ലളിതജീവിതം സഭാപ്രബോധനങ്ങളില്‍

ലളിതജീവിതം സഭാപ്രബോധനങ്ങളില്‍

സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലിയുടെ മാര്‍ഗ്ഗരേഖയുടെ പ്രസക്തഭാഗങ്ങള്‍ 2

ലാളിത്യത്തെക്കുറിച്ചുള്ള വി. ഗ്രന്ഥ സന്ദേശത്തിന്റെ തുടര്‍ച്ചയാണ് സഭാപ്രബോധനങ്ങളിലും ദൈവശാസ്ത്രസരണികളിലും നാം കാണുന്ന വിശുദ്ധമായ ലാളിത്യം. ക്രിസ്തീയ ജീവിതം നയിക്കുന്നതിന് നമ്മെ സഹായിക്കുന്ന പ്രധാനപ്പെട്ട ഉത്‌പ്രേരകമാണത്.

മനുഷ്യന്റെ വാക്കുകളല്ല, ഹൃദയലാളിത്യമാണ് ദൈവം പരിശോധിക്കുന്നത് എന്ന് വി.ബേസില്‍ പഠിപ്പിക്കുന്നു. എളിമയെ പുണ്യവും ദൈവത്തിലുള്ള പരിപൂര്‍ണമായ ആശ്രയത്വവുമാണ് വിശുദ്ധ ലാളിത്യത്തിന്റെ അടിസ്ഥാനങ്ങള്‍. ക്രിസ്തീയ ലാളിത്യത്തിന്റെ വിവിധ മാനങ്ങളെക്കുറിച്ച് വി. ക്രിസോസ്സോം വാചാലമാകുന്നത് കാണാം – ‘

ശാന്തതയോടെ സമയം ചിലവഴിക്കുന്നവര്‍, സത്യസന്ധവും സമചിത്തതയുള്ളതുമായ ജീവിതം നയിക്കുന്നവര്‍, അനീതിയുടെ പ്രകടനങ്ങള്‍ ഇല്ലാത്തവര്‍, പട്ടണത്തിന്റെ ആര്‍ഭാടങ്ങളില്ലാത്തവര്‍, തിഷ്ടമനുവദിക്കാത്തവര്‍. സുബോധത്തോടെ ജീവിക്കുന്നവര്‍, അദ്ധ്വാനിക്കുന്നതില്‍ ലജ്ജിക്കാത്തവര്‍, സകലവിധ ദുഷ്ടതയുടെയും ഉറവിടമായ അലസതയില്‍ ലജ്ജിക്കുന്നവര്‍, ബാഹ്യമായ ആകാരത്തെ ശ്രേഷ്ഠമായി കാണാത്തവര്‍, എന്നാല്‍ തങ്ങളുടെ മനസിന്റെ ആന്തരികതയില്‍ അഭിമാനിക്കുന്നവര്‍…’

വിശുദ്ധ ലാളിത്യവും ക്രൈസ്തവ ജീവിതവും

ലാളിത്യവും മിതത്വവും: ലാളിത്യം ക്രിസ്തീയ ജീവിതത്തെ എപ്രകാരം മഹത്തരമാക്കുന്നു എന്ന് ഹെര്‍മസിലെ ഇടയന്‍ പഠിപ്പിക്കുന്നുണ്ട്: ‘ വിശ്വാസത്തില്‍ നിന്നാണ് ആത്മനിയന്ത്രണം പുറപ്പെടുന്നത്. ആത്മനിയന്ത്രണത്തില്‍ നിന്ന് ലാളിത്യവും. ലാളിത്യത്തില്‍ നിന്നാണ് നിഷ്‌കപടത ജന്മം കൊള്ളുന്നത്.’ ലാളിത്യവും ആത്മനിയന്ത്രണവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. പിന്നീട് ക്രൈസ്തവ ആദ്ധ്യാത്മികതയില്‍ വളര്‍ന്നുവന്ന മിതത്വം എന്ന പുണ്യം ലാളിത്യത്തിന്റെ സഹയാത്രികയാണ്. അത് നമ്മെ പരിമിതപ്പെടുത്തുന്ന നിഷേധാത്മകമായ ഒന്നല്ല, മറിച്ച്, നമ്മുടെ ആന്തരിക ശാന്തതയെ ലക്ഷ്യം വച്ചുള്ള ഒരു ജീവിതക്രമീകരണമാണ്.

