ലൈംഗികാതിക്രമങ്ങള്‍ നടത്തുന്ന വൈദികരെ ഇനി വച്ചു പൊറുപ്പിക്കില്ല!

ലൈംഗികാതിക്രമങ്ങളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന് ഭാര കത്തോലിക്കാസഭ തീരുമാനിച്ചു. ലൈംഗിക കുറ്റങ്ങളില്‍ പെടുന്ന വൈദികര്‍ക്കെതിരെ കര്‍ശനനടപടി എടുക്കുകയും തിരുവസ്ത്രം മടക്കി വാങ്ങുന്നതുള്‍പ്പെടെയുള്ള കടുത്ത ശിക്ഷ നല്‍കുകയും ചെയ്യുമെന്ന് ഭാരതീയ മെത്രാന്‍സമിതിയായ സിബിസിഐ അറിയിച്ചു.

‘ഇനി കത്തോലിക്കാ സഭയില്‍ ലൈംഗിക കുറ്റവാളികള്‍ക്ക് സ്ഥാനമുണ്ടാവുകയില്ല. കുറ്റം തെളിയിക്കപ്പെട്ടാല്‍ വത്തിക്കാന്‍ കാര്യങ്ങള്‍ പരിശോധിച്ച ശേഷം വൈദികന്റെ തിരുവസ്ത്രം മടക്കി വാങ്ങുന്നതുള്‍പ്പെടെ കടുത്ത ശിക്ഷകള്‍ നല്‍കും’ സിബിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ഒരു വൈദികന് കത്തോലിക്കാ സഭ നല്‍കുന്ന പരമാവധി ശിക്ഷയാണ് തിരുവസ്ത്രം മടക്കി വാങ്ങുക എന്നത്. അതിന്റെ അര്‍ത്ഥം ഒരാള്‍ പുരോഹിതനെന്ന നിലയില്‍ അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും പദവികളും എടുത്തു മാറ്റുക എന്നതാണ്.

‘ഫ്രാന്‍സിസ് പാപ്പാ നല്‍കിയിരിക്കുന്ന ഈ പുതിയ തുടക്കത്തില്‍ സന്തോഷിക്കുന്ന ഭാരത സഭ അദ്ദേഹത്തിന്റെ ആശയങ്ങളെ പിന്തുടരുന്നു. തിരുവസ്ത്രം നീക്കുക എന്ന ശിക്ഷ കുറ്റവാളികളായ വൈദികര്‍ക്കു നല്‍കുന്നു എന്നു പറയുമ്പോള്‍ തന്നെ വ്യക്തമാണ് സഭ എത്ര ഗൗരവമായിട്ടാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നതെന്ന്’ സഭാ പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ജോ സല്‍ഡാന അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login