യേശുവിന്റെ കഴുത

യേശുവിന്റെ കഴുത

jesus.donkey-750x400നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത് യേശുവിന്റെ കഴുതകള്‍ ആകാനാണ്. യേശു പിതാവാം ദൈവത്തിന്റെ കഴുതയായപ്പോള്‍ ആണ് കുരിശില്‍ ബലിയായി തീര്‍ന്നത്. അതുപോലെ തന്നെ യേശുവിന് നമ്മളെ ഓരോരുത്തരേയും ആവശ്യമുണ്ട്. വചനം പറയുന്നു. യേശു ശിഷ്യന്‍മാരോട് പറഞ്ഞു. ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിട്ടിരിക്കുന്നത് നിങ്ങള്‍ കാണും. അതിനെ അഴിച്ചുകൊണ്ടുവരുവിന്‍. നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍ കര്‍ത്താവിന് അതിനെക്കൊണ്ട് ആവശ്യമുണ്ട് എന്ന് പറയുവിന്‍. (മാര്‍ക്കോസ് 11:2-3) നമ്മള്‍ ആകുന്ന കഴുതയുടെ കെട്ടുകള്‍ അഴിക്കുവാന്‍ പലപ്പോഴും ദൈവം ശ്രമിക്കും. അത് സഹനങ്ങള്‍ വഴി, രോഗമാകാം, ജോലി നഷ്ടപ്പെടല്‍ ആകാം, സാമ്പത്തിക തകര്‍ച്ച ആകാം. പലപ്പോഴും നാം ഇതിനെ മനസിലാക്കാതെ പോകുന്നു.

 

നമ്മുടെ ജീവിതത്തിന്റെ ഓട്ടം കുതിരകളെപ്പോലെയാണ്. ജീവിതത്തിന്റെ സുഖം തേടിയുള്ള ഓട്ടം. അതിന്റെ കടിഞ്ഞാണ്‍ നമ്മള്‍ വലിച്ചു പിടിച്ചിരിക്കുകയാണ്. കുതിരയെ നിയന്ത്രിക്കുന്നത് ലോകമോഹങ്ങള്‍ ആകുന്ന സാത്താന്‍ ആണ്. പരിശുദ്ധാത്മാവിന് നാം ഒരിക്കലും അവസരം കൊടുക്കാറില്ല. ആരാണ് നമ്മിലെ സാത്താന്‍. ഇത് ലോകത്തോടുള്ള മോഹം. എത്ര സമ്പാദിച്ചാലും മതിവരാത്ത ആര്‍ത്തി. കണ്‍മുമ്പില്‍ കാണുന്നതെല്ലാം സ്വന്തമാക്കണം എന്ന സ്വാര്‍ത്ഥത. വചനം പറയുന്നു. അനുസരണക്കേടിന്റെ ഈ മക്കളോടൊപ്പം ഒരു കാലത്ത് നമ്മളും ശരീരത്തിന്റെയും മനസ്സിന്റെയും അഭിലാഷങ്ങള്‍ സാധിച്ചുകൊണ്ട് ജഢമോഹങ്ങളില്‍ ജീവിച്ചു. (എഫേസൂസ്2:3)
എന്നിലെ ഞാനിനെ മാറ്റിവച്ചിട്ട് ഞാന്‍ പറയുന്നത് ശരി, ഞാന് പറയുന്നത് നടക്കണം. ഞാന്‍ പറഞ്ഞിട്ടല്ലേ കാര്യങ്ങള്‍ നടക്കുന്നത് എന്നിങ്ങനെ ‘ഞാന്‍’ എന്ന ഭാവം ഉപേക്ഷിക്കാം. തിരുവചനം പഠിപ്പിക്കുന്നു. ദാനിയേലേ, ഭയപ്പെടേണ്ട ശരിയായി അറിയുന്നതിന്, നീ നിന്റെ ദൈവത്തിന്റെ മുന്‍പില്‍ നിന്നെത്തന്നെ എളിമപ്പെടുത്താന്‍ തുടങ്ങിയ ദിവസം മുതല്‍ നിന്റെ പ്രാര്‍ത്ഥന കേള്‍ക്കപ്പെട്ടിരിക്കുന്നു. (ദാനിയേല്‍ 10:12).

 
നമ്മെത്തന്നെ എളിമപ്പെടുത്താന്‍ നമ്മുടെ കണ്ണുകളെയും മനസ്സിനെയും ശരീരത്തെയും നമ്മെത്തന്നെയും പൂര്‍ണ്ണമായി ദൈവത്തിന് വിട്ടുകൊടുക്കാം. പ്രിയപ്പെട്ടവരെ! നാം ദൈവതിരുമുന്‍പില്‍ എളിമപ്പെടാന്‍ തുടങ്ങുമ്പോള്‍ എന്നിലെ കുതിര കഴുതയാകും. അപ്പോള്‍ ദൈവത്തിനു നമ്മെ അവിടുന്ന് ആഗ്രഹിക്കുന്നതു പോലെ ഉപയോഗിക്കാന്‍ സാധിക്കും. അപ്പോള്‍ നമ്മള്‍ യേശുവിന്റെ കഴുതകളാകും. യേശുവിന് നമ്മില്‍ക്കൂടി പ്രവര്‍ത്തിക്കാന്‍ സാധിക്കും. നമ്മള്‍ പോകുന്ന സ്ഥലങ്ങളിലെല്ലാം ഒരു കഴുതയാകുവാന്‍ ദൈവത്തിന് നമ്മെത്തന്നെ സമര്‍പ്പിക്കാം.

 

പ്രാര്‍ത്ഥന
കര്‍ത്താവായ യേശുവെ, അങ്ങേക്ക് കയറാന്‍ പറ്റുന്ന ഒരു കഴുതയായി എന്നെ രൂപാന്തരപ്പെടുത്തണമെ. അതുമൂലം അനേകര്‍ക്ക് വെളിച്ചം പകരാന്‍ എനിക്ക് സാധിക്കട്ടെ. പരിശുദ്ധാത്മാവാം ദൈവമെ എന്നെ സഹായിക്കണമെ. പരിശുദ്ധ അമ്മേ, എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെ.
ആമേന്‍

 

ജോബി വര്‍ഗീസ്‌.

You must be logged in to post a comment Login