ലൈംഗികതൊഴിലാളിയില്‍ നിന്നും ഫ്രാന്‍സിസ് പാപ്പ പഠിച്ച കരുണയുടെ പാഠം

ഫ്രാന്‍സിസ് പാപ്പ അര്‍ജന്റീനയില്‍ വൈദികനായിരുന്ന സമയത്താണ്… ഒരിക്കല്‍ അദ്ദേഹത്തെ കാണാന്‍ അവളെത്തി- രണ്ടു മക്കളുടെ അമ്മയായ യുവതി. ഭര്‍ത്താവ് ഉപേക്ഷിച്ച അവള്‍ക്ക് രണ്ടു കുട്ടികളുണ്ടായിരുന്നു. കുട്ടികളെ നോക്കാന്‍ പല ജോലികളും ചെയ്തു. കുടുംബം പോറ്റാന്‍ അവയൊന്നും മതിയാകാതെ വന്നപ്പോള്‍ വേശ്യാവൃത്തിയിലേക്കു തിരിഞ്ഞു. അങ്ങനെ സമൂഹത്തില്‍ നിന്നും അവള്‍ ഒറ്റപ്പെട്ടു.

അങ്ങനെയിരിക്കെ ഒരു ക്രിസ്തുമസ് കാലത്താണ് അവള്‍ ഫാദര്‍ ബര്‍ഗോളിയോയെ കാണാന്‍ എത്തുന്നത്.  അവളുടെ കുടുംബത്തിന് ഇടവകയുടെ നേതൃത്വത്തില്‍ ഭക്ഷണവും വസ്ത്രങ്ങളുമൊക്കെ എത്തിച്ചു കൊടുത്തിരുന്നു. അതിന് നന്ദി പറയാനാണ്  എത്തിയതെന്നാണ് അദ്ദേഹം കരുതിയത്. ‘ഇടവകയില്‍ നിന്നും എത്തിച്ച ഭക്ഷണസാധനങ്ങള്‍ കിട്ടിയോ..?’ ഫാദര്‍ ബര്‍ഗോളിയോ ചോദിച്ചു. ‘അതൊക്കെ കിട്ടി. പക്ഷേ, മറ്റൊരു കാര്യം പറയാനാണ് ഞാന്‍ വന്നത്. ഇത്രയൊക്കെയൊക്കെയായിട്ടും അച്ചന്‍ എന്നെ മാഡം എന്നു തന്നെയാണല്ലോ വിളിക്കുന്നത്. മറ്റുള്ളവര്‍ എന്റെ പേരു പോലും മറന്നു’, അവള്‍ മറുപടി നല്‍കി.

അത് അദ്ദേഹത്തിന് ഒരോര്‍മ്മപ്പെടുത്തലായിരുന്നു. ഏതവസ്ഥയിലുമായിക്കൊള്ളട്ടെ, എല്ലാ മനുഷ്യരേയും തുല്യതയോടെ കാണേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അന്നു മുതല്‍ ഫാദര്‍ ബര്‍ഗോളിയോ കൂടുതല്‍ ബോധവാനായി. ഇതു പോലെയുള്ള അനുഭവങ്ങള്‍ നമ്മെ കൂടുതല്‍ ബോധ്യമുള്ളവരാക്കുമെന്ന് ‘ദൈവത്തിന്റെ നാമം കരുണ എന്നാകുന്നു’ എന്ന പുതിയ പുസ്തകത്തില്‍ ഫ്രാന്‍സിസ് പാപ്പ പറയുന്നു.

You must be logged in to post a comment Login