ലാളിത്യജീവിതം അഭിമുഖീകരിക്കുന്ന ആധുനിക വെല്ലുവിളികള്‍

ലാളിത്യജീവിതം അഭിമുഖീകരിക്കുന്ന ആധുനിക വെല്ലുവിളികള്‍

സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലിയുടെ മാര്‍ഗ്ഗരേഖയുടെ പ്രസക്തഭാഗങ്ങള്‍ 3

ഉപഭോഗസംസ്‌കാരവും മാനവപുരോഗതിയും

മനുഷ്യരുടെ അറിവും വിദ്യാഭ്യാസവും വര്‍ദ്ധിക്കുന്നതനുസരിച്ച്, തങ്ങളുടെ നിരവധിയായ ആവശ്യങ്ങളെപ്പറ്റിയുള്ള അവബോധവും ആഴപ്പെട്ടുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ നിലനില്‍പിന് അത്യന്താപേക്ഷിതമായ ശാരീരികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ താരതമ്യേന എളുപ്പമാണെങ്കിലും അവന്റെ മാനസികവും സാമൂഹികവുമായ ആവശ്യങ്ങള്‍ നിരന്തരം വര്‍ദ്ധിക്കുകയും ഒരിക്കലും പൂര്‍ണ്ണമായി തൃപ്തിപ്പെടുത്താന്‍ പറ്റാത്തവയുമാണ്. ഉദാഹരണമായി, ശരീരത്തെ ചൂടില്‍ നിന്നും തണുപ്പില്‍നിന്നും സംരക്ഷിക്കുന്നതിനും നാണം മറയ്ക്കുന്നതിനും ആവശ്യമായ വസ്ത്രം വാങ്ങാന്‍ വലിയ ചെലവുണ്ടാകുകയില്ലെങ്കിലും, ഒരാളുടെ സാമുഹികമായ നിലയും വിലയും അനുസരിച്ച് മനസ്സിനൊത്ത വസ്ത്രം വാങ്ങണമെങ്കില്‍ മറ്റേതിനാക്കാള്‍ എത്രയോ കൂടുതല്‍ തുക ചെലവാക്കണം? ഒരു കുടുംബത്തിനു സുരക്ഷയോടെ താമസിക്കാന്‍ ആവശ്യമായ വീടിനേക്കാള്‍ ആഡംബരമുള്ളതാണ് പണമുള്ളവന്‍ തന്റെ സാമൂഹ്യമായ നിലയും പ്രൗഡിയും പ്രകടിപ്പിക്കാനും, മനസ്സിനു കൂടുതല്‍ സുഖം കൊടുക്കാനും വേണ്ടി ഉണ്ടാക്കുന്ന മേല്‍ത്തരം വന്‍ ബഹുനില മന്ദിരങ്ങള്‍. ഈ സാഹചര്യത്തില്‍ ലാളിത്യത്തേക്കാള്‍ അയാളുടെ മനസ്സില്‍ മുന്‍ഗണന തന്റെ മാനസികവും സാമൂഹ്യവുമായ ആവശ്യത്തിനു സഹായകമായ ആഡംബരത്തിനു തെന്നയാണ്. അങ്ങനെ സാമ്പത്തികമായും സാമൂഹ്യമായും വികസിക്കുകയും കഴിവുറ്റതാകുകയും ചെയ്യുന്നതിനനുസരിച്ച് സമൂഹത്തില്‍ ആഡംബരത്വര വര്‍ദ്ധിക്കുന്നു.

