രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും മദ്യനിരോധനം നയമായി പ്രഖ്യാപിക്കണം: അഡ്വ.ചാര്‍ലി പോള്‍

രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും മദ്യനിരോധനം നയമായി പ്രഖ്യാപിക്കണം: അഡ്വ.ചാര്‍ലി പോള്‍

17 വര്‍ഷമായി കെസിബിസി മദ്യവിരുദ്ധ സമിതിയിലെ പ്രവര്‍ത്തകനും മദ്യവിരുദ്ധ സമിതിയുടെ സ്ഥാപക സെക്രട്ടറിമാരിലൊരാളുമായ അഡ്വ.ചാര്‍ലി പോള്‍ സംസാരിക്കുന്നു.

* കേരളത്തിലെ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളില്‍ മുന്‍നിരയിലുള്ള കെസിബിസി മദ്യവിരുദ്ധമിതിയുടെ സജീവപ്രവര്‍ത്തകനാണ് താങ്കള്‍. മദ്യത്തിനെതിരെയുള്ള പോരാട്ടം തുടങ്ങിയത് എപ്പോള്‍ മുതലാണ്?

8-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ മദ്യത്തിനും മയക്കുമരുന്നിനും എതിരായ പോരാട്ടം തുടങ്ങിയതാണ്. മലയാറ്റൂരിനടുത്ത് നീലീശ്വരം കരേറ്റമാതാവിന്റെ ആശ്രമദേവാലയത്തിലെ അംഗമായിരുന്നു. എട്ടില്‍ പഠിക്കുമ്പോഴാണ് അവിടെ മദ്യത്തിനും മയക്കുമരുന്നിനും എതിരായ സമരം ഉണ്ടായത്. അന്ന് ആ സമരത്തില്‍ പങ്കെടുത്ത് നിരാഹാരം കിടന്നിരുന്നു. കുടുംബത്തിലും ബന്ധുജനങ്ങളുടെ ഇടയിലുമൊക്കെ മദ്യം വരുത്തിവെച്ച വിനകളും അതിന്റെ ക്ലേശങ്ങളും കണ്ടിട്ടുണ്ട്. മദ്യവും മയക്കുമരുന്നും നമ്മുടെ കുടുംബജീവിതത്തിനും വ്യക്തിജീവിതത്തിനും സാമൂഹിക ജീവിതത്തിനും ഗുണകരമല്ല എന്ന തിരിച്ചറിവാണ് ഈ രംഗത്തു തുടരാന്‍ കാരണം. എന്‍.പി.മന്‍മഥന്‍ സാറിന്റെ നേതൃത്വത്തില്‍ കേരള മദ്യനിരോധന സമിതിയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് കെസിബിസി മദ്യവിരുദ്ധസമിതി ആരംഭിച്ചപ്പോള്‍ അതിന്റെ സ്ഥാപക സെക്രട്ടറിമാരില്‍ ഒരാളായി. ഇപ്പോള്‍ സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 17 വര്‍ഷമായി

* കെസിബിസി മദ്യവിരുദ്ധസമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്..?

കെസിബിസി മദ്യവിരുദ്ധ സമിതി പ്രധാനമായും ഒരു ത്രിമാന പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ നിര്‍ദ്ദേശമനുസരിച്ചാണിത്.  Demand Reduction ആണ് ആദ്യത്തെ പടി. അതായത്, മദ്യം ആവശ്യപ്പെടുന്നവരുടെ എണ്ണം കുറക്കുക. മദ്യം വേണ്ട എന്നു പറയുന്നവരുടെ എണ്ണം കൂടുമ്പോള്‍ സ്വഭാവികമായും മദ്യത്തിന്റെ ഡിമാന്‍ഡും കുറയും. ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് അതിനായി ചെയ്യേണ്ടത്. ക്ലാസുകളിലൂടെയും ലീഫ്‌ലെറ്റുകളിലൂടെയും ഓഡിയോ പ്രോഗ്രാമുകളിലൂടെയും എല്ലാ വിഭാഗം ജനങ്ങളുടെയിടയിലും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.