വസ്തുക്കളും സൗകര്യങ്ങളും സ്വാര്‍ത്ഥപരമായി കുന്നുകൂട്ടുന്നതിനുള്ള നിര്‍ബന്ധബുദ്ധിയില്‍ നിന്ന് വിടുതല്‍ പ്രാപിച്ച് നമ്മുടെ ജീവിത്തിലെ നന്മകളെ തിരിച്ചറിയുകയും സ്വാഭാവികപരിധി ലംഘിക്കാതെ അവയെ ആസ്വദിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്ന പുണ്യമാണത്.

ലാളിത്യവും തീക്ഷ്ണതയും: ചിലര്‍ ലാളിത്യമുള്ളവരെന്ന് അവകാശപ്പെടുെന്നങ്കിലും തികച്ചും മന്ദഗതിക്കാരാണ്. ലാളിത്യമുള്ളവരായിരിക്കുക എന്നതുകൊണ്ട് മടിയരായിരിക്കുക എന്നര്‍ത്ഥമില്ല എന്ന് വി. അഗസ്റ്റിന്‍ വ്യക്തമാക്കുന്നു. യോഹ. 1,32 ല്‍ ഈശോയുടെ മാമ്മോദീസയില്‍ പ്രാവിനെപ്പോലെ ഇറങ്ങിവന്ന പരിശുദ്ധാത്മാവ് ലാളിത്യത്തിന്റെ അടയാളമാണ്. വി. അഗസ്റ്റിന്റെ വീക്ഷണത്തില്‍, സ്വന്തം താല്‍പര്യങ്ങള്‍ നോക്കാതെ ക്രിസ്തുവിന്റെ കാര്യങ്ങള്‍ അന്വേഷിക്കുന്നവരാണ് പ്രാവിനേപ്പോലെ ലാളിത്യമുള്ളവര്‍. എന്നാല്‍ വിശ്വസിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവിനെ പകര്‍ന്നു തന്നിരിക്കുന്നത് തീനാവുകളുടെ രൂപത്തിലാണ്.

പ്രാവിനെപ്പോലെ ലാളിത്യമുള്ളവരാകാന്‍ പരിശ്രമിക്കുമ്പോഴും തീനാവുകളെപ്പോലെ തീക്ഷ്ണതയുള്ളവരായിരിക്കണം ക്രിസ്ത്യാനികള്‍. വിശുദ്ധ സ്റ്റീഫന്‍ ദൈവാത്മാവിനാല്‍ നിറഞ്ഞിരുന്നതിനാല്‍ തീക്ഷ്ണതകൊണ്ട് ജ്വലിച്ചിരുന്നു. അതിനാലാണ് അവനെ ശ്രവിച്ച വിരോധികള്‍ അവനെ എറിയാന്‍ കല്ലുകളെടുത്തത്. എന്നാല്‍, കല്ലേറിന്റെ മധ്യത്തില്‍ മുട്ടുകുത്തി നില്‍ക്കുന്ന സ്റ്റീഫനില്‍ പ്രാവിന്റെ ലാളിത്യം വി. അഗസ്റ്റിന്‍ ദര്‍ശിക്കുന്നു. അതിനാലാണ് അവന്‍ തന്റെ ഗുരുവിനേപ്പോലെ കര്‍ത്താവേ ഈ പാപം നീ അവരുടെമേല്‍ ചുമത്തരുതേ എന്നു പ്രാര്‍ത്ഥിച്ചത്.

