രണ്ടുപേര്‍ക്കിടയിലൊരു കുരിശു വേണം

യുദ്ധങ്ങളല്ല കുരിശുകളാണ് മനുഷ്യന് സമാധാനം നല്കിയിട്ടുള്ളത്. പക്ഷേ നാം കരുതുന്നു യുദ്ധം വഴി സമാധാനം നേടാമെന്ന്.. യുദ്ധങ്ങള്‍ വമിക്കുന്നത് വിഷമാണ്.. കുരിശാകട്ടെ ഔഷധവും.
കാരണം കുരിശില്‍ സ്‌നേഹത്തിന്റെ അടയാളങ്ങളുണ്ട്.. സമാധാനത്തിന്റെ അധരമുദ്രകളുണ്ട്.. ത്യാഗത്തിന്റെ സമര്‍പ്പണമുണ്ട്.. ശാന്തതയുടെ ഒലിവിലകളുണ്ട്.. അല്ലെങ്കില്‍ നോക്കൂ.. ലോകത്തോളം ഉയര്‍ന്നുനില്ക്കുന്ന ആ കുരിശിലേക്ക്..
ഒരാള്‍ക്ക് ജീവിതത്തിന്റെ തകര്‍ച്ചകളിലും തിരസ്‌ക്കരണങ്ങളിലും അപമാനങ്ങളിലും ഒറ്റപ്പെടുത്തലുകളിലും എല്ലാം പൊട്ടിത്തെറിക്കാമായിരുന്ന ഏറ്റവും ഭയാനകമായ ഒരു നിമിഷത്തില്‍ ക്രിസ്തുവിന്റെ പ്രതികരണം എന്തായിരുന്നുവെന്ന്.. ഒരു കവിളത്തടിക്കുന്നവന് മറുകരണം കൂടി കാണിച്ചുകൊടുക്കാനും മേല്‍മീശ പിഴുതെറിയുന്നവന് താടി രോമം കൂടി വലിച്ചുപറിക്കാനും അനുവാദം നല്കണമെന്ന് പ്രബോധിപ്പിച്ചവന്‍ അപ്പോഴും മനസ്സിന്റെ ശാന്തത ഭഞ്ജിക്കുന്നതിന് അവസരം നല്കുന്നില്ല..
എല്ലാം ഹൃദയപൂര്‍വ്വം ക്ഷമിക്കാന്‍ മാത്രമല്ല ഒന്നിനെയും അത്രമേല്‍ ഗൗരവത്തോടെ എടുക്കാതിരിക്കാനും കൂടി അവന് കഴിഞ്ഞു. പാവം പൊടിപ്പിള്ളേര്‍..അവര്‍ ചെയ്യുന്നത് എന്തെന്ന് അവര്‍ പോലും അറിയുന്നില്ല!
അതെ അതാണ് കാര്യം.. ജീവിതത്തില്‍ ഇപ്പോള്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ചില നിഷേധാത്മകഅനുഭവങ്ങള്‍ അങ്ങനെ തന്നെ വഹിക്കുവാന്‍ നാം തെറ്റു ചെയ്തവരാകണമെന്നില്ല. അറിയാതെയും വിചാരിക്കാതെയും പോലും ചില കുറ്റാരോപണങ്ങളും അപമാനങ്ങളും വേദനിപ്പിക്കലുകളും തിരസ്‌ക്കരണങ്ങളും മുറിപ്പെടുത്തലുകളും ഒക്കെ നമുക്ക് നേരെ വന്നുവെന്ന് വരാം. സ്വഭാവികമായും നാം ആദ്യം ചെയ്യുന്നത് അതിനെ ന്യായീകരിക്കുവാനും വിസ്തരിക്കാനും കുതറിയോടാനും പഴിചാരാനും ഒക്കെയാണ്.തികച്ചും സ്വഭാവികമായ മനുഷ്യചേദനകള്‍ തന്നെയാണത്. അതുകൊണ്ടുതന്നെ അതിനെ തെറ്റാണെന്ന് പറയാനും പൂര്‍ണ്ണമായും കഴിയില്ല. പക്ഷേ രണ്ടാമത്തെ പടിയില്‍ മനസ്സിനെ ശാന്തമാക്കിയും വിചാരങ്ങളെ ക്രമപ്പെടുത്തിയും കഴിയുമ്പോള്‍ നാം പ്രതികരിച്ച രീതിയോ ഇടപെട്ടതോ തീരെ ശരിയായിരുന്നില്ല എന്ന് മനസ്സിലാകും..കുറച്ചുകൂടി നിശ്ശബ്ദതയും കുറച്ചുകൂടി ആത്മസംയമനവും കുറച്ചുകൂടി വിവേകവും പുലര്‍ത്താമായിരുന്നുവെന്ന്.. ഇവിടെയാണ് കുരിശ് നമുക്ക് വെളിച്ചമായി മാറുന്നത്..