Supply Reduction അഥവാ മദ്യത്തിന്റെ വിതരണം കുറക്കുകയാണ് രണ്ടാമത്തെ പടി. കിട്ടാനുള്ള എളുപ്പമാണ് കുടിക്കാനുള്ള മനുഷ്യന്റെ പ്രേരണയുടെ പ്രധാന കാരണം. അത് സര്‍ക്കാര്‍ നിയന്ത്രിച്ചേ തീരൂ. മദ്യത്തിന്റെ വിതരണം കുറക്കാനുള്ള പോരാട്ടത്തിന്റെ ഫലമായാണ് 730 ബാറുകള്‍ അടക്കപ്പെട്ടത്.

മൂന്നാമത്തെ ഘട്ടം Harm Reduction അഥവാ Risk Reduction ആണ്. മദ്യത്തിന്റെ അമിതമായ ഉപയോഗം മൂലം രോഗികളായിത്തീര്‍ന്നവരുണ്ട്. മദ്യപാനാസക്തി ഒരു രോഗമായി കണ്ടെത്തിയിട്ടുണ്ട്. മദ്യം കിട്ടാതെ വരുമ്പോള്‍ ഇത്തരക്കാരില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത് ചികിത്സിച്ചു മാറ്റണം. സര്‍ക്കാറിന്റെ കീഴിലുള്ള ഡി അഡിക്ഷന്‍ സെന്ററുകള്‍ കേരളത്തില്‍ കുറവാണ്. അതിനാല്‍ കേരളത്തിലെ എല്ലാ പ്രൈമറി ഹെല്‍ത്ത് സെന്റുകളും ഡി അഡിക്ഷന്‍ സെന്ററുകളായ് പ്രഖ്യാപിക്കണം.

ഈ മൂന്നു തലവും പ്രസക്തമാണ്. ഈ മൂന്നു തലങ്ങളിലൂടെയാണ് മദ്യനിരോധനത്തിലേക്ക് നാം നടന്നടുക്കേണ്ടതും.

* മദ്യവിമുക്ത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടാന്‍ സര്‍ക്കാരിനും സമൂഹത്തിനും വ്യക്തികള്‍ക്കും എന്തെല്ലാം ചെയ്യാനാകും?

മദ്യവര്‍ജ്ജനം എന്നു പറയുന്നത് ഒരു വ്യക്തിയെടുക്കുന്ന സ്വതന്ത്രജീവിത നിലപാടാണ്. അക്കാര്യത്തില്‍ സര്‍ക്കാരിനോ മുന്നണിക്കോ യാതൊന്നും ചെയ്യാനാകില്ല. എന്നാല്‍ മദ്യത്തിന്റെ ഉത്പാദനം, സംഭരിച്ചു വെയ്ക്കല്‍, വിതരണം എന്നിവ നടത്താന്‍ ഒരു വ്യക്തിക്ക് അധികാരമില്ല. അതിനുള്ള അധികാരം സര്‍ക്കാരിനാണ്. സര്‍ക്കാര്‍ രൂപീകരണ പ്രക്രിയയില്‍ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും ജനങ്ങളുമാണ് പങ്കാളികളാകുന്നത്. അതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും മദ്യനിരോധനം നയമായി പ്രഖ്യാപിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്.

* പ്രധാനമായും ഏതു വിഭാഗം ജനങ്ങളുടെ ഇടയിലാണ് പ്രവര്‍ത്തിക്കുന്നത്?  അവരോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവം പങ്കുവെയ്ക്കാമോ..?