മീന്‍പിടുത്തക്കാരും പാപികളും കൂടാരനിര്‍മാതാക്കളുമായ ശിഷ്യന്മാരുടെ ലാളിത്യമാണ് അവരെ തീക്ഷ്ണതയുള്ള പ്രേഷിതരാകുവാന്‍ സഹായിച്ചത് എന്ന് വി. ക്രിസോസ്‌റ്റോം പഠിപ്പിക്കുന്നുണ്ട് ക്രിസ്ത്യാനികളുടെ ആര്‍ഭാടജീവിതം അവര്‍ ഏറ്റെടുത്തിരിക്കുന്ന ആത്മീയസമരം അലസിപ്പോകുവാന്‍ എങ്ങനെ കാരണമാകുന്നു എന്ന് അദ്ദേഹം വിവരിക്കുന്നതിപ്രകാരമാണ്:

മുന്നില്‍ മെയ്‌വഴക്കത്തോടെ നില്‍ക്കുന്ന മല്ലനായ ശത്രുവുമായി മല്‍പിടുത്തത്തിലേര്‍പ്പെടുവാന്‍ കാല്‍പാദം വരെ നീണ്ട മേലങ്കികളും പട്ടുവസ്ത്രങ്ങളും ശിരസ്സില്‍ വിലകുറഞ്ഞ ആഭരണങ്ങളും അണിഞ്ഞ് നില്‍ക്കുന്നവര്‍ക്ക് എങ്ങനെ സാധിക്കും? ശത്രുവിനെ തോല്‍പിക്കുക എന്നതിനേക്കാള്‍ തന്റെ മേല്‍ത്തരം വസ്ത്രങ്ങള്‍ ചെളിപുരളാതിരിക്കുന്നതിനും കീറാതിരിക്കുന്നതിനുമായിരിക്കും അയാളുടെ ശ്രദ്ധ. ബാഹ്യമായ മോടികളില്‍ ശ്രദ്ധിക്കാതെ ആന്തരികമായവയില്‍ മനസ്സിനെ ഏകാഗ്രമാക്കുമ്പോള്‍ മാത്രമേ നമുക്ക് തിന്മയുടെ മേല്‍ വിജയം വരിക്കാന്‍ സാധിക്കൂ.

വിശ്വാസ വ്യാഖ്യാനങ്ങളിലുണ്ടാകേണ്ട ലാളിത്യം: വളരെ സാങ്കേതികമായ പദാവലികളുപയോഗിച്ച് വിശ്വാസത്തിന്റെ ലാളിത്യവും അകൃത്രിമത്വവും ഇല്ലാതാക്കരുത് എന്ന് വി. ബോസില്‍ പഠിപ്പിക്കുന്നുണ്ട്. ലൗകിക ഭാഷയുടെ പൊങ്ങച്ചത്തിലല്ല, വിനീതമായ സംഭാഷണത്തിലാണ് ദൈവം സംപ്രീതനായിരിക്കുന്നത്.

ലാളിത്യം സത്യത്തിന്റെ ചങ്ങാതിയാണ്. ഫ്രാന്‍സിസ് പാപ്പാ ലോകശ്രദ്ധ പിടിച്ചുപറ്റുന്നത് അദ്ദേഹത്തിന്റെ വാക്കിലും പ്രവൃത്തിയിലുമുള്ള ഈ ലാളിത്യമാണ്.

ലാളിത്യവും വിഭവങ്ങളുടെ വിനിയോഗവും

വിഭവവിനിയോഗത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനം ലാളിത്യത്തിന്റെ പക്വമായ മാനങ്ങളിലേക്ക് നമ്മെ നയിക്കും. ഞാന്‍ കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കിയ സ്വത്താണ്. അത് എനിക്ക് ഇഷ്ടമുള്ളതുപോലെ ആസ്വദിച്ച് ഞാന്‍ ജീവിക്കും. അതില്‍ നിങ്ങള്‍ക്ക് എന്ത് കാര്യം എന്ന ചിന്തയാണ് ചിലരെ ആഡംബരത്തിലേക്ക് നയിക്കുന്നത്.