ഇന്ന് വികസ്വരരാജ്യങ്ങിലെ ജനങ്ങള്‍ വികസിതരാജ്യങ്ങളിലുള്ളവരെപ്പോലെ കിട്ടാവുന്നത്ര ഉപഭോഗവസ്തുക്കള്‍ അനുഭവിക്കാന്‍ ആഗ്രഹിക്കുന്നു. തങ്ങളാഗ്രഹിക്കുന്ന വിധത്തില്‍ അത് സാധിക്കാത്തതുകൊണ്ട് വളരെപ്പേര്‍ അസംതൃപ്തരായോ നിരാശരായോ കഴിയുന്നു. മാത്രമല്ല, ഉപരിതലത്തിലുള്ളവര്‍ കൂടുതല്‍ ആര്‍ഭാടത്തില്‍ കഴിയുമ്പോള്‍ താഴന്ന് തലത്തിലുള്ളവര്‍ക്കു ആനുപാതികമായ വരുമാനമില്ലാത്തതുകൊണ്ട് ഇരുകൂട്ടരും തമ്മിലുള്ള വിടവ് അനുദിനം വര്‍ദ്ധിച്ചുവരുന്നു. ഇതു ദരിദ്രരുടെ അസംതൃപ്തിയുടെയും നിരാശയുടെയും ആക്കം കൂട്ടുന്നു.

മനുഷ്യരുടെ വര്‍ദ്ധിച്ചുവരുന്ന ആവ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനനുസരിച്ച് മാനവപുരോഗതി അളക്കുന്ന ഈ സാഹചര്യത്തില്‍ ലാളിത്യത്തിന് നമ്മുടെ സമൂഹത്തില്‍ എന്ത് പ്രസക്തിയാണുള്ളത്. മനുഷ്യന്റെ മാനസികവും സാമൂഹ്യവുമായ ആവശ്യങ്ങള്‍ ഒരു കാലത്തും പൂര്‍ണമായി പൂര്‍ത്തീകരിക്കപ്പെടുകയില്ല എന്ന് സാമൂഹിക പഠനങ്ങള്‍ തെളിയിക്കുന്നു. അവ ഒരര്‍ത്ഥത്തില്‍ അനന്തമാണ്. അധികാരം, സ്ഥാനം, ആഡംബരസുഖം മുതലായവ മനുഷ്യന്‍ നിരന്തരം കൂടുതല്‍ കൂടുതലായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന മാനസിക- സാമൂഹ്യാവശ്യങ്ങളാണ്. അതുകൊണ്ട്, ആഡംബരത്വര ജീവിതത്തിലൊരിക്കലും പൂര്‍ണമായി തൃപ്തിപ്പെടുത്തി അവസാനിപ്പിക്കാനാവില്ല. അതിന് സ്വയം ഒരു അതിര് നിശ്ചയിച്ച് ഇത്രയും മതിയെന്നു തീരുമാനിക്കുന്നിടത്തുനിന്നു മാത്രമേ ലാളിത്യം മുളയെടുക്കുവാന്‍ തുടങ്ങുകയുള്ളു. വേറെ വാക്കുകളില്‍ പറഞ്ഞാല്‍, ആവശ്യങ്ങളെ പൂര്‍ണമായി തൃപ്തിപ്പെടുത്തിയിട്ടല്ല, മറിച്ച് അവയ്ക്ക് അതീതമായി ഉയര്‍ന്നുകൊണ്ടുമാത്രമേ ലാളിത്യത്തിനു തുടക്കമിടാനാവൂ.

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ 1979 ലെ തന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനവേളയിലും ഫ്രാന്‍സിസ് പാപ്പാ കൂടെക്കൂടെയും ഉപഭോഗസംസ്‌കാരത്തിന് ഒരു പ്രതിസംസ്‌കാരം സൃഷ്ടിക്കുന്ന മുന്നണിപ്പോരാളികളാകുവാന്‍ ക്രൈസ്തവര്‍ ലാളിത്യമുള്ളവരാകണം എന്ന് ഉദ്‌ബോധിപ്പിക്കുന്നുണ്ട്. പരുക്കന്‍ വിമര്‍ശനങ്ങളെയും തളര്‍ത്തുന്ന സംശയങ്ങളെയും പണത്തിന്റെ സ്വാധീനം മാനവപുരോഗതിയുടെ മാനദണ്ഡമാക്കുന്നതിനെയും നേരിടുന്നതിനുള്ള മറുമരുന്നാണ് സുവിശേഷം ആഹ്വാനം ചെയ്യുന്ന ആന്ദകരമായ ലളിതജീവിതം. എന്നാല്‍, ആദ്യമേതന്നെ സൂചിപ്പിച്ചതുപോലെ, വര്‍ദ്ധിച്ചുവരുന്ന ആഡംബരഭ്രമം ഇതിനു തടസ്സമായി നില്‍ക്കുന്നു. നമ്മുടെ സഭാമക്കളുടെ ജീവിതത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഇതു ദര്‍ശിക്കാം.