വിവിധ വിഭാഗത്തിലുള്ള ആളുകളുടെ ഇടയില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിലാണ് കൂടുതാലും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്, എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കുന്നുണ്ട്. മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ അവരെ ബോധ്യപ്പെടുത്തുന്ന ഓഡിയോ വിഷ്വല്‍ പ്രോഗ്രാം തന്നെയുണ്ട്. എനിക്ക് എന്തെങ്കിലും സംഭവിക്കുമ്പോഴാണ് ഞാന്‍ എന്തിന്റെയെങ്കിലും ദൂഷ്യഫലങ്ങളെക്കുറിച്ച് കൂടുതലായി ചിന്തിക്കാന്‍ തുടങ്ങുന്നത്. അതു പോരാ. മദ്യത്തിന്റെ ദൂരവ്യാപകമായ ഭവിഷ്യത്തുകളെക്കുറിച്ച് ഇപ്പോള്‍ തന്നെ അവരെ ബോധവാന്‍മാരാക്കണം. ഒരുവന്റെ കുടുംബജീവിതത്തെയും  വ്യക്തിജീവിതത്തെയും മദ്യാസക്തി സാരമായി ബാധിക്കുമെന്ന അറിവ് അവര്‍ക്ക് പകര്‍ന്നുകൊടുക്കാനും ആ ബോധ്യം കൂടുതല്‍ ശക്തമാക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

* കുട്ടികളും യുവജനങ്ങളും മദ്യപാനത്തിന് അടിമപ്പെടുന്ന പ്രവണത ഏറിവരികയാണ്. ഇതിനുള്ള കാരണങ്ങളെന്തെല്ലാമാകാം?

മദ്യപരുടെ മക്കള്‍ മദ്യപരായിത്തീരാനുള്ള സാധ്യത കൂടുതലാണ്. ഇവരില്‍ ജന്മനാ തന്നെ മദ്യത്തിന്റെ കണ്ടന്റുണ്ട്. അങ്ങനെയുള്ള കുട്ടികള്‍ ഏതെങ്കിലും പാര്‍ട്ടിക്കു പോകുമ്പോഴോ സുഹൃത്തുക്കളൊടൊത്ത് സംഘം ചേര്‍ന്നോ കഴിക്കുന്ന ആദ്യത്തെ പെഗ് തന്നെ അവനെ മദ്യത്തിന് അടിമയാക്കും. ജോര്‍ജ്ജ് മെന്റല്‍ എന്ന ജനിതക ശാസ്ത്രജ്ഞന്‍ പറയുന്നത് ഏഴു തലമുറയില്‍ ആരെങ്കിലും മദ്യപരായിട്ടുണ്ടെങ്കില്‍ അതു നമ്മെയും ബാധിക്കാം എന്നാണ്. അങ്ങനെയുള്ളവരില്‍ മദ്യത്തോടുള്ള താത്പര്യമുണ്ടാകും. അതിനാല്‍ ആദ്യത്തെ പെഗ് തന്നെ ഒഴിവാക്കുക എന്നതാണ് പ്രധാനം. ഇക്കാരണം മാത്രമല്ല, സുഹൃത്തുക്കളുടെ പ്രേരണ, പഠനത്തിന്റെയും ജോലിയുടേയും സമ്മര്‍ദ്ദം, ഒന്നു ഉപയോഗിച്ചു നോക്കാനുള്ള കൗതുകം, തെറ്റിദ്ധാരണകള്‍ ഇവയെല്ലാം കുട്ടികളെയും യുവജനങ്ങളെയും മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും അടുപ്പിക്കും. ബന്ധങ്ങളില്‍ ഉണ്ടായിരിക്കുന്ന വിള്ളലുകളും കാരണമാണ്. കുട്ടികളെ കേള്‍ക്കാനോ അവരോടൊത്ത് സമയം ചെലവഴിക്കാനോ പല മാതാപിതാക്കള്‍ക്കും സമയം ലഭിക്കുന്നില്ല.

ഒരു തവണ ഉപയോഗിക്കുമ്പോഴേ പ്രത്യേകതരം സുഖവും സന്തോഷവും അനുഭവപ്പെടും. വീണ്ടും ഈ സുഖവും സന്തോഷവും തേടിപ്പോകാന്‍ തുടങ്ങുന്നതോടെ മദ്യത്തിനും മയക്കുമരുന്നതിനും അടിമകളാകുകയാണ് ചെയ്യുന്നത്.

* കുട്ടികളെയും യുവജനങ്ങളെയും മദ്യപാനശീലത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കുംടുംബാംഗങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയും..?