എന്നാല്‍, ദൈവകൃപയാല്‍ നമുക്ക് കൈവവയെ എപ്രകാരം നോക്കിക്കാണണമെന്ന് വിശുദ്ധ ഗ്രന്ഥവും സഭാപ്രബോധനങ്ങളും നമ്മെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. സൃഷ്ടിയുടെ ആരംഭത്തില്‍ തന്നെ ഭൂമിയെയും അതിന്റെ വിഭവങ്ങളെയും പരിരക്ഷിക്കാനും അദ്ധ്വാനം വഴി അവയുടെ മേല്‍ അധികാരം പുലര്‍ത്താനും അവയുടെ ഫലങ്ങള്‍ ആസ്വാദിക്കാനും ദൈവം മനുഷ്യനെ നിയോഗിച്ചു (ഉല്‍പ. 1, 26-29). എന്നാല്‍, വിഭവങ്ങളുടെ സാര്‍വത്രികലക്ഷ്യത്തെ മറക്കരുത് എന്ന് സഭ ഓര്‍മ്മിപ്പിക്കുന്നു.

സൃഷ്ടവസ്തുക്കള്‍ മനുഷ്യകുലത്തിന് മുഴുവനുമായി ഉദ്ദേശിക്കപ്പെട്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പൊതുകാര്യസ്ഥതയ്ക്കാണ് ദൈവം മനുഷ്യനെ അവ ഭരമേല്‍പിച്ചത്., അല്ലാതെ, അവന്റെ സ്വാര്‍ത്ഥലാഭത്തിനല്ല. എല്ലാവരും എല്ലാവര്‍ക്കും വേണ്ടിയാണ് എന്ന കൂട്ടുത്തരവാദിത്തബോധം രണ്ടായിരം വര്‍ഷക്കാലം സഭയുടെ ആത്മാവില്‍ സജീവമായി നിലനിന്നിട്ടുണ്ട്.

സ്വകാര്യസ്വത്തിനുള്ള അവകാശത്തെ സഭ അംഗീകരിക്കുന്നുണ്ട്. എന്നാല്‍, അമിതമായി ചിലവുചെയ്യുന്നതും ധൂര്‍ത്തടിക്കുന്നതും അധാര്‍മ്മികമാണ്. മനുഷ്യന്‍ നിയമാനുസൃതമായി സ്വന്തമാക്കിയിട്ടുള്ള ബാഹ്യവസ്തുക്കളെ തന്റേതുമാത്രമായി കരുതാന്‍ പാടില്ല. പിന്നെയോ തനിക്കും മറ്റുള്ളവര്‍ക്കും അവയില്‍നിന്ന് ഉപകാരം ലഭിക്കണം എന്ന അര്‍ത്ഥത്തില്‍ അവര്‍ക്കുകൂടി ഉള്ളവയായി കരുതണം. ഭൂമിയുടെ ഉടമസ്ഥാവകാശം ദൈവത്തിനാണ്, മനുഷ്യന്‍ കുടികിടപ്പുകാരന്‍ മാത്രമാണ് എന്ന പഴയനിയമപഠനമാണ് (ലേവ്യര്‍ 25,23) അതിനടിസ്ഥാനം. അതുകൊണ്ടാണ് സ്വകാര്യസ്വത്തവകാശം സമ്പൂര്‍ണമോ വ്യവസ്ഥാതീതമോ അല്ല എന്ന് പോള്‍ ആറാമന്‍ പാപ്പ പഠിപ്പിക്കുന്നത്.