അനുദിനജീവിതത്തിലെ ആഡംബരഭ്രമം

മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും നൂറുകണക്കിന് ടി.വി ചാനലുകളും കൂടുതല്‍ സാങ്കേതിക മികവോടെ ജീവിതം നയിക്കുവാന്‍ നമ്മെ പ്രാപ്തരാക്കിയിട്ടുണ്ട് എന്നത് ശരിതന്നെ. എന്നാല്‍, ഇവ പ്രോത്സാഹിപ്പിക്കുന്ന ധൂര്‍ത്തിന്റെ വഴികള്‍ നമ്മുടെ ജീവിതങ്ങളെ വ്യക്തികേന്ദ്രീകൃതമായ സുഖസൗകര്യങ്ങളിലേക്കും എല്ലാം സ്വരുക്കൂട്ടുവാനുള്ള പ്രലോഭനങ്ങളിലേക്കും നയിച്ചിട്ടുണ്ട്. നമ്മുടെ അനുദിനജീവിതത്തില്‍ സൗകര്യങ്ങളെക്കാള്‍ ആകര്‍ഷണത്തിനും ആഡംബരത്തിനും ആവശ്യങ്ങളേക്കാള്‍ ആര്‍ഭാടത്തിനും മുന്‍തൂക്കം കൊടുക്കുന്നവരായി നാം മാറിക്കൊണ്ടിരിക്കുകയാണ്.

കെട്ടിട നിര്‍മ്മാണങ്ങളുടെ പുറകിലെ നമ്മുടെ മാത്സര്യം ഒന്നിനൊന്ന് മികവ് വര്‍ദ്ധിപ്പിക്കാനുള്ള ആഗ്രഹം മാത്രമല്ല പ്രകടിപ്പിക്കുന്നത്. നമ്മുടെ വീടുകള്‍ ഒരു കൂടുംബത്തിന് ജീവിക്കുന്നതിനാവസ്യമായ സൗകര്യത്തേക്കാള്‍ പ്രൗഢിയും ആകര്‍ഷകത്വവും പണകൊഴുപ്പുമാണ് പ്രദര്‍ശിപ്പിക്കുന്നത്. അതിനായി ലോണ്‍ എടുത്ത്, വരവില്‍ കവിഞ്ഞ ചിലവ് ചെയ്ത് വലിയ കടക്കെണിയിലേക്ക് നീങ്ങുന്ന അവസ്ഥ എത്രയോ പേര്‍ക്കുണ്ട്. നമ്മുടെ ദേവാലയനിര്‍മ്മാണത്തിലും ഈ സമീപനങ്ങള്‍ കടന്നുകൂടിയിരിക്കുന്നു.

