രണ്ട് ഹാര്‍ട്ട് അറ്റാക്കുകള്‍; പിന്നെ സുവിശേഷവുമായി അഞ്ച് ഭൂഖണ്ഡങ്ങളില്‍!

വര്‍ഷം 1976. കേരളത്തിലെ വിന്‍സെന്‍ഷ്യന്‍ സഭയിലെ ആദ്യമലയാളി അംഗങ്ങളിലൊരാളായ ഫാ. ജോസഫ് കുറുപ്പംപറമ്പില്‍ എറണാകുളത്തുള്ള വിന്‍സെന്‍ഷ്യന്‍ ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ തലചുറ്റിവീണു. മൂന്നു ദിവസത്തേക്ക് ഉണരാത്ത ഒരു വീഴ്ചയായിരുന്നു, അത്. പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായെത്തിവര്‍ അച്ചനെ എറണാകുളത്തുള്ള ലിസി ആശുപത്രിയിലക്ക് എടുത്തു കൊണ്ടു പോയി.

മൂന്നു ദിവസം ബോധമില്ലാതെ കാര്‍ഡിയാക് ഐസിയുവില്‍. ഭഗീരഥപ്രയത്‌നത്തിനൊടുവില്‍ ബോധം മടങ്ങി വന്നപ്പോള്‍ അടുത്ത് അക്കാലത്തെ ഏറ്റവും പ്രശസ്തനായ ഹൃദ്രോഗവിദഗ്ദരിലൊരാളായ ഡോ. ജോസഫ് കുര്യന്‍.

‘അച്ചന് രണ്ടു ഹാര്‍ട്ടറ്റാക്കുകളുണ്ടായി. ഇനി ഒന്നു കൂടി ഉണ്ടാകാതെ സൂക്ഷിക്കണം. അത് അച്ചന്റെ മരണമായിരിക്കും!’

ജോസഫച്ചന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി. ജീവിതം ഇവിടെ അവസാനിച്ചിരിക്കുന്നു. 48 ാം വയസ്സില്‍ ജീവിതം അസ്തമയത്തിലെത്തിയിരിക്കുന്നു!

1928 ഫെബ്രുവരിയില്‍ വൈക്കം തോട്ടകത്ത് ആരംഭിച്ച ജീവിതം. പത്താം ക്ലാസ് പാസായപ്പോള്‍ ഇടവക വൈദികനെ കാണാന്‍ പോയ വഴി കിട്ടി, ഒരു ദൈവവിളി. വിന്‍സെന്‍ഷ്യന്‍ സഭാ വൈദികനായ ഫാ. മണ്ണാറ അച്ചനിലൂടെ ദൈവം വിളിച്ചു. വീട്ടുകാരോടു പോലും പറയാതെ സമ്മതം മൂളി. അനുജനെ പോലീസ് ഇന്‍സ്‌പെക്ടറാക്കാന്‍ ആഗ്രഹിച്ച ജേഷ്ഠന്മാരെ നിരാശപ്പെടുത്തി വിന്‍സെന്‍ഷ്യന്‍ സഭയില്‍ അത്യാവേശത്തോടെ പുരോഹിത ജീവിതം. പഠിച്ചു നേടിയ മാസ്റ്റര്‍ ബിരുദം. സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല. എല്ലാം ഇവിടെ അവസാനിക്കുകയാണ്….

അങ്ങനെ ഓരോന്നാലോചിച്ച് ആശുപത്രിയില്‍ ഇപ്പോള്‍ പൊട്ടിപ്പോകുമെന്ന മട്ടിലുള്ള ഒരായുസ്സുപാത്രവുമായി കിടക്കുമ്പോളാണ് കേരളത്തില്‍ കരിസ്മാറ്റിക് ധ്യാനം കടന്നു വരുന്നത്. വൈദികര്‍ക്കു മാത്രമായി ഒരു കരിസ്മാറ്റക് ധ്യാനം നടക്കുകയാണ്. ആരോ വന്ന് ക്ഷണിച്ചു, ജോസഫച്ചനെ. വന്ന് ധ്യാനം കൂട്!

