മനുഷ്യനെ ചൂഷണം ചെയ്തുണ്ടാക്കുന്നവരുടെ സംഭാവനകള്‍ സഭയ്ക്ക് വേണ്ട: ഫ്രാന്‍സിസ് പാപ്പ

മനുഷ്യനെ ചൂഷണം ചെയ്തുണ്ടാക്കുന്നവരുടെ സംഭാവനകള്‍ സഭയ്ക്ക് വേണ്ട: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: ആളുകളെ ചൂഷണം ചെയ്തുണ്ടാക്കുന്ന രക്തത്തിന്റെ വില സഭക്ക് ആവശ്യമില്ലെന്ന് ഫ്രാന്‍സിസ് പാപ്പ. ചിലയാളുകള്‍ സഭക്ക് പലതും വാഗ്ദാനം ചെയ്യും, ഇവരുടെ വാഗ്ദാനങ്ങള്‍ ചിലപ്പോള്‍ പലരെയും ചൂഷണം ചെയ്തിട്ടായിരിക്കും, അടിമപ്പെടുത്തിട്ടായിരിക്കും. അന്യായമായി സമ്പാദിക്കുന്ന ഇത്തരം സമ്പത്ത് സഭക്ക് ആവശ്യമില്ല.

വിശ്വാസികളുടെ ഹൃദയം ദൈവത്തിന്റെ കരുണയെ സ്വീകരിക്കാനായി ഒരുങ്ങണമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ഇന്നലെ പൊതുസമ്മേളനത്തിനായി സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒരുമിച്ചു കൂടിയ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ കരുണയെക്കുറിച്ചും പിതൃതുല്യമായ സ്‌നേഹത്തെക്കുറിച്ചുമാണ് ഫ്രാന്‍സിസ് പാപ്പ കൂടുതലായും സംസാരിച്ചത്.

ദൈവത്തിന്റെ മക്കള്‍ തെറ്റു ചെയ്യുമ്പോള്‍ സ്‌നേഹത്തോടെ ദൈവം അവരെ അരികിലേക്കു വിളിക്കുന്നു. അവരെ ഒരിക്കലും അവിടുന്ന് ഉപേക്ഷിക്കുകയില്ല. പുരുഷനായാലും സ്ത്രീയായാലും അവിടുത്തെ മക്കളുടെ തെറ്റുകള്‍ അവിടുന്ന് ക്ഷമിക്കുന്നു. ഇത്തരത്തിലൊരു പിതാവ് നമുക്കുള്ളതാണ് നമ്മെ പ്രത്യാശാഭരിതരാക്കുന്നത്.

ഒരു മനുഷ്യന്‍ രോഗിയായാല്‍ അവന്‍ ഡോക്ടറെ കാണാന്‍ പോകും. അതു പോലെ ഒരുവന്‍ തെറ്റുചെയ്താല്‍ അവന്‍ ഉടന്‍ സമീപിക്കേണ്ടത് ദൈവത്തെയാണ്. ശരിയായ ഡോക്ടറെ അല്ല രോഗി സമീപിക്കുന്നതെങ്കില്‍ അവന്റെ രോഗം സുഖപ്പെടുകയില്ല. അതുപോലെ തെറ്റു ചെയ്ത വ്യക്തി ദൈവത്തിങ്കലേക്കല്ല തിരിയുന്നതെങ്കില്‍ അവന് ആന്തരിക സൗഖ്യം ലഭിക്കുകയില്ല.

You must be logged in to post a comment Login