സഭയുടെ സ്ഥാപനങ്ങളില്‍ പലതും പേരും പെരുമയും നിലനിര്‍ത്തുന്നതിനുള്ള ഉപാധികളായി മാറിയിരിക്കുന്നു. അവ തമ്മില്‍ പലപ്പോഴും അനാരോഗ്യകരമായ മത്സരം നടക്കുന്നു. ഗുണമേന്മയുടെ പേരില്‍ ക്രിസ്തീയ മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കുന്നതില്‍ നമ്മുടെ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തുന്നുണ്ടോ എന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്. നമ്മുടെ പല സ്ഥാപനങ്ങളും സന്യാസഭവനങ്ങളും പാവപ്പെട്ടവനില്‍ നിന്ന് വേറിട്ടാണ് നില്‍ക്കുന്നത് എന്ന സത്യം നാം മനസിലാക്കണം. സമ്പത്തും ശക്തിയും സ്ഥാനമാനങ്ങളും സമ്മാനിച്ച വ്യഗ്രതകള്‍ വിളിച്ചവനിലേക്കും അയക്കപ്പെട്ടവരിലേക്കും തിരിയേണ്ട നമ്മുടെ ജിവിതങ്ങലെ വ്യതിചലിപ്പിക്കുന്നുണ്ടോ? പ്രശസ്തിയുടെ പടവുകള്‍ കയറാന്‍ ബലഹീനരെയും പാവപ്പെട്ടവരെയും നാം അവഗണിക്കുന്നുണ്ടോ? ഈശോയുടെ ശുശ്രൂഷയുടെ പ്രധാനസ്വീകര്‍ത്താക്കളായിരുന്ന പാവപ്പെട്ടവര്‍ നമ്മുടെ സ്ഥാപനങ്ങളുടെ ശുശ്രൂഷയുടെയും ലക്ഷ്യമായി തുടരേണ്ടതല്ലേ? നമ്മുടെ ശുശ്രൂഷ പാവപ്പെട്ടവരിലേക്കും സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള എല്ലാവരിലേക്കും എത്തിനില്‍ക്കണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം നമ്മുടെ ചിന്തയ്ക്ക് വിഷയമാക്കണം.

തെഴിലിനോടുള്ള നമ്മമുടെ മനോഭാവവും ആത്മപരിശോധനക്ക് വിധേയമാക്കേണ്ടതാണ്. ആര്‍ഭാടത്തിനും ധനസമ്പാദനത്തിനുമുള്ള ഒരു മാര്‍ഗ്ഗമെന്നതിനപ്പുറം ദൈവം മനുഷ്യനു സമ്മാനിച്ചിരിക്കുന്ന സൃഷ്ടിപരതയുടെ സാക്ഷാത്കാരമായി തെഴിലിനെ കാണുന്നവര്‍ വളരെ വിരളമായിക്കൊണ്ടിരിക്കുന്നു. തൊഴിലിനോടും തൊഴില്‍സ്ഥാപനത്തോടുമുള്ള പ്രതിബദ്ധത തൊഴിലാളിക്കും, തൊഴില്‍ സ്ഥാപനത്തിലെ തൊഴിലാളികളെ കുടുംബാംഗങ്ങലായി കാണുന്ന സമീപനം തൊഴില്‍ ദാതാവിനും നഷ്ടമായിരിക്കുന്നു. കുറച്ച് ജോലികള്‍ ചെയ്ത് കൂടുതല്‍ വരുമാനമുണ്ടാക്കുവാന്‍ തൊഴിലാളി പരിശ്രമിക്കുമ്പോള്‍, കുറച്ച് തൊഴിലാളികളെക്കൊണ്ട് കൂടുതല്‍ പണിയെടുപ്പിച്ച് എങ്ങനെ വരുമാനം വര്‍ദ്ധിപ്പിക്കാം എന്നതാണ് തൊഴില്‍ദാതാവിന്റെ മുഖ്യചിന്ത. അലസതയും ആര്‍ഭാടവും തൊഴില്‍മേഖലയെ നിലവാരമില്ലാത്തതും സമൂഹത്തിന്റെ കെട്ടുറപ്പിനെ തകര്‍ക്കുന്നതും ആക്കി തീര്‍ക്കുന്നു.