കുരിശിനെക്കുറിച്ചുള്ള വിചാരം നമ്മുടെ വിവേകത്തിന് മാറ്റ് കൂട്ടും. നമ്മുടെ ജ്ഞാനത്തെ പ്രകാശിപ്പിക്കും. അറുപത് വര്‍ഷം നീണ്ട ദാമ്പത്യബന്ധത്തിന്റെ വെളിച്ചത്തില്‍ ഒരമ്മ മക്കളോട് പറഞ്ഞത് ഇതാണ്.. മക്കളേ കുരിശിനെ നോക്കി ക്ഷമിക്കാന്‍ പഠിക്കണം. എങ്കിലേ കുടുംബജീവിതം മുന്നോട്ടുപോകു..
കുടുംബജീവിതം എങ്ങനെയും നമുക്ക് നയി്ക്കാം. പക്ഷേ അതൊന്നും ദൈവികമായ രീതിയില്‍ ആവണമെന്നില്ല. ദൈവികമായ രീതിയില്‍ കുടുംബജീവിതം മുന്നോട്ടു പോകണമെങ്കില്‍ ദമ്പതികളിലൊരാളെങ്കിലും കുരിശിനെ നോക്കിധ്യാനിക്കാന്‍ പഠി്ക്കണം. ഈ ധ്യാനം ഇല്ലാത്തതാണ് കുടുംബജീവിതത്തില്‍ മാത്രമല്ല സമൂഹജീവിതത്തിലും പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിന് കാരണം.
നിത്യജീവിതത്തില്‍ കുരിശ് എന്ന പ്രയോഗം നാം പലപ്പോഴും നടത്തുന്നത് നിഷേധാത്മകമായിട്ടാണ് എന്നതാണ് വൈരുദ്ധ്യം. മദ്യപാനിയായ ഭര്‍ത്താവ് ഭാര്യക്ക് കുരിശാകുന്നു..അനുസരണയില്ലാത്ത മക്കള്‍ മാതാപിതാക്കള്‍ക്ക് കുരിശാകുന്നു. എപ്പോഴും പൊട്ടിത്തെറിക്കുന്ന ഭാര്യ ഭര്‍ത്താവിന് കുരിശാകുന്നു.. വലിയ ജോലിഭാരങ്ങളും സമ്മര്‍ദ്ദങ്ങളും നല്കുന്ന മേലധികാരി കീഴുദ്യോഗസ്ഥന് കുരിശാകുന്നു..
തെറ്റാണത്. ഒരിക്കലും സഹിക്കാന്‍ കഴിയാത്ത ഭാരത്തിന്റെ പേരല്ല കുരിശ്..ഒരിക്കലും വലിയൊരു അപമാനത്തിന്റെ പേരുമല്ല കുരിശ്..ഒരുവനെ നിര്‍മ്മമനും പുണ്യവാനും ആക്കുന്ന ദൈവികവഴിയുടെ പേരാണ് കുരിശ്.. അത് നമ്മുടെ ജീവിതങ്ങളെ കൊടുങ്കാറ്റിന് ശേഷമുള്ള ശാന്തതയിലേക്ക് നയിക്കുന്നു. പ്രക്ഷുബ്ധമായ കടല്‍യാത്രകള്‍ക്ക് ശേഷമുള്ള തീരമണയലാകുന്നു അത്.
കുരിശിനെ നോക്കി ജീവിക്കുന്നവരുടെയെല്ലാം ജീവിതങ്ങള്‍ക്ക് കുരിശോളം വെളിച്ചമുണ്ട്.. നിത്യജീവിതത്തിലെ ഒരു സഹനത്തെയും പ്രകാശിപ്പിക്കാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ നാമിനിയും കുരിശിന്റെ അര്‍ത്ഥം ഗ്രഹിച്ചിട്ടില്ല. നമുക്ക് ഇടയില്‍ ഇനിയുണ്ടാവേണ്ടത് കുരിശുകളാണ്.. കുരിശുകളെക്കുറിച്ചുള്ള ധ്യാനമാണ്.. കുരിശിനെ മാറ്റിനിര്‍ത്തി ക്രിസ്തീയതയില്ല.. സഹനമോ പീഡനമോ അല്ല കുരിശ്.. കുരിശ് ശാന്തതയാണ്.. എന്തും ചെയ്‌തോളു..എന്തും പറഞ്ഞോളൂ..ഞാന്‍ തളരില്ല എന്ന ജീവിതപാഠമാണ് കുരിശ് നല്കുന്നത്.. ദൈവത്തോട് ചേര്‍ന്നുനിര്‍ന്ന് കുരിശിനെ ധ്യാനിക്കുക.. കുരിശ് അപ്പോള്‍ സഹസ്രദളങ്ങള്‍ വിടരുന്ന പൂവായ് മാറും..

You must be logged in to post a comment Login