ലൂര്‍ദ്: ദര്‍ശനങ്ങളും അത്ഭുതങ്ങളും

ലൂര്‍ദ്: ദര്‍ശനങ്ങളും അത്ഭുതങ്ങളും

മരിയന്‍ ദര്‍ശനങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ലൂര്‍ദിന്റെ സ്ഥാനം. ആഗോളവ്യാപകമായി വിശ്വാസ്യതയും സഭയുടെയും മാര്‍പാപ്പമാരുടെയും അംഗീകാരവും നേടിയ മഹാദര്‍ശനങ്ങളിലേക്ക് ഒരു സഞ്ചാരം.

ഗുഹയില്‍ ഒരു സ്ത്രീരൂപം

lourdes 1ഫ്രാന്‍സിലെ ലൂര്‍ദ് എന്ന പ്രദേശത്ത് 1844 ല്‍ പിറന്ന ബെര്‍ണാഡെറ്റാണ് ദര്‍ശങ്ങള്‍ ലഭിച്ച ഭാഗ്യവതി. 1858 ല്‍ അവള്‍ക്ക് പ്രായം 13. പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുങ്ങുന്ന കാലഘട്ടം. ഫെബ്രുവരി മാസത്തിലെ തണുപ്പുള്ള ഒരു പ്രഭാതത്തില്‍ വിറകു ശേഖരിക്കാന്‍ രണ്ടു കൂട്ടുകാരോടൊത്ത് ഗേവ് നദിയുടെ തീരത്ത് എത്തിയ ബെര്‍ണാഡെറ്റ് അവിടെയുള്ള ഒരു ഗുഹയില്‍ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. അലൗകികചാരുതയാര്‍ന്ന ഒരു സുവര്‍ണവെളിച്ചം ഗുഹയില്‍ നിന്ന് പടര്‍ന്നൊഴുകുന്നു! വെളിച്ചത്തിനുള്ളില്‍ നിന്നും അഴകാര്‍ന്നൊരു സ്ത്രീരൂപം. വെളുത്ത ഉടയാടയില്‍ നീല അരപ്പട്ട. നേര്‍മയുള്ള ശിരോവസ്ത്രം. കരങ്ങളില്‍ ജപമാലയും പാദങ്ങളില്‍ മഞ്ഞ പനിനീര്‍പ്പുഷ്പങ്ങളും.

ജപമാല ചൊല്ലാന്‍ സ്ത്രീ ബെര്‍ണാഡെറ്റിനോട് ആവശ്യപ്പെട്ടു. ചൊല്ലിക്കഴിഞ്ഞപ്പോഴേക്കും ആ സ്ത്രീ മറഞ്ഞു കഴിഞ്ഞിരുന്നു. അവിടെ നിന്നും മടങ്ങിയിട്ടും ബെര്‍ണാഡെറ്റിനെ ഗ്രോട്ടോയുടെ ഓര്‍മ മാടിവിളിച്ചു കൊണ്ടിരുന്നു. അടുത്ത ഞായറാഴ്ച അവള്‍ വീണ്ടും പോയി. അപ്പോഴും ആ മനോഹര സ്ത്രീരൂപം പ്രത്യക്ഷയായി. ഓരോ പതിനഞ്ചു ദിവസം കൂടുമ്പോഴും അവിടെ വരണമെന്ന് ആ രൂപം ആവശ്യപ്പെട്ടു. ആ സ്ഥലത്ത് ഒരു ചാപ്പല്‍ പണികഴിപ്പിക്കാന്‍ ഇടവക വികാരിയോട് പറയണമെന്നും ആ സ്ത്രീ ബെര്‍ണാഡെറ്റിനോട് ആവശ്യപ്പെട്ടു. മറ്റൊരു കാര്യം പാപികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുക എന്നായിരുന്നു. അവള്‍ അവയെല്ലാം അനുസരിച്ചു.

പാപികളുടെ മാനസാന്തരം ലക്ഷ്യം

lourdes 2മാര്‍ച്ച് 25. അന്നാണ് താന്‍ ആരാണെന്ന് ആ സ്ത്രീ വെളിപ്പെടുത്തിയത്. യേശുവിന്റെ മാതാവായ മറിയം! പാപികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും അവര്‍ക്കായി ത്യാഗങ്ങളനുഷ്ഠിക്കാനും ആവശ്യപ്പെടാനാണ് താന്‍ പ്രത്യക്ഷയായതെന്ന് മറിയം വെളിപ്പെടുത്തി. മാതാവിന്റെ ദര്‍ശനങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ അതിവേഗം പടര്‍ന്നു. ജനം ഗ്രോട്ടോയിലേക്കൊഴുകി. ബെര്‍ണാഡെറ്റ് മറിയത്തോട് സംസാരിക്കുന്നത് അവര്‍ സാത്ഭുതം നോക്കി നിന്നു. മാതാവിന്റെ ആവശ്യപ്രകാരം ഗ്രോട്ടോയുടെ സമീപത്തു കുഴിച്ച ചെറിയ കുഴിയില്‍ നിന്നും നിര്‍ഗളിച്ച ജലം ആയിരങ്ങള്‍ക്ക് മഹാ സൗഖ്യത്തിന്റെ തീര്‍ത്ഥ പ്രവാഹമായി. ലോകം ലൂര്‍ദിനെ അറിഞ്ഞു. മറിയത്തെ അറിഞ്ഞു. അദ്ഭുതങ്ങളും സൗഖ്യങ്ങളും ലോകത്തെ വിസ്മയിപ്പിച്ചു. വിശ്വാസത്തിലേക്ക് നയിച്ചു.