ഉയര്‍ന്ന വിദ്യാഭ്യാസനിലവാരവും ജോലികളും നമ്മുചെ കുറേയേറെ കുടുംബങ്ങളെ ഉന്നത ജീവിതനിലവാരത്തിലേക്ക് നയിച്ചിട്ടുണ്ട്. എന്നാല്‍, അത് ത്തുല്യമായ ക്രിസ്തീയ പങ്കുവയ്ക്കലിലേക്ക് നയിച്ചിട്ടുണ്ടോയെന്ന് നമ്മള്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൂടുതല്‍ സ്വരുക്കൂട്ടാന്‍ വേണ്ടി കൂടുതല്‍ ജോലി ചെയ്യുകയും കുടുംബത്തിനും വ്യക്തിബന്ധങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും സമയം കണ്ടെത്താതെയിരിക്കുകയും ചെയ്യുന്നവരെ നമുക്കറിയാം. ആരെയും ആശ്രയിക്കാതെ ജീവിക്കുവാന്‍ വേണ്ടി സാമ്പത്തിക സുരക്ഷിതത്വം നേടിയെടുക്കാനുള്ള വ്യഗ്രതയില്‍, പങ്കു വയ്‌ക്കേണ്ടതിന്റെ ആവശ്യകത തന്നെ പലരും മറന്നുപോകുന്നു. ഇതിനെല്ലാം മൂലകാരണം കൂടുതല്‍ സ്വരുക്കൂട്ടുന്നതിനുള്ള പ്രവണതയായതുകൊണ്ട് ലളിതജീവിതമാണ് ഈ അവസ്ഥയ്ക്കുള്ള പരിഹാരമാര്‍ഗം എന്ന് നാം തിരിച്ചറിയണം. ലളിതജീവിതം നയിക്കുന്നവര്‍ക്ക് കുടുംബത്തിന്റെയും സഭയുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി സമയം കണ്ടെത്തുവാന്‍ കഴിയും. തരതമ്യേന ഉയര്‍ന്ന ജീവിതനിലവാരം പുലര്‍ത്തുന്ന കേരളത്തിലെ സീറോ മലബാര്‍ സഭാസമൂഹങ്ങള്‍ പ്രവാസി സഭാസമൂഹങ്ങളുടെയും ശൈശവാവസ്ഥയിലുള്ള സഭാസമൂഹങ്ങളുടെയും പുരോഗതി ലക്ഷ്യം വയ്ക്കണം.

ആഘോഷങ്ങളിലും അനുഷ്ഠാനങ്ങളിലും ആര്‍ഭാടം

നമ്മുടെ സമൂഹജീവിതത്തെ കൂട്ടിയിണക്കുന്ന പ്രധാനഘടകങ്ങളാണ് ജനനം മുതല്‍ മരണം വരെ നാം കടന്നുപോകുന്ന അനേകം ആചാരങ്ങളും ആഘോഷങ്ങളും. എന്നാല്‍, ഇന്ന് സമൂഹത്തിന്റെ എല്ലാ മേഘലകളിലും സ്വാധീനം ചെലുത്തുന്ന കമ്പോളവതത്കരണം മൂല്യശ്രേണിയിലെ പ്രധാനഘടകമായി അവതരിപ്പിക്കുന്ന സാമ്പത്തികസമൃദ്ധിതന്നെ സഭയുടെയും ക്രിസ്തീയ കുടുംബത്തിന്റെയും ആത്യന്തികലക്ഷ്യമായി പ്രായോഗികജീവിതത്തില്‍ കടന്നുവരുന്നതായി കണ്ടെത്താന്‍ സാധിക്കും.