മക്കളുടെ കൂട്ടുകാര്‍ ആരൊക്കെയാണ്, ആരുടെയൊക്കെ കൂടെയാണ് അവന്‍ സമയം ചെലവഴിക്കുന്നത, പണം ചെലവാക്കുന്നത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. മക്കള്‍ക്ക് എല്ലാം തുറന്നു പറയാനുള്ള സാഹചര്യം കുടുംബങ്ങളിലുണ്ടാകണം. ബാത്‌റൂമില്‍ കൂടുതല്‍ സമയം ഇരിക്കുന്നുണ്ടോ? കണ്ണ് ചുവന്നിട്ടുണ്ടോ, വിയര്‍പ്പിന് നാറ്റമുണ്ടോ, കുത്തിവെച്ച പാടുകളുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒറ്റപ്പെടല്‍ വിഷാദം തുടങ്ങിയ അവസ്ഥയിലൂടെയായിരിക്കാം ചിലര്‍ കടന്നു പോകുന്നത്. ഇതൊക്കെ ലഹരി ഉപയോഗിക്കുന്നുണ്ട് എന്നതിന്റെ ലക്ഷണങ്ങളാണ്. ഇക്കാര്യത്തില്‍ കുട്ടികളെ കുറ്റപ്പെടുത്തുന്നതിനു പകരം അവരുടെ കൂടെ നിന്ന് പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടത്. കുട്ടികളെ കുറ്റപ്പെടുത്തി അവരുടെ ആത്മവിശ്വാസം തകര്‍ത്താല്‍ അവര്‍ ചിലപ്പോള്‍ പ്രതികാര ബുദ്ധിയോടെ പെരുമാറിയേക്കാം. ഇത് വിപരീത ഫലമേ ഉണ്ടാക്കുകയുള്ളൂ. മാതാപിതാക്കള്‍ മക്കളെ കൂട്ടുകാരായി കാണണം. ഒരു സുഹൃത്തെന്ന രീതിയിലുള്ള സമീപനമാണ് മാതാപിതാക്കള്‍ അവലംബിക്കേണ്ടത്. അല്ലാതെ ഭീഷണിപ്പെടുത്തിയോ കെട്ടിയിട്ടോ അല്ല അവരെ നേര്‍വഴിക്കു കൊണ്ടുവരേണ്ടത്. നമുക്കു പരിഹരിക്കാന്‍ പറ്റാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍ അവരെ കൗണ്‍സിലിംഗിന് വിധേയരാക്കണം.

* മദ്യപാനം കുടുംബജീവിതത്തെ ഏതെല്ലാം രീതിയിലാണ് ബാധിക്കുന്നത്? ഇവയ്ക്ക് ഏതൊക്കെ രീതിയില്‍ പരിഹാരം കാണാന്‍ സാധിക്കും..?

മദ്യപനുമായുള്ള ജീവിതം ഒരിക്കലും സന്തോഷപ്രദമല്ല. ഒരു മദ്യപനെ സംബന്ധിച്ചിടത്തോളം തിന്നുക, കുടിക്കുക, ജീവിക്കുക എന്നിങ്ങനെ മൂന്നു വികാരങ്ങള്‍ മാത്രമേ ഉള്ളൂ. ദാമ്പത്യജീവിതത്തെയും കുടുംബജീവിതത്തെയും സാരമായി ഇതു ബാധിക്കും. ഭാര്യയെയോ മക്കളെയോ വേണ്ടവിധം നോക്കാന്‍ അവന് സാധിക്കാതെവരും. ദാമ്പത്യജീവിതത്തിലുണ്ടാകേണ്ട പരസ്പരമുള്ള ബഹുമാനം, സ്‌നേഹം, പ്രാര്‍ത്ഥനാ ജീവിതം, ഇവയെല്ലാം കീഴ്‌മേല്‍ മറിയും. ഭാര്യ രാജ്ഞിയെപ്പോലെയും മക്കള്‍ മൂന്നു വയസ്സുവരെയെങ്കിലും രാജകുമാരന്മാരെപ്പോലെയും ജീവിച്ചാലേ നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍ പറ്റൂ എന്നാണല്ലോ. ഒരു മദ്യപന്റെ ഭാര്യ ഒരിക്കലും രാജ്ഞിയോ മക്കള്‍ രാജകുമാരന്‍മാരെപ്പോലെയോ ആയിരിക്കില്ല ജീവിക്കുക. അതു കൊണ്ടു തന്നെ മദ്യപന്റെ കുടുംബജീവിതവും വരുംതലമുറയുടെ ഭാവിജീവിതവും ഇരുളഞ്ഞതും സംഘര്‍ഭരിതവും ആയിരിക്കും.

