റെക്ടറുടെ കൊലപാതകം;കുറ്റാരോപിതരായ വൈദികര്‍ സഹായം ചോദിച്ച് മെത്രാന്മാര്‍ക്ക് കത്തെഴുതി

റെക്ടറുടെ കൊലപാതകം;കുറ്റാരോപിതരായ വൈദികര്‍ സഹായം ചോദിച്ച് മെത്രാന്മാര്‍ക്ക് കത്തെഴുതി

ന്യൂഡല്‍ഹി: തങ്ങളുടെ നിഷ്‌ക്കളങ്കത തെളിയിക്കാന്‍ സഹായം ചോദിച്ച് ജയിലില്‍ കഴിയുന്ന രണ്ട് കത്തോലിക്കാ വൈദികര്‍ സിസിബിഐ( കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ) യ്ക്ക് കത്തെഴുതി. ബാംഗ്ലൂര്‍ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍ ഫാ. കെ. ജെ തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പോലീസ് അറസ്റ്റ് ചെയ്ത കര്‍മ്മലീത്ത വൈദികരായ ഫാ. ഏലിയാസ് ദാനിയേലും ഫാ. വില്യം പാട്രിക്കുമാണ് സഹായാഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

2013 ഏപ്രില്‍ ഒന്നിനാണ് ഫാ. തോമസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 2015 നവംബറില്‍ പോലീസ് മറ്റ് ഏഴുപേരെ കൂടി പ്രതികളാക്കി കേസ് ചാര്‍ജ് ചെയ്തിരുന്നു. അവരില്‍ നാലുപേര്‍ കത്തോലിക്കാ വൈദികരാണ്.

“പൂര്‍ണ്ണമായ അന്വേഷണമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഏതെങ്കിലും തരത്തിലുള്ള പ്രത്യേക പരിഗണനകളോ മമതയോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതും വളച്ചൊടിച്ചതുമാണ്. ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവും ഈ കുറ്റാരോപണത്തില്‍ ഇല്ല. സത്യം ഞങ്ങളെ സ്വതന്ത്രരാക്കും.” കത്ത് പറയുന്നു.

ഗവണ്‍മെന്റ് അധികാരികളുടെ കോപത്തിന് പാത്രമാകുന്നതിനാല്‍ പ്രാദേശികസഭാധികാരികള്‍ തങ്ങളുടെ അപേക്ഷകള്‍ തള്ളിക്കളഞ്ഞുവെന്നും അതിനാലാണ് മെത്രാന്‍സംഘത്തിന്റെ സഹായം തേടുന്നതെന്നും കത്തില്‍ പറയുന്നു. ഞങ്ങളെ സഹായിക്കാന്‍ അക്ഷരാര്‍തഥത്തില്‍ ആരുമില്ല.. വൈദികര്‍ സങ്കടം പങ്കുവച്ചു.

നീതി വൈകിയാലും തങ്ങളുടെ പ്രാര്‍ത്ഥന നീതി നിഷേധിക്കുകയില്ല എന്ന പ്രത്യാശയും അവര്‍ പങ്കുവയ്ക്കുന്നുണ്ട്.

മെത്രാന്മാര്‍ ഈ കത്തിനെ സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും അടുത്ത മാസം അവരെ കാണുമെന്നും ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഡോ.സ്റ്റീഫന്‍ ആലത്തറ അറിയിച്ചു.

You must be logged in to post a comment Login