അനുഷ്ഠാനങ്ങളെ അവയുടെ സ്വഭാവത്താല്‍തന്നെ ഫലസിദ്ധിയുമായി ബന്ധപ്പെടുത്താറുണ്ട്. എന്നാല്‍, ഇന്നത്തെ കമ്പോളസംസ്‌കാരത്തില്‍ പരമ്പരാഗത അനുഷ്ഠാനങ്ങളെ മുതല്‍മുടക്കുകളായി കാണുന്ന സാഹചര്യം സംജാതമായിരിക്കുന്നു. ഇവ അനുഷ്ഠിച്ചാല്‍ എന്തു കിട്ടും? എന്ത് മെച്ചം? തുടങ്ങിയ ചോദ്യങ്ങള്‍ കച്ചവട സംസ്‌കാരം സഭാജീവിതത്തിലേക്ക് കടന്നുവരുന്നതിന്റെ അടയാളങ്ങളായി കാണണം. അറിഞ്ഞോ അറിയാതയോ അജപാലന ശുശ്രൂഷകള്‍ ഈ സംസ്‌കാരം സ്വാംശീകരിച്ചു വരുന്നു. പുതുമയും വൈവിധ്യങ്ങളും കൊണ്ടലങ്കരിച്ച അനുഷ്ഠാനങ്ങളുടെ അനന്തസാധ്യതകള്‍ അവതരിപ്പിക്കുന്നതില്‍ മാത്രം നമ്മുടെ അജപാലന ഔത്സുക്യം ഒതുങ്ങുന്നുണ്ടോ? പെരുകുന്ന തീര്‍ത്ഥാടനകേന്ദ്രങ്ങളും വര്‍ദ്ധിച്ചുവരുന്ന പെരുന്നാളാഘോഷങ്ങളും, വാഗ്ദാനങ്ങള്‍ മാല്‍സര്യബുദ്ധിയോടെ ഊതിവീര്‍പ്പിക്കുന്ന നൊവേനകളും മാര്‍ക്കറ്റിലെ വിപണന തന്ത്രങ്ങള്‍ കടമെടുക്കുന്നതായി തോന്നുന്നു. അവ നമ്മുടെ വിശ്വാസജീവിതത്തെ പരിപോഷിപ്പിക്കുവാന്‍ സഹയകമാണോ എന്ന് സഭാമക്കള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ക്രിസ്തീയ കൂദാശകളായ മാമ്മോദീസയും ആഘോഷമായ വിശുദ്ധ കുര്‍ബാന സ്വീകരണവും വിവാഹവും തിരുപ്പട്ടവും തുടങ്ങി സന്യാസവ്രതവാഗ്ദാനങ്ങളും മരണവാര്‍ഷികങ്ങളും വരെ സാമ്പത്തിക സമൃദ്ധിയുടെയും പ്രൗഢിയുടെയും പ്രകടനങ്ങളായി മാറിക്കൊണ്ടിരിക്കുകയല്ലേ. ആഘോഷങ്ങള്‍ ധൂര്‍ത്തിലേക്കും ധൂര്‍ത്ത് കപടപ്രശസ്തി അന്വേഷണത്തിലേക്കും കടന്നിരിക്കുന്നു. താല്‍കാലിക കാര്യലാഭ്യത്തിനുവേണ്ടി, ഉപഭോഗമനസ്സോടെ ഒരുമിച്ചു കൂടുന്ന ഭകത്രുടെ ബാഹുല്യം കാണുമെങ്കിലും കാലക്രമത്തില്‍ വിശ്വാസരാഹിത്യത്തിലേക്കായിരിക്കും ഇത്തരം മനോഭാവങ്ങള്‍ സഭയെ കൊണ്ടുചെന്നെത്തിക്കുക. അതിനാല്‍ അജപാലനശുശ്രൂഷയെ കാര്യഗൗരവത്തോടെ വിലയിരുത്തുകയും വികലമായ മനോഭാവങ്ങളിലും അന്ധവിശ്വാസങ്ങളില്‍ നിന്നു് നമ്മുടെ വിശ്വാസാനുഷ്ഠാനങ്ങളെ വിമോചിപ്പിക്കുകയും വേണം. സമൂഹം സുഖലോലുപതയിലേക്കും ധൂര്‍ത്തിലേക്കും പോകുമ്പോള്‍ അതിന് പ്രതിസംസ്‌കാരം സൃഷ്ടിക്കുകയാണ് സഭയുടെ ദൗത്യം.