മദ്യം കഴിക്കുന്നവരെല്ലാം മദ്യത്തിന് അടിമകളായിരിക്കില്ല. മദ്യപാനാസക്തിയാണ് അപകടകരം. ഈ ആസക്തി ബാധിച്ചവരെ ഡി അഡിക്ഷന്‍ സെന്ററുകളില്‍ കൊണ്ടുപോയി ചികിത്സിക്കുക തന്നെ വേണം. വ്യക്തിപരമായ കൗണ്‍സിലിംഗ്, കുടുംബകൗണ്‍സിലിംഗ്, ഗ്രൂപ്പ് കൗണ്‍സിലിംഗ് എന്നിവയും ഫലപ്രദമാണ്. ഇവര്‍ പിന്നീട് മദ്യവിരുദ്ധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതും നന്നായിരിക്കും.

* ഒരിക്കല്‍ മദ്യപാനത്തിനടിമപ്പെട്ടാല്‍ അതില്‍ നിന്നും തിരിച്ചുവരാന്‍ ബുദ്ധിമുട്ടാണെന്ന് പലരും പറയാറുണ്ട്. ഈ അവസ്ഥയെ എങ്ങനെ അതിജീവിക്കാം?

മദ്യപാനത്തിന് അടിമപ്പെടാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ചികിത്സകളിലൂടെയും ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെയും കൗണ്‍സിലിംഗിലൂടെയും തെറാപ്പിയിലൂടെയുമൊക്കെ നമുക്ക് ഇവരെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കും. പക്ഷേ, മദ്യത്തിന് അടിമപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് നിരന്തരമായി തുടരുന്ന രോഗമാണ്. First peg is the dangerous peg എന്നാണ് പറയുക. അതിനാല്‍ ഒരു വിനോദത്തിനു വേണ്ടി പോലും മദ്യം ഉപയോഗിക്കുന്നത് ഒഴിവാക്കുക.

* മറ്റു രാജ്യങ്ങളെയോ സംസ്ഥാനങ്ങളെയോ അപേക്ഷിച്ചു നോക്കുമ്പോള്‍ കേരളത്തിലാണ് മദ്യാസക്തരുടെ എണ്ണം കൂടുതല്‍. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്?

അത് ഇനിയും കണ്ടെത്തേണ്ട കാര്യമാണ്. എന്തുകൊണ്ട് മലയാളികള്‍ കൂടുതല്‍ മദ്യാസക്തരാകുന്നു എന്ന കാര്യം കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് ഞങ്ങള്‍ എക്‌സൈസ് മന്ത്രിയെ സമീപിച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ച് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയമിച്ചിരുന്നു. ഈ കമ്മിറ്റി പഠനം നടത്തിവരികയാണ്.

* കരുണയുടെ വര്‍ഷത്തോടനുബന്ധിച്ച് കെസിബിസി മദ്യവിരുദ്ധസമിതിയുടെ കര്‍മ്മപദ്ധതികള്‍ എന്തൊക്കെയാണ്?

കരുണയുടെ വര്‍ഷത്തോടനുബന്ധിച്ച് സവിശേഷമായ പദ്ധതികള്‍ ഇതുവരെ ആവിഷ്‌കരിച്ചിട്ടില്ലെങ്കിലും മദ്യത്തിനെതിരെയുള്ള പോരാട്ടം ശക്തമായി തുടരാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. വാര്‍ഷിക പദ്ധതികളുമായി മുന്‍പോട്ടു പോകും. ഈ വര്‍ഷം കുട്ടികളുടെ ഇടയില്‍ ഒരു ഡീ അഡിക്ഷന്‍ വിദ്യാര്‍ത്ഥി സംഘടന ഈ വര്‍ഷം തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.

You must be logged in to post a comment Login