22 ാം വയസ്സില്‍ ബെര്‍ണാഡെറ്റ് കന്യാമഠത്തില്‍ ചേര്‍ന്ന് പാപികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിച്ച് ജീവിതം കഴിച്ചു. 1879 ല്‍ 36 ാം വയസ്സില്‍ അവള്‍ മരണമടഞ്ഞു. ഓരോ വര്‍ഷവും ലൂര്‍ദിലെ മാസാബിയെല്ല ഗ്രോട്ടോയില്‍ തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ 30 ലക്ഷം പേരാണ്. 18 തവണയാണ് മാതാവ് ബെര്‍ണാഡെറ്റിന് പ്രത്യക്ഷയായത്.

ദര്‍ശനങ്ങള്‍

lourdes 3പതിനെട്ടു തവണയാണ് പരി. മാതാവ് ബെര്‍ണാഡെറ്റിന് പ്രത്യക്ഷയായത്. ഫെബ്രുവരി 11 നായിരുന്നു, ആദ്യ ദര്‍ശനം. രണ്ടാമത്തെ ദര്‍ശത്തിനായി പോയപ്പോള്‍ ഒരു കുപ്പി ഹന്നാന്‍ വെള്ളുവുമെടുത്താണ് കുട്ടുകള്‍ പോയത്. അത് പിശാചാണെങ്കില്‍ ഓടിപ്പോകട്ടെ എന്നു കരുതി! മാതാവ് പക്ഷേ, അത് മധുരമായൊരു പുഞ്ചിരിയോടെ നേരിട്ടു. നാലാമത്തെ ദര്‍ശത്തിന് സാക്ഷ്യം വഹിക്കാന്‍ ബെര്‍ണാഡെറ്റിന്റെ മാതാപിതാക്കളും അമ്മായിയും ഏതാനും അയല്‍ക്കാരും ഉണ്ടായിരുന്നു. ബെര്‍ണാഡെറ്റിനെ മുഖം പ്രകാശമാനമാകുന്നത് എല്ലാവരും ഒരുമിച്ചു കണ്ടു.

ബെര്‍ണാഡെറ്റിന്റെ ദര്‍ശനങ്ങളെ നിഷേധിക്കാന്‍ പോലീസിന്റെ ഭാഗത്തു നിന്നും കടുത്ത ശ്രമങ്ങളുണ്ടായി. എത്ര ശ്രമിച്ചിട്ടും ഭീഷണിപ്പെടുത്തിയിട്ടും അവര്‍ക്ക് അവളെ കൊണ്ട് വാദം മാറ്റി പറയിപ്പിക്കാന്‍ കഴിഞ്ഞില്ല.

ഏഴാമത്തെ ദര്‍ശത്തിന് സാക്ഷ്യം വഹിച്ചത് ഇരുനൂറോളം പേരാണ്. ബെര്‍ണാഡെറ്റിന്റെ മുഖം സ്വര്‍ഗീയ പ്രകാശത്താല്‍ നിറഞ്ഞപ്പോള്‍ അത് കണ്ടു നിന്ന പലരും അറിയാതെ തങ്ങളുടെ പാദരക്ഷകള്‍ ഊരി മാറ്റി മുട്ടിന്മേല്‍ നിന്നു. ഒന്‍പതാം ദര്‍ശനവേളയിലാണ് വിഖ്യാതമായ സൗഖ്യത്തിന്റെ ഉറവ ഉത്ഭവിക്കുന്നത്. ആദ്യദിനം നേര്‍ത്ത ചാലുകളായി. രണ്ടാം ദിനം നിറഞ്ഞൊഴുകുന്ന തെളിനീരുറവയായി. പിന്നെ സൗഖ്യത്തിന്റെ അരുവിയായി.

lourdes 4മാര്‍ച്ച് 4 ന് നടന്ന പതിനഞ്ചാം ദര്‍ശത്തിന് സാക്ഷികളായത് ഇരുപതിനായിരം പേരാണ്. ഒപ്പം എന്തിനും തയ്യാറായ സൈന്യവും. പതിനാറാം ദര്‍ശനത്തിലാണ് ലോകപ്രശസ്തമായ വെളിപ്പെടുത്തല്‍ നടന്നത്: ‘ഞാന്‍ അമലോത്ഭവ ആകുന്നു!’

