രണ്ട് നാള്‍ മാത്രം നീണ്ട കത്തോലിക്കാ ജീവിതം, ഒടുവില്‍….

രണ്ട് നാള്‍ മാത്രം നീണ്ട കത്തോലിക്കാ ജീവിതം, ഒടുവില്‍….

ഹോളിവുഡില്‍ അഞ്ചു പതിറ്റാണ്ട്കാലം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ജോണ്‍ വെയ്‌ന്റേത്. അഭിനയം, സംവിധാനം, നിര്‍മ്മാണം.. ഇങ്ങനെ ജോണ്‍ കൈവച്ച മേഖലകള്‍ പലതായിരുന്നു.

പ്രിസ്ബിറ്റേറിയന്‍ കുടുംബത്തിലായിരുന്നു ജനനം. ബൈബിളിലും ദൈവത്തിലും വിശ്വാസം വളര്‍ത്തിക്കൊണ്ടുവന്ന ജീവിതപരിസരമായിരുന്നു അദ്ദേഹത്തിന്റേത്. കോളജ് ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നപ്പോള്‍ ഉണ്ടായ ഒരു പരിക്കാണ്  അദ്ദേഹത്തെ അഭിനയരംഗത്തേക്ക് തിരിച്ചുവിട്ടത്.

പത്തുവര്‍ഷത്തിനുള്ളില്‍ അഭിനയമേഖലയില്‍ ശക്തമായ സാന്നിധ്യമായി ജോണ്‍ വെയ്ന്‍ ഉദിച്ചുവന്നു. ജോണിന്റെ ഭാര്യ കത്തോലിക്കയായിരുന്നു ജോസഫൈന്‍ ആലീഷ്യ. അവര്‍ക്ക് നാലുമക്കളും ഉണ്ടായി. കത്തോലിക്കാവിശ്വാസത്തില്‍ മക്കളെ വളര്‍ത്താം എന്നായിരുന്നു ജോണ്‍ നല്കിയ വാക്ക്.

കത്തോലിക്കാ സ്‌കൂളിലാണ് മക്കളെ അവര്‍ ചേര്‍ത്തത്. നിരവധി കത്തോലിക്കാ വ്യക്തിത്വങ്ങളുമായി ഇടപെടുവാനും ജോണ്‍ വെയ് ന് സാധിച്ചു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. ജോസഫൈന്‍ വിവാഹം കഴിക്കാതെ ജീവിച്ചു.

ജോണാവട്ടെ രണ്ടിലധികം തവണ വിവാഹം കഴിക്കുകയും വിവാഹേതര ബന്ധങ്ങള്‍ പുലര്‍ത്തുകയും ചെയ്തുകൊണ്ടിരുന്നു. അതില്‍ മൂന്നാമത്തെ ഭാര്യയുമായുള്ള ബന്ധം മാത്രം 25 വര്‍ഷം നീണ്ടുനിന്നു.  ഇക്കാലയളവിലെല്ലാം ഭര്‍ത്താവ് കത്തോലിക്കാവിശ്വാസിയായിത്തീരാനുള്ള പ്രാര്‍ത്ഥനകളിലായിരുന്നു ആദ്യ ഭാര്യ ജോസഫൈന്‍.

ആ പ്രാര്‍ത്ഥനകളുടെ ഉത്തരമെന്നോണം ആവാം വെയ്ന്‍ പതുക്കെ  പതുക്കെ ദൈവത്തോട് അടുക്കാനാരംഭിച്ചു. ദൈവത്തോടുള്ള ജെയ്‌ന്റെ പ്രാര്‍ത്ഥനകളുടെ രീതി വ്യത്യസ്തമായിരുന്നു. ദൈവത്തിന് കത്തുകളെഴുതുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനകള്‍. ആത്മീയമനുഷ്യനായി പിന്നീട് ജോണ്‍ രൂപാന്തരപ്പെടുന്നതിന് പിന്നിലെ ഒരു സാന്നിധ്യം ലോസ്ആഞ്ചല്‍സ് ആര്‍ച്ച് ബിഷപ് ടോമാസ് ക്ലാവെലായിരുന്നു.

പരസ്പരം ആഴത്തിലുള്ള സുഹൃദ്ബന്ധമായിരുന്നു അവര്‍ തമ്മിലുണ്ടായിരുന്നത്. കത്തോലിക്കാവിശ്വാസത്തിലേക്ക് കടന്നുവരാനുള്ള ജോണിന്റെ തോന്നലിന് ശക്തമായ പ്രേരണയായതും ആര്‍ച്ച് ബിഷപ്പായിരുന്നു.

1979 ലായിരുന്നു ജോണ്‍ വെയ്‌ന് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്. ആ ദിനങ്ങളില്‍ ജോണ്‍ ശക്തമായ തീരുമാനമെടുത്തു. കത്തോലിക്കനാകുക.

ക്ലാവെലിനെ ആഗ്രഹം അറിയിച്ചുവെങ്കിലും രോഗം കാരണം അദ്ദേഹത്തിന് വരാന്‍ സാധിച്ചില്ല. പകരം മറ്റൊരു ആര്‍ച്ച് ബിഷപ്പാണ് ജോണ്‍ വെയ്‌ന്റെ മാമ്മോദീസാ നടത്തിയത്. പരമമായ ശാന്തതയില്‍ തന്റെ മനസ്സ് ലയിക്കുന്നത് അപ്പോള്‍ ജോണ്‍ വെയ്ന്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം ജീവിതത്തിന്റെ അരങ്ങില്‍ നിന്ന് മറഞ്ഞു.

എങ്കിലും സന്തോഷത്തോടും സംതൃപ്തിയോടും കൂടിയാണ് അദ്ദേഹം കടന്നുപോയതെന്ന് ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. ജോണ്‍ വെയ്‌ന്‌റെ കൊച്ചുമകന്‍ ഇന്ന് കത്തോലിക്കാ വൈദികനാണ്.

 

ബിജു

You must be logged in to post a comment Login