ദാരിദ്രവും അക്രമവും മനുഷ്യജീവിതത്തെ വേട്ടയാടുന്നിടത്തെല്ലാം സഹാനുഭൂതിയോടെ തങ്ങള്‍ക്കുള്ളതെല്ലാം പങ്കുവയ്ക്കുവാന്‍ ക്രിസ്ത്യാനിക്ക് കടമയുണ്ട്. പാപപങ്കിലമായ മനുഷ്യരാശിക്കുവേണ്ടി ഈശോമിശിഹാ സ്വയം ബലിയായിതീര്‍ന്നതുപോലെ സഹോദരങ്ങളുടെ ആവശ്യങ്ങളോട് സഹാനുഭൂതിയോടെ പ്രതികരിക്കുവാന്‍ ക്രിസ്ത്യാനിക്ക് ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടാണല്ലോ വി. അംബ്രോസ് ഇങ്ങനെ പഠിപ്പിച്ചത്, നിങ്ങള്‍ പാവപ്പെട്ടവര്‍ക്കു ദാനം കൊടുക്കുകയല്ല; അവര്‍ക്ക് അവകാശപ്പെട്ടത് നിങ്ങള്‍ തിരികെ കൊടുക്കുകയാണ്. എല്ലാവരുടെയും പൊതു ഉപയോഗത്തിനായി നല്‍കപ്പെട്ടത് നിങ്ങള്‍ കൈവശം വച്ചിരിക്കുകയായിരുന്നു. ഭൂമി എല്ലാവരുടേതുമാണ്. സമ്പന്നരുടേതല്ല. ആവശ്യത്തില്‍ ഞെരുങ്ങുന്നവനെ കണ്ടിട്ടും പങ്കുവയ്ക്കാത്തവന്‍ പാപം ചെയ്യുന്നു എന്ന് യോഹാന്‍ ശ്ലീഹ നമ്മെ ഓര്‍മ്മിപ്പിക്കുന്നു (1 യോഹ.3,17).

ലാളിത്യത്തോടെ സമ്പത്ത് കൈകാര്യം ചെയ്യുവാന്‍ സഹായിക്കുന്ന പുണ്യങ്ങളെക്കുറിച്ച് സഭ പഠിപ്പിക്കുുണ്ട്. മനുഷ്യമാഹാത്മ്യത്തോടുള്ള ആദരവിനെ പ്രതി, ഈ ലോകവസ്തുക്കളോടുള്ള പ്രതിപത്തി നിയന്ത്രിക്കുന്നതിനാവശ്യമായ സംയമനമാണ് അതിലാദ്യത്തേത്. അയല്‍ക്കാരന്റെ അവകാശങ്ങളെ സംരക്ഷിക്കാനും അവന് അര്‍ഹതപ്പെട്ടത് നല്‍കാനും നീതി എന്ന പുണ്യവും അഭ്യസിക്കേണ്ടിയിരിക്കുന്നു. സഹാനുഭൂതിയാണ് നമ്മിലുണ്ടായിരിക്കേണ്ട മൂന്നാമത്തെ പുണ്യം. സ്വയം സമ്പനായിരുന്നിട്ടും നമ്മെ സമ്പന്നരാക്കാന്‍ വേണ്ടി ദരിദ്രനായിത്തീര്‍ന്ന ഈശോയുടെ മനോഭാവം തെയാണത് (2 കൊറി.8,9). നമുക്ക് സ്വയം വ്യയം ചെയ്യാമായിരുന്നിട്ടും ലളിതജീവിതം നയിച്ച് സഹോദരങ്ങളുടെ ശോചനീയാവസ്ഥകളില്‍ സഹാനുഭൂതിയോടെ പെരുമാറാനുള്ള വിളിയാണത്.