എന്ത് കരിസ്മാറ്റിക്ക്? എന്തു ധ്യാനം? ആദ്യമായി കേള്‍ക്കുന്ന കാര്യം. എന്തായാലും ജീവിതം പോയി. ഒന്നു പോയി വരാം. അങ്ങനെ 163 അച്ചന്‍മാരുടെയും ഒരു മെത്രാന്റെയും കൂടെ ജോസഫച്ചനും ധ്യാനത്തില്‍ പങ്കുചേര്‍ന്നു. ധ്യാനത്തിന്റെ അവസാന ദിവസം. കൈവയ്പു പ്രാര്‍ത്ഥന നടക്കുന്നു. കുറുപ്പംപറമ്പിലച്ചന്‍ ഏതോ ചോദനയാല്‍ മുട്ടുകുത്തി നിന്നു. തലയില്‍ കൈവയ്ക്കുന്നത് മെത്രാനായ മങ്കുഴിക്കരി പിതാവ്. കൈവച്ചതും ഇലക്ട്രിക് ഷോക്കേറ്റതു പോലെ അച്ചന് അനുഭവപ്പെട്ടു. അച്ചന് കണ്ടത് പിതാവിനെയല്ല, ഉയര്‍ത്തെഴുന്നേറ്റ സാക്ഷാല്‍ ക്രിസ്തുവിനെ!

ധ്യാനം കഴിഞ്ഞ് അച്ചന്‍ തിരികെ ലിസി ആശുപത്രിയിലെത്തി. അച്ചന്റെ ടെസ്റ്റുകള്‍ നടത്തിയ ഡോ. ജോസഫ് കുര്യന്‍ അന്തംവിട്ടു പോയി. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ പോലും മാഞ്ഞു പോയിരിക്കുന്നു! ഒരിക്കലും രോഗം വന്നിട്ടില്ലാത്ത ഒരാളുടെ ഹൃദയം പോലെ! ഡോക്ടര്‍ ചോദിച്ചു: അച്ചന്‍ കഴിഞ്ഞ ദിവസം എന്തു മരുന്നാണ് കഴിച്ചത്?

‘ഞാന്‍ ഒരു മരുന്നും കഴിച്ചില്ല. ഉയര്‍ത്തെഴുന്നറ്റ എന്റെ കര്‍ത്താവ് എന്നെ തൊട്ടു!’

‘വിഡ്ഢിത്തം പറയല്ലേ, അച്ചോ. ഈ രോഗം അങ്ങനെയൊന്നും മാറില്ല.”

‘എന്നെ സൃഷ്ടിച്ച, എന്റെ ഹൃദയത്തെ സൃഷ്ടിച്ച ദൈവത്തിന് ആ ഹൃദയത്തിന് കേട് പറ്റുമ്പോള്‍ അത് മാറ്റിവയ്ക്കാന്‍ സാധിക്കും’ അച്ചന്‍ മറുപടി പറഞ്ഞു.

ടെസ്റ്റില്‍ എന്തോ തെറ്റു പറ്റിയതായിരിക്കും എന്ന നിഗമനത്തില്‍ ഡോക്ടര്‍ വീണ്ടും പരിശോധനയ്ക്ക് ഓര്‍ഡര്‍ ചെയ്തു. റിസള്‍ട്ട് വന്നു. വീണ്ടും അതു തന്നെ! ഡോക്ടര്‍ക്ക് ഇനി വിശ്വസിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. ഡോക്ടര്‍ സ്ഥിരീകരിച്ചു: അച്ചന്റെ കര്‍ത്താവ് അച്ചനെ സുഖപ്പെടുത്തിയിരിക്കുന്നു! ഇപ്പോള്‍ അച്ചനെ ഹൃദയത്തിന് യാതൊരു രോഗലക്ഷണവുമില്ല. ധൈര്യമായി പോയ്‌ക്കോളൂ!

