പാകം ചെയ്തും ഒന്നിച്ച് ഓണസദ്യ കഴിച്ചും ചിലവിടുന്നു. വട്ടച്ചിറ ആദിവാസി കോളനിയിലായിരുന്നു ഇത്തവണത്ത ന്യൂ ഇയര്‍. മദ്യത്തിനും ലഹരിക്കുമൊക്കെ അടിമപ്പെട്ടുതുടങ്ങിയ യുവാക്കളെ ഒന്നിച്ച് ചേര്‍ത്ത് അവര്‍ക്ക് ബോധവല്‍കരണ പരിപാടി തുടര്‍ന്ന് അവരുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹനവും അത് അവതരിപ്പിക്കാനുള്ള വേദിയും നല്‍കി. ലഹരി ഉപയോഗിക്കുന്ന യുവജനങ്ങളുടെ ശ്രദ്ധ തിരിച്ച് അവരെ അതില്‍നിന്ന് മോചിപ്പിക്കാനുള്ള ഒരു ശ്രമം.

കോഴിക്കോട് ജില്ലാക്കോടതിയില്‍ വക്കീലായി സേവനമനുഷ്ഠിക്കുന്ന ശ്രീജിത്ത് കുമാര്‍ ഭാഗീഗമായി മാത്രമാണ് വക്കീല്‍ ജോലിയില്‍ ഏര്‍പ്പെടുന്നത്. ഭൂരിഭാഗം സമയവും നന്മപ്രവൃത്തികള്‍ക്കായി മാറ്റി വയ്ക്കുന്നു. സുഹൃത്തുക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന സഹകരണങ്ങള്‍ വളരെ വലുതാണെന്നാണ് ശ്രീജിത്ത് കുമാര്‍ പറയുന്നത്. താന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ സേഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുമ്പോള്‍ ഒരുപാട് പേര്‍ അത്തരം പ്രവര്‍ത്തനങ്ങളോട് സഹകരിക്കുകയും പങ്കാളിയാവുകും ചെയ്തിട്ടുണ്ട്. കുതിരവട്ടം മെന്റല്‍ ഹോസ്പിറ്റലില്‍ തുടര്‍ച്ചയായി നല്‍കികൊണ്ടിരുന്ന ഗോതമ്പുകഞ്ഞിക്ക് മാറ്റം വരുത്താന്‍ സഹായിച്ചതും സുഹൃത്താണ് . സോഷ്യല്‍മീഡിയ കൂട്ടായ്മകള്‍ പലപ്പോഴും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഒപ്പം കൂടുന്നു. വിവിധ മേഖലകളിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുവാനും അവിടേയ്ക്ക് സഹായഹസ്തവുമായി ചെല്ലുവാനും ഇത് സഹായിക്കുന്നുണ്ടെന്നാണ് ശ്രീജിത്ത് കുമാറിന്റെ വാദം.

കോഴിക്കോട് സൈറ്റിംഗ് സിറ്റ് എന്ന പേരില്‍ ഒരു പ്രി റിക്രൂട്ട്‌മെന്റെ ട്രൈനിംഗ് സെന്ററും ശ്രീജിത്ത് കുമാര്‍ നടത്തുന്നുണ്ട്. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കുന്നത്. കരുണ എന്ന പുണ്യം നിറഞ്ഞ ആര്‍മിക്കാരെയും പോലീസ് ഉദ്ദ്യോഗസ്ഥരെയും വാര്‍ത്തെടുക്കുക എന്നതാണ് ട്രൈനിംഗ് സെന്ററിന്റെ ലക്ഷ്യം.

മലിനപ്പെട്ടു കിടക്കുന്ന ഇടങ്ങള്‍ വൃത്തിയാക്കുന്നതും വക്കീലിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്.

ജില്ലാകള്കടറുടെയും ജില്ലാ ജഡ്ജിയുടെയുമൊക്കെ സഹകരണങ്ങള്‍ അഡ്വ ശ്രീജിത്ത്കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്. മതവും രാഷ്ട്രീയവും നിറവും നോക്കാതെ സമൂഹത്തിലെ എല്ലാവരുടെയും മുഖത്ത് നന്മയുടെ പുഞ്ചിരി നിറയ്ക്കാനാണ് ശ്രീജിത്ത് വക്കീലിന്റെ ശ്രമം. ഏതവസ്ഥയിലുള്ള കുഞ്ഞുങ്ങളെയും കുളിപ്പിച്ച് വൃത്തിയാക്കി ചേര്‍ത്ത് പിടിച്ച് സ്വന്തം മക്കള്‍ക്കെന്ന പോലെ ഭക്ഷണം വാരികൊടുക്കുന്ന ഭാര്യ സുജിഷയും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ്. വയറും മനസ്സും നിറഞ്ഞ് അനേകര്‍ നല്‍കുന്ന പുഞ്ചിരിയാണ് അഡ്വ ശ്രീജിത്ത് കുമാറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.

ലെമി തോമസ്

You must be logged in to post a comment Login