ലാഹോറിലെ വ്യത്യസ്ത പ്രണയദിനാഘോഷം

ലാഹോര്‍: ഇത്തവണത്തെ പ്രണയദിനം ലാഹോറിലെ സേക്രട്ട് ഹാര്‍ട്ട് ഇടവകയിലെ ജനങ്ങള്‍ക്ക് മറക്കാനാവില്ല. പ്രണയമെന്ന വാക്ക് കമ്പോളവത്കരിക്കപ്പെട്ടിരിക്കുന്ന കാലത്തും സ്‌നേഹത്തിന്റെ ആഴമെന്തെന്ന് അവര്‍ കാണിച്ചുതന്നു. ശാരീരികവും മാനസികവുമായ വൈകല്യമുള്ളവരെ സന്ദര്‍ശിച്ച് അവര്‍ക്കു ശുശ്രൂഷ ചെയ്താണ് ഇവര്‍ വ്യത്യസ്തരായത്. തങ്ങളെ പരിഗണിക്കാനും ആശ്വസിപ്പിക്കാനും ആളുകളേറെയുണ്ടെന്നറിഞ്ഞപ്പോള്‍ രോഗികള്‍ക്കും സന്തോഷം.

‘എല്ലാ ദിവസവും ഇത്തരത്തില്‍ പ്രണയദിനമായി ആഘോഷിക്കാവുന്നതാണ്. നമ്മുടെ വിശ്വാസം തന്നെ സ്‌നേഹത്തില്‍ അധിഷ്ഠിതമാണല്ലോ’, സേക്രട്ട് ഹാര്‍ട്ട് ഇടവകാ വികാരി ഫാദര്‍ ജോസഫ് ഷഹ്‌സാദ് പറഞ്ഞു. 50 തോളം അഗതികളെ പാര്‍പ്പിച്ചിരിക്കുന്ന ‘ഹോം ഓഫ് ലൗ’ എന്ന സ്ഥാപനത്തിലാണ് ഫാദര്‍ ജോസഫ് ഷഹ്‌സാദിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ സന്ദര്‍ശനം നടത്തിയത്.

13 വര്‍ഷമായി നോമ്പുകാലത്ത് ഇത്തരത്തില്‍ ഇടവകാംഗങ്ങള്‍ അഗതികള്‍ക്ക് ശുശ്രൂഷ ചെയ്യാറുള്ളതാണ്. ഇത്തവണ അത്  യാദൃച്ഛികമായി
പ്രണയദിനത്തില്‍  സംഭവിച്ചെന്നും മാത്രം. പ്രണയത്തിന് പല അര്‍ത്ഥതലങ്ങളുണ്ടെന്നും മഹത്തായ ഒരു പ്രണയ സന്ദേശമാണ് ഇത്തവണ തങ്ങള്‍ നല്‍കിയതെന്നും ഇടവകാംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login