അന്ന് കുറുപ്പംപറമ്പിലച്ചന്‍ ഒരു തീരുമാനമെടുത്തു – ഈ ജീവിതം മുഴുവന്‍ കര്‍ത്താവിന്. ആയുസ്സ് മുഴുവന്‍ സുവിശേഷത്തിന്. ഒരു ദിവസം പോലും വിശ്രമമില്ലാതെ!

തിരികെ ആശ്രമത്തിലെത്തിയപ്പോള്‍ സുപ്പീരയറച്ചന് കാര്യങ്ങള്‍ അത്ര വിശ്വാസം വന്നില്ല. ‘അച്ചന്‍ വിശ്രമിക്കണം. ഇനിയും അറ്റാക്ക് വന്നാല്‍ അച്ചന്‍ മരിക്കും’

സുപ്പീരയറച്ചനെ വിശ്വസിപ്പിക്കാന്‍ എന്തു വഴി? അവസാനം അച്ചന്‍ പറഞ്ഞു: ‘ഞാന്‍ മലയാറ്റൂര്‍ മലയില്‍ കയറി ഇറങ്ങി വരാം. അപ്പോള്‍ വിശ്വാസമാകുമോ?’ ശരിയെന്നായി സുപ്പീരിയര്‍. അച്ചന്‍ മലകയറി മടങ്ങിയെത്തി.
‘എനിക്കിനി തടസ്സമൊന്നുമില്ല. അച്ചന് ഇഷ്ടമുള്ളത് ചെയ്യാം!’ സുപ്പീരിയര്‍ അനുവാദം കൊടുത്തു.

തുടര്‍ന്ന് ഫെയ്ത്ത് ഹിലിംഗിനെ കുറിച്ച് കൂടുതല്‍ പഠിക്കണമെന്ന് ആഗ്രഹിച്ച് അച്ചന്‍ യുഎസിലെ ലുക്കെയ്ന്‍ യൂണിവേഴ്‌സിറ്റിയിലെത്തി. പഠനം കഴിഞ്ഞ് ബോസ്റ്റണിലെ ഒരു പള്ളിയില്‍ ധ്യാനിപ്പിക്കാനെത്തി, അച്ചന്‍. ധ്യാനത്തിനിടയ്ക്ക് തളര്‍വാതം പിടിപെട്ട ഒരാളെ കൊണ്ടു വന്നിട്ട് അയാള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നായി വിശ്വാസികള്‍. തന്നിലൂടെ ദൈവം അദ്ഭുതം പ്രവര്‍ത്തിക്കും എന്നൊരു ധാരണയും അന്ന് അച്ചനില്ല. എങ്കിലും അവരുടെ നിര്‍ബന്ധം മൂലം കൈവച്ചു. ദൈവം തന്റെ സൗഖ്യത്തിന്റെ കൃപ അച്ചന്റെ കൈയില്‍ വച്ചു കൊടുത്ത മുഹൂര്‍ത്തമായിരുന്നു, അത്. അയാള്‍ എഴുന്നേറ്റു നടന്നു!

അന്ന് തുടങ്ങിയതാണ് ജോസഫ് കുറുപ്പംപറമ്പിലച്ചന്റെ സുവിശേഷ ജീവിതം. എല്ലാ ദിവസവും വിശ്രമമില്ലാത്ത ധ്യാനങ്ങള്‍. പരിധിയില്ലാത്ത ദൈവസ്‌നേഹമാണ് എല്ലാ ധ്യാനങ്ങളുടെയും കാതല്‍. ക്ഷമ, എല്ലാവരോടും ക്ഷമ. ജനം ആര്‍ത്തിരമ്പി. സ്‌നേഹം തൊട്ട മാനസങ്ങള്‍ സ്വര്‍ഗീയ പൂങ്കാവനങ്ങളായി. മകനെ കൊന്നവനോട് ക്ഷമിച്ച് പരസ്യമായി കെട്ടിപ്പിടിക്കുന്ന അപ്പന്‍മാര്‍. കര്‍ത്താവിനായി എല്ലാമുപേക്ഷിക്കുന്നവര്‍. സ്‌തോത്രം പാടുന്ന മദ്യപാനികള്‍… പോപ്പുലര്‍ മിഷന്‍ ധ്യാനങ്ങള്‍ കേരളത്തില്‍ പുതിയ ചരിത്രമെഴുതി!

