രക്തസാക്ഷിത്വത്തിന്റെ മഹിമയില്‍ ലാവോസിലെ സഭ അലങ്കരിക്കപ്പെടുന്നു

രക്തസാക്ഷിത്വത്തിന്റെ മഹിമയില്‍ ലാവോസിലെ സഭ അലങ്കരിക്കപ്പെടുന്നു

marioലാവോസിലെ സഭയുടെ സ്വപ്‌നം സത്യമാകാന്‍ പോകുന്നു. അവരുടെ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. മിഷനറിയായ മാരിയോ ബോര്‍സാഗയുടെയും ആദ്യ ലോക്കല്‍ കാറ്റക്കിസ്റ്റായ പൗലോ ഓജ് യോജിന്റെയും രക്തസാക്ഷിത്വത്തെ പരിശുദ്ധ സിംഹാസനം അംഗീകരിച്ചതിന് പിന്നാലെ ലാവോഷ്യനിലെ ആദ്യ വൈദികരക്തസാക്ഷിയായ ജോസഫ് താവോ ടിയാന്റെയും പതിനാല് അനുയായികളുടെയും രക്തസാക്ഷിത്വത്തിന് കൂടി അംഗീകാരമുദ്ര ലഭിച്ചതാണ് ഈ സ്വപ്‌നസാക്ഷാത്ക്കാരത്തിന് കാരണമായിത്തീര്‍ന്നിരിക്കുന്നത്.

 

 

ഇതില്‍ പത്തുപേരും സൊസൈറ്റി ഓഫ് ഫോറിന്‍ മിഷന്‍സ് ഓഫ് പാരീസ്, മിഷനറി ഒബ്ലേറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്നീ സഭകളിലെ അംഗങ്ങളാണ്. നാലുപേര്‍ തദ്ദേശീയരായ അല്മായ വേദോപദേശികളാണ്. ഈ പുതിയ പതിനഞ്ച് രക്തസാക്ഷികളും 1954 നും 1970 നും ഇടയിലുള്ള കമ്മ്യൂണിസ്റ്റ് ഗറില്ല യുദ്ധത്തില്‍ മരിച്ചവരാണ്. മരിയോ ബോര്‍സാഗയും പൗലോ ഓജും 1960 ല്‍ കൊല്ലപ്പെട്ടവരാണ്. നാമകരണനടപടികള്‍ വിജയകരമായി പൂര്‍ത്തിയായതായി പോസ്റ്റുലേറ്റര്‍ റോളണ്ട് ജ്വാകീസ് ഓഎംഐ അറിയിച്ചു. സംയുക്തമായി നാമകരണനടപടികള്‍ നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഷപ് മാരി ലിങ് അറിയിച്ചു. ബോര്‍സാഗയുടെയും പൗലോയുടെയും വീരചരമവും തിരുസഭ അംഗീകരിച്ചതിനെ തുടര്‍ന്ന് പതിനേഴ് രക്തസാക്ഷികളെയും ഒരുമിച്ച് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നത് ലാവോസിലെ ക്രൈസ്തവസമൂഹത്തിന് വലിയൊരു സാക്ഷ്യമായിരിക്കുമെന്ന് ബിഷപ് ലിങ് അറിയിച്ചു.

 

 

നിലത്തുവീണ് അഴുകിത്തീര്‍ന്ന ഗോതമ്പുമണിപോലെ അനേകര്‍ക്കായി ഫലം ചൂടിയ ജീവിതമായിരുന്നു ഈ രക്തസാക്ഷികളുടേതെന്നും അദ്ദേഹം നിരീക്ഷിച്ചു. 1953 ല്‍ കമ്മ്യൂണിസ്റ്റ് പട്ടാളക്കാര്‍ സാം നുവാ പ്രദേശം കീഴടക്കിയപ്പോള്‍ അനേകം മിഷനറിമാര്‍ സുരക്ഷ ലക്ഷ്യമാക്കി അവിടം വിട്ടുപോയിരുന്നു. എന്നാല്‍ ജോസഫ് താവോ എന്ന യുവ ലാവോഷ്യന്‍ െൈവദികന്‍ വ്യത്യസ്തനായിരുന്നു. ഞാന്‍ എന്റെ ജനങ്ങളോടൊപ്പം ഇവിടെ താമസിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഞാന്‍ എന്റെ ജീവിതം ഇവിടെയുള്ള സഹോദരീസഹോദരന്മാര്‍ക്കുവേണ്ടി ഹോമിക്കുവാന്‍ എന്നേ സന്നദ്ധനായതാണ് എന്നും അദ്ദേഹം പറഞ്ഞു.

 

 

എതിരാളികള്‍ അദ്ദേഹത്തെ പിടികൂടുകയും മരണത്തിന് വിധിക്കുകയും ചെയ്തു. പൗരോഹിത്യത്തെ തള്ളിപ്പറഞ്ഞാല്‍ ജീവന്‍ രക്ഷിക്കാം എന്ന മോഹനവാഗ്ദാനവും അവര്‍ അച്ചന് നല്കിയിരുന്നു. പക്ഷേ അച്ചന്‍ ആ വാഗ്ദാനത്തെ ഉച്ഛിഷ്ടം പോലെ വലിച്ചെറിഞ്ഞു. ഇതുപോലെ രക്തസാക്ഷിത്വം വരിച്ചവരായിരുന്നു മറ്റുള്ളവരും. സ്തുതിക്കപ്പെടേണ്ട മിഷനറി ജീവിതങ്ങളായിരുന്നു അവരോരുത്തരുടേതും. ഏതുതരത്തിലുളള ത്യാഗത്തിനും സന്നദധമായിരുന്നു അവര്‍. പരിപൂര്‍ണ്ണമായ ദാരിദ്ര്യത്തിലായിരുന്നു അവര്‍ ജീവിച്ചിരുന്നത്. ജീവിതത്തെ പൂര്‍ണ്ണമായും ക്രിസ്തുവിനായി വിട്ടുകൊടുക്കാന്‍ അവര്‍സന്നദ്ധരായിരുന്നു. ഗ്രാമങ്ങള്‍ തോറും ക്രിസ്തുവിനെ പ്രഘോഷിച്ചും രോഗികളെ ശുശ്രൂഷിച്ചും അവര്‍ നടന്നുനീങ്ങിയിരുന്നു. ത്യാഗോജ്ജ്വലവും ക്രൈസ്തസ്‌നേഹപ്രേരിതവുമായ ആ ജീവിതങ്ങളാണ് ഇനി അള്‍ത്താരയില്‍ വണക്കത്തിനായി ഉയര്‍ത്തപ്പെടുന്നത്..

 

 

ഷീജ.

You must be logged in to post a comment Login