യേശുവിന്റെ കുരിശ് ചുമന്ന ശിമയോന്‍ കറുത്ത വര്‍ഗക്കാരന്‍ ആയിരുന്നോ?

യേശുവിന്റെ കുരിശ് ചുമന്ന ശിമയോന്‍ കറുത്ത വര്‍ഗക്കാരന്‍ ആയിരുന്നോ?

പടയാളികളുടെ നിര്‍ബന്ധത്തിനു വഴങ്ങി യേശുവിന്റെ കുരിശ് ചുമക്കുന്ന ശിമയോനെ കുറിച്ച് സുവിശേഷങ്ങളില്‍ നിന്നു ലഭിക്കുന്ന ആകെയുള്ള വിവരം അയാള്‍ സൈറീന്‍കാരനായിരുന്നുവെന്നും അലക്‌സാണ്ടര്‍, റൂഫസ് എന്നീ രണ്ടു മക്കള്‍ അയാള്‍ക്കുണ്ടായിരുന്നുവെന്നുമാണ്.

ഇന്നത്തെ ലിബിയയിലായിരുന്നു പഴയ സൈറീന്‍. ഇവിടെ അനേകം യഹൂദവംശജരും പാര്‍ത്തിരുന്നതായി ചരിത്രരേഖകളുണ്ട്. യേശുവിന്റെ കുരിശുമരണ നേരത്ത് ഇത് റോമന്‍ ജില്ലയായ സൈറീനായ്ക്കയുടെ തലസ്ഥാനമായിരുന്നു. ഇക്കൂട്ടരില്‍ കുറേപ്പേര്‍ ജറുസലേമിലേക്ക് മടങ്ങി വന്ന് അവിടെ താമസമാക്കി. ശിമയോന്‍ അവരില്‍ പെട്ട ഒരാളായിരിക്കാനാണ് സാധ്യത.

സൈറീന്‍ ദേശം വടക്കന്‍ ആഫ്രിക്കയില്‍ പെട്ടതായിരുന്നതിനാല്‍ ശിമയോന്‍ കറുത്ത വര്‍ഗക്കാരനായിരുന്നുവെന്ന് ചില ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു. യഹൂദമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു നീഗ്രോ ആയിരുന്നു അയാള്‍ എന്ന വാദത്തെ അടിസ്ഥാനമാക്കിയാവാം, ഈ അനുമാനം. ജോര്‍ജ് സ്റ്റിവന്‍സിന്റെ ദ ഗ്രേറ്റസ്റ്റ് സ്‌റ്റോറി എവര്‍ ടോള്‍ഡ് എന്ന ചലച്ചിത്രത്തില്‍ ശിമയോനെ കറുത്ത വര്‍ഗക്കാരനായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ആ വേഷം ചെയ്തരിക്കുന്നതാകട്ടെ നീഗ്രോ വംശജനായ നടന്‍ സിഡ്‌നി പോയറ്റിയേഴ്‌സും.

ശിമയോനും കുടുംബവും പിന്നീട് യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്നവരായി മാറി എന്നതിന്റെ സൂചനകള്‍ ബൈബിളിലുണ്ട്. അപ്പസ്‌തോലന്മാരുടെ നടപടിയില്‍ സൈപ്രിസിലെയും സൈറീനിലെയും ജനങ്ങള്‍ സ്ഥാപിച്ച അന്ത്യോക്യ സഭയെ കുറിച്ച് പറയുന്നുണ്ട്. അലക്‌സാണ്ടറും റൂഫസും പിന്നീട് യേശുവിന്റെ അനുയായികളായി മാറി എന്നതിന്റെ സൂചനയാണ് മര്‍ക്കോസ് ശിമയോനെ പരിചയപ്പെടുത്തുന്നത് അലക്‌സാണ്ടന്റെയും റൂഫസിന്റെയും പിതാവ് എന്നാണെന്നത്. നിങ്ങളറിയുന്ന ആളുകളാണല്ലോ ഇവര്‍ എന്നര്‍ത്ഥത്തിലാണല്ലോ ആ പേരുകള്‍ മര്‍ക്കോസ് പറയുന്നത്. മാത്രല്ല, റോമക്കാര്‍ക്കെഴുതുമ്പോള്‍ പൗലോസ് റൂഫസിനെയും അമ്മയെയും അഭിവാദനം ചെയ്യുന്നുമുണ്ട്.

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login