റോമിന്റെ മദര്‍ തെരേസ…..

റോമിന്റെ മദര്‍ തെരേസ…..

റോമിനു പുറത്ത് അധികമാര്‍ക്കും അറിയില്ലെങ്കിലും ഭാരതീയര്‍ക്ക് മദര്‍ തെരേസയെന്ന പോലെ റോമിനുമുണ്ട് ഒരു വിശുദ്ധ- വിശുദ്ധ ഫ്രാന്‍സെസ്‌ക റൊമാന. മദറിനെപ്പോലെ തന്നെ പാവങ്ങളുടേയും അഗതികളുടെയും അമ്മയായിരുന്നു വിശുദ്ധ ഫ്രാന്‍സെസ്‌കയും.

1384 ല്‍ റോമിലെ സമ്പന്നകുടുംബത്തിലായിരുന്നു ഫ്രാന്‍സെസ്‌കയുടെ ജനനം. 11- ാമത്തെ വയസ്സു മുതല്‍ ക്രിസ്തുവിന്റെ മണവാട്ടിയാകാനുള്ള ആഗ്രഹം അവളില്‍ ശക്തമായിരുന്നു. പക്ഷേ, കര്‍ക്കശക്കാരനായ പിതാവ് ഫ്രാന്‍സെസ്‌കയെ ഒരു ധനികനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനാണ് തീരുമാനിച്ചത്. എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ആത്മീയഗുരുവായ ഒലിവെറ്റന്‍ സഭയിലെ സന്യാസിയുടെ ഉപദേശപ്രകാരം അവള്‍ വിവാഹത്തിന് സമ്മതിച്ചു. അങ്ങനെ 13-ാം വയസ്സില്‍ ഫ്രാന്‍സെസ്‌ക ധനികനായ ലോറെന്‍സോയുടെ ഭാര്യയായി.

ഭര്‍തൃസഹോദരി വനോസയുമായി ഫ്രാന്‍സെസ്‌ക വളരെ അടുത്ത ആത്മബന്ധം സ്ഥാപിക്കുകയും അവരിരുവരും ഉറ്റ സുഹൃത്തുക്കളായിത്തീരുകയും ചെയ്തു. ഫ്രാന്‍സെസ്‌കയെപ്പോലെ തന്നെ വനോസക്കുമുണ്ടായിരുന്നു കര്‍ത്താവിന്റെ മണവാട്ടിയാകണമെന്ന തീവ്രമായ ആഗ്രഹം. എങ്കിലും തങ്ങളില്‍ ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വത്തില്‍ കൂടുതല്‍ ശ്രദ്ധിച്ച് ഉത്തമ കുടുംബിനികളാകാന്‍ അവര്‍ തീരുമാനിച്ചു. ഭര്‍ത്താവിനെയും മൂന്നു മക്കളെയും ഫ്രാന്‍സെസ്‌ക കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.

കുടുംബജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നതോടൊപ്പം ആദ്ധ്യാത്ത്മികജീവിതത്തിന് ഫ്രാന്‍സെസ്‌കയും വനോസയും പ്രഥമസ്ഥാനം കൊടുത്തിരുന്നു. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനും ജയിലുകള്‍ സന്ദര്‍ശിച്ച് തടവുകാര്‍ക്ക് ആശ്വാസം നല്‍കാനും ആശുപത്രികളില്‍ രോഗികളായിക്കഴിയുന്നവരെ ശുശ്രൂഷിക്കാനും ഇരുവരും ഒരുമിച്ചാണ് പൊയ്‌ക്കൊണ്ടിരുന്നത്.

ആയിടക്കാണ് റോമില്‍ വലിയ വെള്ളപ്പൊക്കമുണ്ടായത്. നിരാശരും പരിഭ്രാന്തരുമായ ജനങ്ങളുടെ ഇടയില്‍ ശുശ്രൂഷ ചെയ്യാന്‍ ഫ്രാന്‍സെസ്‌കോയും വനോസയും ഇറങ്ങിപ്പുറപ്പെട്ടു. തങ്ങളുടെ സമ്പത്ത് വിറ്റു വരെ അവര്‍ പാവപ്പെട്ടവരെ സഹായിച്ചു. ഭര്‍തൃപിതാവിന്റെ എതിര്‍പ്പിനെ വകവെയ്ക്കാതെ ഫ്രാന്‍സെസ്‌ക പാവപ്പെട്ടവരിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെന്നു.

റോമില്‍ യുദ്ധം ആരംഭിച്ച സമയത്ത് ലോറെന്‍സോക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും അവരുടെ മൂത്ത മകനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. പ്രതിസന്ധിഘട്ടത്തിലും പാവപ്പെട്ടവര്‍ക്ക് സേവനം ചെയ്യുന്നത് ഫ്രാന്‍സെസ്‌കോ നിര്‍ത്തിയില്ല. യുദ്ധത്തില്‍ തകര്‍ക്കപ്പെട്ട തന്റെ ഭവനം ഫ്രാന്‍സെസ്‌കോ ഒരാശുപത്രിയാക്കി മാറ്റി. പരിക്കേറ്റവരെ അവിടെ ശുശ്രൂഷിച്ചു. പരിക്കേറ്റ ഭര്‍ത്താവിനെയും സ്‌നേഹത്തോടെ പരിചരിച്ചു. ലോറന്‍സോ പൂര്‍ണ്ണ ആരോഗ്യവാനായി. ഇതിനിടെ കാണാതായ മകന്‍ തിരിച്ചെത്തുകയും ചെയ്തു.

കര്‍ത്താവിനായ ജീവിതം പൂര്‍ണ്ണമായി മാറ്റിവെയ്ക്കണമെന്ന ആഗ്രഹം ഫ്രാന്‍സെസ്‌കോയില്‍ കൂടുതല്‍ ശക്തമായി. ഭര്‍ത്താവ് ലോറന്‍സോയുടെ സമ്മതത്തോടെ അവള്‍ വീടുവിട്ടിറങ്ങി. ബനഡിക്ടന്‍ ആത്മീയതയിലൂന്നിയ ‘ഒബ്‌ലേറ്റ്‌സ് ഓഫ് മേരി’ എന്ന സന്യാസസഭക്ക് രൂപം നല്‍കി. ലോറന്‍സോയുടെ മരണശേഷം ഫ്രാന്‍സെസ്‌ക വിധവയായ സ്ത്രീകള്‍ താമസിക്കുന്ന ഭവനത്തില്‍ താമസമാരംഭിച്ചു. 1440 ല്‍ മരിക്കുന്നതുവരെ അവിടുത്തെ സുപ്പീരിയറായി സേവനം ചെയ്തു.

റോമാനഗരത്തിന്റെ മുഴുവന്‍ അമ്മയായാണ് വിശുദ്ധ ഫ്രാന്‌സെസ്‌കോയെ കണക്കാക്കുന്നത്, കരുണയുടെയും സ്‌നേഹത്തിന്റെയും അമ്മയായും. മാര്‍ച്ച് 9 നാണ് വിശുദ്ധ ഫ്രാന്‍സെസ്‌കോയുടെ തിരുനാള്‍ദിനം.

 

അനൂപ

You must be logged in to post a comment Login