നമ്മുടെ ധ്യാനകേന്ദ്രങ്ങളും സന്യാസഭവനങ്ങളും ഇടവകദേവാലയങ്ങളും പ്രഘോഷകനിലേക്കുതന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആര്‍ഭാടത്തിന്റെയും രാജകീയതയുടെയും അന്തരീക്ഷങ്ങളായി വളര്‍ന്നുവരുന്നു. സഭാഹയരാര്‍ക്കിയും സന്യാസസമര്‍പ്പിതരും ക്രിസ്തുവിനെ സുതാര്യമായി അവതരിപ്പിക്കുന്നതിനുതകുന്ന ലാളിത്യമുള്ളവരാകേണ്ടിയിരിക്കുന്നു. വ്രതവാഗ്ദാനം, തിരുപ്പട്ടം തുടങ്ങി സഭയുടെ പൊതു ആഘോഷവേദികളും ധാരാളിത്തത്തിന്റെ പ്രകടനവേദികളായി മാറുന്നു എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതല്ലേ? സജ്ജീകരണങ്ങളും അലങ്കാരങ്ങളും മറ്റുള്ളവരുടേതിനേക്കാള്‍ ആകര്‍ഷങ്ങളും കണ്ണഞ്ചിപ്പിക്കുന്നതുമാകമം എന്ന ദുരഭിമാനം നമ്മെ പലരെയും ബാധിച്ചിട്ടുണ്ട്. നമ്മുടെ തിരുന്നാള്‍ നടത്തിപ്പുകള്‍ ദൈവജനത്തിന്റെ വിശ്വാസവളര്‍ച്ചയ്ക്ക് എന്തു മാത്രം സഹായിക്കുന്നു? ആത്മീയ ഉമര്‍വും, കൂട്ടായ്മയും സാമൂദായിക കെട്ടുറപ്പും വളര്‍ത്തേണ്ട തിരുന്നാളുകള്‍ വാണിജ്യവത്കരിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം.

കുടുംബങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും സമ്പത്തും കുലമഹിമയും വിളംബരം ചെയ്യാനുള്ള വേദികളാണെന്ന് തോന്നുംവിധമാണ് ചില വിവാഹാഘോഷങ്ങള്‍. ക്ഷണക്കത്തിന്റെ തിളക്കവും പങ്കെടുക്കുന്നവരുടെ ബാഹുല്യവും വിവാഹാഘോഷത്തിന്റെ മാനദണ്ഡങ്ങളായി പലരും കണ്ടുതുടങ്ങിയിരിക്കുന്നു. ശീതീകരിച്ച ഓഡിറ്റോറിയങ്ങളും സ്വര്‍മാഭരണങ്ങളുടെയും ഉടയാടകളുടെയും പ്രഢിയും ഇവന്റ് മാനേജുമന്റുകളുടെ നൈപുണ്യവും പല വിവാഹാഘോഷങ്ങളെയും ആര്‍ഭാടത്തിന്റെയും ധൂര്‍ത്തിന്റെയും അരങ്ങുകളാക്കിമാറ്റിയിരിക്കുന്നു. സാമ്പത്തികസുസ്ഥിതിയില്ലാത്ത പലരും ഇത്തരം ആര്‍ഭാടങ്ങളെ അനുകരിച്ച് കടത്തിന്റെ ആഴക്കയങ്ങളിലേക്ക് കൂപ്പുകുത്തുന്നത് ദു:ഖമുളവാക്കുന്നു.

ദേവാലയം അലങ്കരിക്കുവാന്‍ പതിനായിരങ്ങളും ലക്ഷങ്ങശൃളും ചിലവിടുമ്പോള്‍ അത് ദേവാലയചൈതന്യത്തിന് ചാരുത പകരുന്നില്ല എന്നതാണ് വസ്തുത. വിവാഹാശീര്‍വാദകര്‍മ്മത്തിന് ഒന്നില്‍കൂടുതല്‍ മെത്രാന്മാരുണ്ടാവണം എന്ന് ശാഠ്യം പിടിക്കുന്നവരുണ്ട്. തങ്ങളറിയുന്ന എല്ലാ വൈദികരെയും ആശിര്‍വാദത്തിന് വിളിക്കുക വഴി അവരുടെ അജപാലനശുശ്രൂഷയ്ക്കുള്ള വിലയേറിയ സമയമാണ് വ്യഥാ നഷ്ടപ്പെടുത്തുന്നത്. പല പാശ്ചാത്യരാജ്യങ്ങലിലും വിവാഹത്തിന് ഒരുക്കിയ വൈദികന്‍തന്നെ വിവാഹം ആശിര്‍വദിക്കുന്ന പതിവുണ്ട്. അത് വളരെ അര്‍ത്ഥവത്താണ്.

