റഷ്യയില്‍ ഭ്രൂണഹത്യ നിയമവിരുദ്ധമാകുന്നു!

റഷ്യയില്‍ ഭ്രൂണഹത്യ നിയമവിരുദ്ധമാകുന്നു!

RUSSIA PATRIARCH KIRILLദൈവനിഷേധികളുടെ രാജ്യം എന്ന് ഒരു കാലത്ത് ചീത്തപ്പേര് കേട്ടിരുന്ന റഷ്യ ജീവന്റെ സംരക്ഷണത്തിലേക്ക് തിരിയുന്നു. ഭ്രൂണഹത്യ തടയാനും പാലിയേറ്റ് കെയറിന് സൗകര്യമൊരുക്കാനും ദേശീയ ആരോഗ്യമന്ത്രാലയവും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയും ധാരണയായതായി റഷ്യന്‍ ഓര്‍ത്തഡോക്‌സി ടുഡേ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ ആരോഗ്യ മന്ത്രി വെറോനിക്ക സ്‌ക്വോര്‍ട്‌സോവയും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ തലവന്‍ പാത്രിയര്‍ക്കീസ് കിറിലും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്.

‘മാതാവിന്റെയും കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിക്കുവാനും, സന്താനോല്പാദന ആരോഗ്യ സുരക്ഷയ്ക്കും കുടുംബമൂല്യങ്ങളുടെ ഉന്നമനത്തിനും ഭ്രൂണഹത്യ തടയുന്നതിനും രാഷ്ട്രം പ്രതിജ്ഞാബദ്ധമാണ്’ ധാരണാപത്രത്തില്‍ പറയുന്നു.

ഭ്രൂണഹത്യ തേടി വരുന്ന ആശുപത്രികളില്‍ സഭയും മനശ്ശാസ്ത്രജ്ഞരും ഒത്തുചേര്‍ന്ന് അവരെ പിന്തിരിപ്പിക്കുകയും ജീവന്റെ മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കുകയും ചെയ്യുമെന്നും ധാരണയില്‍ വ്യക്തമാക്കുന്നു.

ധാരണാപത്രത്തിലെ ആര്‍ട്ടിക്കിള്‍ 5 പ്രകാരം റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ റഷ്യന്‍ ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് ആരോഗ്യ രംഗത്ത് ആത്മീയ മൂല്യമുള്ള പ്രഫഷണലുകളെ വാര്‍ത്തെടുക്കുന്നതില്‍ സഹകരിക്കും.

യുഎന്‍ സാമ്പത്തിക സാമൂഹിക കാര്യ വിഭാഗത്തിന്റെ കണക്കനുസരിച്ച് റഷ്യയില്‍ ഇപ്പോള്‍ ആയിരത്തില്‍ 34 കുഞ്ഞുങ്ങള്‍ ഭ്രൂണഹത്യക്ക് വിധേയരാകുന്നു.

പാത്രീയര്‍ക്കീസ് കിറില്‍ സമ്പൂര്‍ണ ഭ്രൂണഹത്യനിരോധനത്തിനായി വാദിക്കുന്നയാളാണ്. ‘കുഞ്ഞുജീവന്റെ പൈശാചികായ ഹത്യ’ എന്നാണ് ഡൂമയില്‍ വച്ചു നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം ഭ്രൂണഹത്യയെ വിശേഷിപ്പിച്ചത്.

ഐര്‍ലണ്ട് പോലുള്ള കത്തോലിക്ക രാജ്യങ്ങളും ക്രൈസ്തവ വിശ്വാസികളേറെയുള്ള യുഎസ് പോലുള്ള രാജ്യങ്ങളും ക്രൈസ്തവ മൂല്യങ്ങളെ തൃണവല്‍ഗണിച്ച് സ്വവര്‍ഗ വിവാഹം പോലുള്ള തിന്മകളെ നിയമവിധേയമാക്കുന്ന പശ്ചാത്തലത്തില്‍ ഒരു കാലത്ത് ദൈവത്തെ നിഷേധിച്ചിരുന്ന കമ്മ്യൂണിസ്റ്റ് റഷ്യയുടെ സമീപനത്തില്‍ കണ്ടു തുടുങ്ങുന്ന മാറ്റത്തിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധേയമാണ്.
ഫ്രേസര്‍

You must be logged in to post a comment Login