ഈ എഴുത്തുകാരന്‍ കുറുപ്പംപറമ്പിലച്ചന്റെ ധ്യാനം കൂടുന്നത് 1991 ല്‍. പ്രീഡിഗ്രിക്കാലം. പള്ളിയില്‍ 300 പേര്‍ മാത്രം. ധ്യാനത്തിന്റെ എല്ലാ ദിവസവും സുകുമാരന്‍ എന്നൊരാള്‍ എന്റെ മുന്നില്‍ വന്നിരിക്കുമായിരുന്നു. അയാളുടെ കാലില്‍ മുടന്തുണ്ട്. കൈയിലിരിപ്പു കാരണം ആരോ തല്ലിയൊടിച്ചതാണ്. ധ്യാനത്തിന്റെ അവസാന ദിവസം സുകുമാരന്‍ ചാടിയെഴുന്നേറ്റ് കരഞ്ഞു കൊണ്ട് അച്ചന്റെ പക്കലേക്ക് വരുന്നു. വളഞ്ഞിരുന്ന കാലുകള്‍ നേരെയായിരുന്നു, അപ്പോള്‍!

വൈകാതെ അച്ചന്‍ ആഫ്രിക്കയിലേക്കു പോയി. കെനിയയിലെ താന്‍സാനിയ ഒരു അഗ്നിസ്‌നാനത്തിന് കാത്തിരിക്കുകയായിരുന്നു. യൂറോപ്പുകാര്‍ പിന്നീട് ഉച്ചാരണസൗകര്യത്തിനായി ജെ കെ ബില്‍ എന്നുവിളിച്ച ബില്ലച്ചന്റെ ശബ്ദം ആഫ്രിക്കന്‍ വന്‍കരെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കിമറിച്ചു. ഭാഷയ്ക്കതീതമായി പടരുന്ന ദൈവസ്‌നേഹം കൊണ്ട് അച്ചന്‍ ഇരുണ്ട ഭൂഖണ്ഡം കീഴടക്കി. തെരുവുകള്‍ ആര്‍ത്തു വിളിച്ചു. ആത്മാവിനാല്‍ നിറഞ്ഞ് കറുത്തവര്‍ തിരുസന്നിധിയില്‍ നൃത്തമാടി…

ആഫ്രിക്കയിലേക്കുള്ള ബില്ലച്ചന്റെ വരവിന് ഒരു പ്രാരംഭമുണ്ട്. അച്ചനെത്തുന്നതിന് രണ്ടു വര്‍ഷം മുന്‍പാണ് കഥ നടക്കുന്നത്. ആഫ്രിക്കയിലെ പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയാണ്. എയ്ഡ്‌സ് ബാധിച്ച ഒരു ആഫ്രിക്കന്‍ പ്രോട്ടസ്റ്റന്റുകാരി ഒരു സ്വപ്‌നത്തില്‍ ഇന്ത്യക്കാരനായ ഒരു വൈദികനെ കണ്ടു. ആരെന്നറിയില്ല, വെളുത്ത ളോഹയിട്ട വൈദികന്‍ തന്നെ വന്നു തൊടുന്നു. പിറ്റേ ദിവസം മുതല്‍ അവള്‍ക്ക് എയ്ഡ്‌സില്ല! വീണ്ടും വീണ്ടും പരിശോധിച്ചു. പൂര്‍ണസൗഖ്യം. എങ്ങനെയെങ്കിലുമൊന്ന് തന്നെ തൊട്ട അച്ചനെ കാണണമെന്നോര്‍ത്ത് അവള്‍ അലഞ്ഞു നടക്കുന്നു.