പതിനേഴാം ദര്‍ശനത്തിന്റെ സമയത്ത് അറിയാതെ ബെര്‍ണാഡെറ്റ് മെഴുകു തിരിയുടെ മേല്‍ കൈവയ്ക്കുകയും തീനാളം അവളുടെ കരങ്ങളിലൂടെ കത്തിക്കയറുകയും ചെയ്തു. എന്നാല്‍ അവള്‍ അതൊന്നുമറിഞ്ഞില്ല, നിലവിളിച്ചുമില്ല എന്നതിന് ആയിരങ്ങള്‍ സാക്ഷി. കൈവിരല്‍ കത്തിനില്‍ക്കേ അവള്‍ പതിനഞ്ചു മിനിറ്റോളം പ്രാര്‍ത്ഥന തുടര്‍ന്നു. അതിനു ശേഷം ഡോ. ഡോസൂസ് മറ്റൊരു മെഴുകുതിരി കത്തിച്ച് അവളുടെ കൈയില്‍ നാളം തൊടുവിച്ചപ്പോള്‍ അവള്‍ വേദന കൊണ്ട് പുളഞ്ഞു. ഈ ദര്‍ശനത്തെ തുടര്‍ന്ന് ഗ്രോട്ടോ അടച്ചു പൂട്ടാന്‍ പ്രീഫെക്ട ആവശ്യപ്പെട്ടു. അള്‍ത്താര പൊളിച്ചു മാറ്റി.

കര്‍മലമാതാവിന്റെ തിരുനാളായ ജൂലൈ 16 നായിരുന്നു, അവസാനത്തെ ദര്‍ശനം. ശക്തമായ ഉള്‍പ്രേരണ മൂലം അവള്‍ അവിടെയെത്തി. ബാരിക്കേഡുകള്‍ ഉണ്ടായിരുന്നതു കൊണ്ട് അവള്‍ ദൂരെ മാറി നിന്ന് പ്രാര്‍ത്ഥിച്ചു. അന്നേരം അവസാനമായി പരിശുദ്ധമറിയം അവളെ കാണാനെത്തി.

ദര്‍ശനാനന്തരം

സിസ്റ്റേഴ്‌സ് ഓപ് ചാരിറ്റി സഭയില്‍ ചേര്‍ന്ന ബര്‍ണാഡെറ്റ് ജീവിത കാലം മുഴുവന്‍ രോഗിണിയായിരുന്നു. 1879 ഏപ്രില്‍ 16 ന് മരണമടഞ്ഞ അവളുടെ ദേഹം 1909 സെപ്തംബര്‍ 22 ന് കുഴിതുറന്ന് പുറത്തെടുത്തപ്പോള്‍ യാതൊരു ദര്‍ഗന്ധവും ഉണ്ടായിരുന്നില്ല. പ്രകൃതി തൊടാതെ മാറി നിന്ന വിസ്മയം. 1919 ലും ഇതു തന്നെയായിരുന്നു, അവസ്ഥ. പൂജ്യവശിഷ്ടങ്ങള്‍ സ്വര്‍ണ പേടകത്തിലാക്കി ഫ്രാന്‍സിലെ നെവേവ്‌സില്‍ സെന്റ് ബര്‍ണാഡെറ്റ് ചാപ്പലില്‍ സൂക്ഷിച്ചിരിക്കുന്നു.
മഹാത്ഭുതങ്ങളുടെ തീര്‍ത്ഥകേന്ദ്രം

ഓരോ വര്‍ഷവും ലൂര്‍ദിലെ പുണ്യതീര്‍ത്ഥത്തിലേക്ക് എത്തുന്നവരുടെ എണ്ണം ലക്ഷക്കണക്കിനാണ്. 1858 മുതല്‍ മഹാത്ഭുതങ്ങളെന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുള്ളത് 66 എണ്ണമാണ്. ശാസ്ത്രം പോലും അംഗീകരിച്ച അത്ഭുതങ്ങള്‍!

ബര്‍ണാഡെറ്റിന്റെ ഗീതം

lourdes 5ഫ്രാന്‍സ് വെര്‍ഫെല്‍ എന്നൊരു യഹൂദന്‍ തന്റെ വിസ്മയകരമായ ലൂര്‍ദ് അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ ബര്‍ണാഡെറ്റിന്റെ ഗീതം എന്ന നോവല്‍ ലോകപ്രസിദ്ധമാണ്. ഹിറ്റ്‌ലറുടെ ഗെസ്റ്റപ്പോകളില്‍ നിന്നും തന്നെയും കുടുംബത്തെയും രക്ഷിക്കുകയാണെങ്കില്‍ ബര്‍ണാഡെറ്റിനെ കുറിച്ചൊരു നോവല്‍ രചിക്കുമെന്ന പ്രതിജ്ഞയുടെ നിറവേറ്റലായിരുന്നു, ആ നോവല്‍. വിസ്മയകരമായ രീതിയില്‍ വെര്‍ഫെലിനെ രക്ഷിച്ച മാതാവ് അവരെ സുരക്ഷിതരായി അമേരിക്കയിലെത്തിച്ചു.

 

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login