ലാളിത്യവും പരിസ്ഥിതി ആത്മീയതയും

ക്രിസ്തീയ ലാളിത്യത്തിന്റെ ഏറ്റവും വിശാലമായ ഭാവമാണ് ലൗദാത്തോ സീ (അങ്ങേയ്ക്കു സ്തുതി) യില്‍ ഫ്രാന്‍സിസ് പാപ്പാ മുന്നോട്ടുവയ്ക്കുന്ന പരിസ്ഥിതി മാനസാന്തരം. പ്രകൃതിയെ ആര്‍ത്തിയോടെ ചൂഷ്ണം ചെയ്യുന്ന ഇന്നത്തെ അവസ്ഥ നമ്മള്‍ അവസാനിപ്പിക്കണം. അത്തരമൊരു തീരുമാനവും മാറ്റവുമാണ് പരിസ്ഥിതി ആത്മീയത. അതിന്റെ അടിസ്ഥാന പ്രമാണം, പ്രപഞ്ചവസ്തുക്കളെ മുഴുവന്‍ സഹോദരങ്ങളായി കാണുന്ന വി. ഫ്രാന്‍സിസ് അസ്സീസിയുടെ ചൈതന്യമാണ്. മലയും പുഴയും മരവും മൃഗവുമൊക്കെ എന്റെ സഹോദരങ്ങളായതിനാല്‍ അവയെ നശിപ്പിക്കരുത്, വേദനിപ്പിക്കരുത്. എന്റെ ഉപജീവനത്തിന് അത്യാവിശ്യമായിട്ടുള്ളിടത്തോളം മാത്രമേ വേദനിപ്പിക്കാവൂ. മനുഷ്യനെ സൃഷ്ടിച്ച ദൈവം തെന്നയാണ് ഈ പ്രപഞ്ചത്തെയും അതിലെ ചരചങ്ങളെയും സൃഷ്ടിച്ചതെന്ന തിരിച്ചറിവാണ് പരിസ്ഥിതി ആദ്ധ്യാത്മികതയുടെ അടിസ്ഥാനം. അതോടൊപ്പം, ഉത്ഥിതനായ ക്രിസ്തു ഭൗതികലോകത്തെ തന്നിലേക്ക് സ്വാംശീകരിച്ചിരിക്കുന്നുവെന്നും അതിലൂടെ ഓരോ സൃഷ്ടവസ്തുവിലും അവിടുന്ന് സന്നിഹിതനാകുന്നുവെന്നുമുള്ള തിരിച്ചറിവും കൂടിയാണിത്.

അല്‍പത്തില്‍ ആനന്ദം കണ്ടെത്തുക എന്നതാണ് പരിസ്ഥിതി ആത്മീയതയുടെ മറ്റൊരു പ്രമാണം. മിനിമം കൊണ്ട് ജീവിക്കാനും, തൃപ്തിയടയാനും ശീലിക്കുന്ന രീതിയാണിത്. ഇപ്രകാരമുള്ള പരിസ്ഥിതി ആത്മീയതയുടെ ജീവിതശൈലിക്കു നിദാനം ഈ ഭൂമിയും അതിലെ വിഭവങ്ങളും പരിമിതമാണെന്ന തിരിച്ചറിവാണ്. മനുഷ്യന്റെ ആര്‍ത്തിയെ തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങള്‍ ഭൂമിയിലില്ല. മറിച്ച് അവന്റെ ആവശ്യങ്ങള്‍ക്കുള്ളവയേ ഉള്ളൂ. മനുഷ്യരായ നമ്മള്‍ ഈ പൊതുുഭവനത്തിന്റെ ഉടമസ്ഥരല്ല കാവല്‍ക്കാരും സംരക്ഷകരുമാണെന്ന ഉത്തരവാദിത്വബോധത്തില്‍ നിന്നുമാണ് പരിസ്ഥിതി ആത്മീയത രൂപം കൊള്ളുന്നത്. നമുക്ക് ശേഷം വരാനിരിക്കുന്ന തലമുറഉത്തരവാദിത്വം മനുഷ്യനുണ്ട്. അതിനാല്‍ സ്വന്തം ഉപജീവനത്തിന് ആവശ്യമുള്ളതുമാത്രം ഈ ഭൂമിയില്‍ നിന്നും എടുക്കുന്ന ലളിതജീവിതമാണ് പരിസ്ഥിതി ആത്മീയത. ( തുടരും)

You must be logged in to post a comment Login