ലക്ഷ്യം തെറ്റി യാത്ര ചെയ്യുന്നവര്‍

ലക്ഷ്യം തെറ്റി യാത്ര ചെയ്യുന്നവര്‍

journey-dream
ഒരു ബസ് യാത്രയ്ക്കിടയിലാണ് സംഭവം. കണ്ടക്ടര്‍ ടിക്കറ്റ് , ടിക്കറ്റ് എന്ന് പറഞ്ഞ് വന്നപ്പോള്‍ യാത്രക്കാരന്‍ ഒരു സ്ഥലത്തിന്റെ പേര് പറഞ്ഞു. അപ്പോള്‍ കണ്ടക്ടര്‍ പറഞ്ഞു ‘ഇത് അങ്ങോട്ടുളള വണ്ടിയല്ല..ഇവിടെ ഇറങ്ങിക്കൊള്ളുക.’ യാത്രക്കാരന്‍ അസ്വസ്ഥനും പരിഭ്രാന്തനുമായി വേഗം പുറത്തേയ്ക്കിറങ്ങിപ്പോയി. ബസ് യാത്ര തുടരുകയും ചെയ്തു

ഈ യാത്രക്കാരന്‍ നമ്മളില്‍ പലരുടെയും ഒരു പ്രതീകമാണ്. അയാള്‍ക്ക് പോകേണ്ടിയിരുന്ന സ്ഥലത്തേക്കുള്ള വണ്ടിയിലായിരുന്നില്ല അയാള്‍ കയറിയത്. യാത്രകള്‍ അര്‍്ത്ഥവത്താകണമെങ്കില്‍ അതിന് പിന്നില്‍ ചില ഘടകങ്ങള്‍ ഉണ്ടായിരിക്കണം. എവിടേയ്ക്കാണ് പോകുന്നതെന്ന കൃത്യമായ അറിവ്.. അവിടെയെത്താനുള്ള വ്യക്തമായ മാര്‍ഗ്ഗങ്ങള്‍.. എത്തിച്ചേരാന്‍ കഴിയും എന്ന ആത്മവിശ്വാസം.. ലക്ഷ്യത്തിലെത്താന്‍ വേണ്ടിയുള്ള പരിശ്രമം..

ഇവിടെ എവിടെയെങ്കിലും പിഴച്ചുപോയാല്‍ നമുടെ യാത്ര തെറ്റിപോകുന്നു.. പൂര്‍ത്തിയാക്കാന്‍ കഴിയാതെ പാതിവഴിയില്‍ വച്ച് ഇറങ്ങിപ്പോവുകയോ വീണ്ടും പുതുതായി ആരംഭിക്കുകയോ ചെയ്യേണ്ടിവരുന്നു.
പലപ്പോഴും നമുക്ക് ജീവിതത്തില്‍ ലക്ഷ്യം തെറ്റിപ്പോകുന്നു. വളരെ ഉത്സാഹത്തോടും പ്രതീക്ഷയോടും കൂടിയാണ് പലരും യാത്ര ആരംഭിക്കുന്നത്. എന്നാല്‍ ക്രമേണ ഉത്സാഹം നഷ്ടപ്പെടുന്നു.. പ്രതീക്ഷ അസ്തമിക്കുന്നു.. വഴിതെറ്റിപ്പോയതായി അറിയുന്നു.. തിരിച്ചു നടക്കാന്‍ സന്നദ്ധമാകുന്നു.അതുവരെ നടത്തിയ യാത്രകളെല്ലാം പാഴായി പോയെന്ന് ഇച്ഛാഭംഗമുണ്ടാകുന്നു..

ഈ യാത്ര കുടുംബജീവിതമാകാം..വിദ്യാഭ്യാസമണ്ഡലമാകാം..പുതിയ ബിസിനസ് സംരംഭങ്ങളാകാം..പുതിയ ജോലി മേഖലകളാകാം.. എന്തിന് ആത്മീയമണ്ഡലത്തില്‍ തന്നെയാകാം.. എവിടെയും വഴിതെറ്റാനുള്ള സാധ്യതകളുണ്ട്.. വഴി തെറ്റിപ്പോയെന്ന് തിരിച്ചറിവ് ഉണ്ടാകാനുമിടയുണ്ട്..

പക്ഷേ പലരും കുറെ എത്തിക്കഴിഞ്ഞപ്പോഴാണ് മനസ്സിലാക്കുന്നത് വഴി തെറ്റിപ്പോയെന്ന്. വഴിതെറ്റിപോകാന്‍ മേല്പ്പറഞ്ഞവ ഏതെങ്കിലും കാരണമായിട്ടുണ്ടാവാം.. അതുകൊണ്ട് യാത്ര എവിടേയ്ക്കുമാകട്ടെ അതിന് മുമ്പ് കൃത്യമായി തീരുമാനിക്കുക, മുന്‍ ഒരുക്കങ്ങള്‍ നടത്തുക.. വഴിതെറ്റിപോകാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മനസ്സിലാക്കുക.. ആത്മീയനേതാക്കളുടെ വഴിതെറ്റലുകളാണ് ഏറ്റവും ഗുരുതരമായിട്ടുള്ളത്. മഹത്തായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഇറങ്ങിത്തിരിച്ച പലരും പാതി വഴിയില്‍ വച്ച് വഴിതെറ്റിപോകുന്ന അവസ്ഥ വര്‍ത്തമാനകാലം നേരിടുന്ന വലിയ ചില ദുരന്തങ്ങളില്‍ ഒന്നാണ്.

പാതി വഴിയ്ക്ക് വച്ച് അവസാനിപ്പിക്കാനുള്ളതല്ല യാത്രകള്‍.. അത് പൂര്‍ത്തിയാക്കാനുള്ളതാണ്. കലപ്പയില്‍ കൈവച്ചിട്ട് തിരിഞ്ഞ് നോക്കരുതെന്ന് ക്രിസ്തുവും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ടല്ലോ…

ആലോചനയോടും ധ്യാനത്തോടും പ്രാര്‍ത്ഥനയോടും ദൈവത്തോട് ചേര്‍ന്ന് നമുക്ക് യാത്ര ആരംഭിക്കാം..അപ്പോള്‍ നമ്മുടെ യാത്രകള്‍ തെറ്റിപ്പോവുകയില്ല. ഉറപ്പ്‌.

You must be logged in to post a comment Login