അങ്ങനെയിരിക്കെയാണ്, താന്‍സാനിയയില്‍ ബില്ലച്ചനെത്തുന്നത്. എവിടെയോ ഫോട്ടോ കണ്ട അവളുമെത്തി. ആളെ കണ്ട പെണ്ണ് ആശ്ചര്യം കൊണ്ട് ജനമധ്യത്തില്‍ നിന്നും അലറിവിളിച്ചു! ഇതാ ഞാന്‍ സ്വപ്‌നത്തില്‍ കണ്ട അച്ചന്‍! ആ സംഭവം മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ബില്ലച്ചന്റെ ജനസമ്മതി അതിവേഗം പരന്നു. അത്ഭുതങ്ങളും രോഗശാന്തികളും പരന്നൊഴുകി!

സുഡാനിലേക്കുള്ള യാത്ര അതിസാഹസികമായിരുന്നു. ഒരു കത്തോലിക്കാ പുരോഹിതനെ പ്രവേശിക്കില്ലെന്ന് മുസ്ലിം നേതാക്കള്‍. വിമാനമിറങ്ങിയപ്പോള്‍ അച്ചനെ അവിടേക്ക് പ്രവേശിപ്പിക്കില്ലെന്നു ശഠിച്ചു പോലീസുകാര്‍. ഞാന്‍ നിങ്ങളുടെ ശത്രുവായിട്ടല്ല, നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനാണ് എത്തിയിരിക്കുന്നതെന്ന് അച്ചന്‍ തന്നെ തടഞ്ഞ പോലീസുകാരോട് പറഞ്ഞു. തുടര്‍ന്ന് അവിടെ വച്ച് പ്രാര്‍ത്ഥനയും തുടങ്ങി. അന്നേരം പോലീസുകാരുടെ കണ്‍മുന്നില്‍ നടന്നു, അത്ഭുതങ്ങള്‍. അവരും നിലവിളിയോടെ പറഞ്ഞു: അനുഗ്രഹിക്കണം!

യൂറോപ്പിലും അമേരിക്കയിലും ഏഷ്യയിലും തുടങ്ങി അക്ഷരാര്‍ത്ഥത്തില്‍ ലോകത്തിന്റെ അതര്‍ത്തികള്‍ വരെ ബില്ലച്ചന്‍ സുവിശേഷവുമായി അലഞ്ഞു നടന്നു. രണ്ട് ഹാര്‍ട്ടറ്റാക്കുകള്‍ക്കു വിധേയനായ അച്ചന്‍ അതിനുശേഷം മൂന്നു പതിറ്റാണ്ടിലേറെക്കാലം, വര്‍ഷത്തിലെ 365 ദിവസവും സുവിശേഷം പ്രഘോഷിച്ചു. ലക്ഷോപലക്ഷം ജനങ്ങള്‍ ക്രിസ്തുവിന്റെ വെളിച്ചത്തിലേക്ക് നടന്നു.

എണ്‍പതാം വയസ്സില്‍ അദ്ദേഹം പറഞ്ഞു; ‘എനിക്കു വിശ്രമിക്കേണ്ട. ഇനിയുമേറെ പേരെ യേശുവിലേക്കു കൊണ്ടുവരണം, എനിക്ക്!’

പക്ഷേ, 2008 ല്‍ ദൈവം നിശ്ചയിച്ചു, 32 വര്‍ഷങ്ങള്‍ വിശ്രമമില്ലാതെ അലഞ്ഞു നടന്ന ഈ ദൈവമനുഷ്യന് വിശ്രമിക്കാന്‍ നേരമായി. 2008 മാര്‍ച്ച് 13 ന് ആഫ്രിക്കയിലെ ഉഗാണ്ടയില്‍ വച്ച് ദിവ്യബലിമധ്യേ അദ്ദേഹം കുഴഞ്ഞു വീണു. ആശുപത്രിയിലേക്കുള്ള വഴിയില്‍ പ്രാണന്‍ വെടിഞ്ഞു. താന്‍ അത്രയേറെ സ്‌നേഹിച്ച ഉഗാണ്ടയില്‍ തന്നെ അന്ത്യവിശ്രമം കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞിരുന്നതിന് ദൈവം നല്‍കിയ ആശീര്‍വാദം പോലെ…

 

അഭിലാഷ് ഫ്രേസര്‍

 

Re: http://frbill.net/en/

You must be logged in to post a comment Login