ഓരോ അനാവശ്യവും ആവശ്യമാക്കി നാം മാറ്റുമ്പോള്‍ ജീവിതത്തിന്റെ പുറംപോക്കില്‍ അനേകര്‍ നില്‍ക്കുന്നു എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. വിവാഹം ഇനിയും സ്വപ്‌നമായി മാത്രം അവശേഷിക്കുന്ന അനേകം യുവതികള്‍ നമ്മുടെയിടയിലുള്ളപ്പോള്‍, കേരളത്തിന്റെ വിവാഹാവശ്യങ്ങള്‍ക്കായി 800 ടണ്‍ സ്വര്‍ണ്ണം ഓരോ വര്‍ഷവും മലയാളികള്‍ ഉപയോഗിക്കുന്നുണ്ട് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പത്ത് പവന്‍ സ്വര്‍ണ്ണം കൊണ്ട് മനോഹരമായി വിവാഹം നടത്തിക്കൂടെ എന്ന് 2015 ല്‍ കേരളത്തിലെ വനിതാ കമ്മീഷന്‍ ചോദിച്ചത് നമ്മെ ചിന്തിപ്പിക്കേണടതല്ലേ. ക്ഷണിതാക്കളുടെ എണ്ണത്തില്‍ മിതത്വം പാലിക്കുവാന്‍ സാധിക്കണം. ആയിരത്തിനും ആയിരത്തിയഞ്ഞൂറിനും പകരം ഇരുന്നൂറ് പേരുടെ ഒരു സ്‌നേഹവിരുന്ന് ഹൃദ്യമല്ലേ?

ധൂര്‍ത്തിന്റെയും പാഴ്ചിലവിന്റെയും ദു:സ്ഥിയില്‍ നിന്നും ലാളിത്യത്തിന്റെ തലങ്ങലിലേക്ക് അനുഷ്ഠാനങ്ങളെയും ആഘോഷങ്ങളെയും മാറ്റിയെടുക്കുക ക്ലേശകരമായി തോന്നാം. സമ്പത്ത് വ്യയം ചെയ്യുന്നത് വ്യക്തിയുടെയും സമൂഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമായി കാണുന്നവരുണ്ട്. ഇത് സ്ഥലം, കാലം, സാഹചര്യം, അവസ്ഥ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, ഒരു മാര്‍ഗ്ഗരേഖ തയ്യാറാക്കുക ദുഷ്‌കരമാണ്. എന്നാല്‍,വ്യക്തിപരമായ ഇടപെടലുകളിലൂടെ മാറ്റങ്ങള്‍ സൃഷ്ടിച്ചെടുക്കുവാന്‍ സാധിക്കണം. ആഘോഷങ്ങളെക്കുറിച്ച് തീരുമാനങ്ങളെടുക്കുമ്പോള്‍ സമൂഹത്തിലെ താഴെക്കിടയിലുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്ന് പലവട്ടം ചിന്തിക്കേണ്ടതുണ്ട്. സമ്പത്ത് കൂടുതല്‍ ഉള്ളവര്‍ ഇല്ലാത്തവരുമായി പങ്കുവയ്ക്കുന്നതാണ് തങ്ങളുടെ ആഘോഷത്തിന്റെ മാറ്റുകൂട്ടുന്നത് എന്ന് തിരിച്ചറിയണം. എങ്കില്‍ മാത്രമാണ് ലാളിത്യത്തിന്റെ തലങ്ങളിലേക്ക് ആഘോഷങ്ങളെ ഉയര്‍ത്തുവാന്‍ നമുക്ക് സാധിക്കൂ.

( തുടരും)

You must be logged in to post a comment Login