യേശുവിന്റെ പരസ്യജീവിതകാലത്ത് യൗസേപ്പ് പിതാവ്‌ എവിടെയായിരുന്നു?

യേശുവിന്റെ പരസ്യജീവിതകാലത്ത് യൗസേപ്പ് പിതാവ്‌ എവിടെയായിരുന്നു?

images (1)യേശുവിന് പന്ത്രണ്ടു വയസ്സ് പ്രായമുള്ളപ്പോളാണ് അവസാനമായി ജോസഫിനെക്കുറിച്ച് ബൈബിളില്‍ പരാമര്‍ശിക്കുന്നത്. ജെറുസലേമില്‍ പോയി മടങ്ങി വരുന്ന യാത്രാ മദ്ധ്യേ യേശുവിനെ കാണാതായ വിവരം മാതാവും യൗസേപ്പിതാവും അറിയുന്നു. അവര്‍ പിന്നീട് അന്വേഷിച്ച് ജെറുസലേമില്‍ തിരിച്ചെത്തിയപ്പോള്‍ ദൈവശാസ്ത്രികളുടെ മദ്ധ്യത്തിലിരിക്കുന്ന യേശുവിനെയാണ് കാണാന്‍ സാധിച്ചത്. വ്യംഗ്യാത്മകമായി അവിടെ വച്ചാണ് തന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനാകുന്നതിനെക്കുറിച്ചുള്ള സൂചന യേശു നല്‍കുന്നത്. അതോടെ ജോസഫിനെക്കുറിച്ച് സുവിശേഷത്തില്‍ പറയുന്നതിന് അന്ത്യം സംഭവിക്കുകയാണ്.

ബൈബിളില്‍ പിന്നീട് ജോസഫിനെക്കുറിച്ചുള്ള പരാമര്‍ശം ഇല്ലാതെ വരുമ്പോള്‍, യേശുവിന്റെ പരസ്യജീവിത കാലഘട്ടത്തിന് മുന്‍പുതന്നെ ജോസഫിന്റെ മരണം സംഭവിച്ചിരുന്നു എന്ന് ചില പണ്ഡിതന്‍മാര്‍ പറയുന്നു. കാനായിലെ കല്യാണ വിരുന്നില്‍ ജോസഫിന്റെ സാന്നിധ്യത്തെക്കുറിച്ച് സുവിശേഷത്തില്‍ പറയുന്നില്ല. മാതാവിനെ മാത്രമേ നാം അവിടെ കാണുന്നുള്ളു. കുടുംബത്തെ പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്വം ഉള്ളതിനാലാവാം ചിലപ്പോള്‍ തന്റെ 30ാം വയസ്സു വരെ യേശു വീട്ടില്‍ തങ്ങിയത്.

യേശുവിന്റെ പരസ്യജീവിത ആരംഭത്തിന് മുന്‍പ് ജോസഫ് മരിച്ചിരുന്നു എന്ന വാദത്തിന് ശക്തി പകരുന്നതാണ് കാല്‍വരി മലയിലെ രംഗം. യേശു കുരിശില്‍ കിടന്നുകൊണ്ട് മാതാവിന്റെ സംരക്ഷണം യോഹന്നാനെ ഏല്‍പ്പിക്കുന്നുണ്ട്. അന്ന് ജോസഫ് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ യേശു ഒരിക്കലും മാതാവിനെ യോഹന്നാന്റെ കരങ്ങളില്‍ ഏല്‍പ്പിക്കുമായിരുന്നില്ല. ഒരു വിധവയെ മാത്രമേ കുംടുംബത്തിനു പുറത്തുള്ള ഒരാളെ സംരക്ഷണത്തിനായ് ഏല്‍പ്പിക്കുകയുള്ളു. യേശുവിന്റെ മൂന്നു വര്‍ഷകാലത്തെ ജീവിതത്തിനിടയിലായിരുന്നു യേശുവിന്റെ മരണമെങ്കില്‍, അത് വലിയ സംഭവമായേനെ. യേശു തന്റെ ശിഷ്യന്‍മാരോടൊപ്പം മൃതദേഹം അടക്കുന്നതിനായി പോയേനെ. അത് ശിഷ്യന്‍മാരില്‍ ആരെങ്കിലും സുവിശേഷഭാഗത്ത് വിവരിച്ചേനെ. ബൈബിളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് ജോസഫിന്റെ മരണം യേശുവിന്റെ ഭൂമിയിലെ സേവനം ആരംഭിക്കുന്നതിന് മുന്‍പ് കഴിഞ്ഞിരിക്കണം.

You must be logged in to post a comment Login