ലൈഫ് ഓഫ് ജോസുകുട്ടി

ഒരു പിന്‍വിളിക്കും ജോസുകുട്ടി കാത്തുനിന്നില്ല.. ഒരു കണ്ണീരിന് മുമ്പിലും പതറിയുമില്ല. കാരണം ജോസുകുട്ടിക്ക് അറിയാമായിരുന്നു വിളിക്കുന്നവന്‍ ദൈവമാണെന്ന്.. സ്വന്തം വലകളുപേക്ഷിച്ച് വിളിച്ചവന്റെ പിന്നാലെ ഇറങ്ങിത്തിരിക്കാന്‍ സന്നദ്ധത കാണിക്കുന്നതാണ് യഥാര്‍ത്ഥ ദൈവവിളിയെന്ന്. അതുകൊണ്ടാണ് കുടുംബത്തിലെ ഏകസന്താനമായിട്ടും മാതാപിതാക്കളെ ദൈവത്തിന്റെ കരങ്ങളിലേല്പിച്ച് സെമിനാരിയില്‍ ചേരാന്‍ ജോസുകുട്ടിക്ക് കരുത്ത് ലഭിച്ചത്. ആ വിശ്വാസധീരതയ്ക്കും ദൈവാശ്രയബോധത്തിനും ഇന്നിതാ സ്വര്‍ഗ്ഗത്തിന്റെ മറ്റൊരു സമ്മാനം കൂടി.

കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായമെത്രാനായി റവ. ഡോ. ജോസ്  പുളിക്കല്‍ നിയമിതനായപ്പോള്‍ ആ ദൈവവിളിക്ക് പിന്നില്‍ അധികം പേരുടെയും കാര്യത്തില്‍ ഉണ്ടാകാനിടയില്ലാത്ത വിധത്തിലുള്ള ത്യാഗത്തിന്റെയും സഹനത്തിന്റെയും ചരിത്രം കൂടിയുണ്ട്. ഏക മകനായതിനാല്‍ സെമിനാരിയില്‍ ചേരുന്നതിന് പലവിധത്തിലുള്ള തടസ്സങ്ങളും ജോസച്ചന നേരിടേണ്ടിവന്നിട്ടുണ്ടായിരുന്നു.

പക്ഷേ അവയെ എല്ലാം ദൈവകൃപയാല്‍ അതിജീവിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.1991 ജനുവരി ഒന്നിന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു വട്ടക്കുഴിയുടെ കൈവയ്പ് ശുശ്രൂഷയിലൂടെ അഭിഷിക്തനായ ഫാ. ജോസ് പുളിക്കല്‍ കാല്‍നൂറ്റാണ്ടിനിപ്പുറം കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായമെത്രാനായി ഉയര്‍ത്തപ്പെടുമ്പോള്‍ ദൈവപദ്ധതിയുടെ വഴികളോര്‍ത്ത് പ്രാര്‍ത്ഥനാപൂര്‍വ്വം കൈകൂപ്പിനില്ക്കാനേ നമുക്ക് കഴിയൂ.

കാരുണ്യത്തിന്റെ വഴിയും കരുണ നിറഞ്ഞ മനസ്സുമായിരുന്നു പുളിക്കലച്ചന്റെ സമ്പാദ്യമെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്കെല്ലാം അറിയാം. സ്വന്തം തറവാടിനെ സ്‌നേഹദീപം എന്ന അനാഥാലയമായി രൂപാന്തരപ്പെടുത്തിയതിന് പിന്നിലുള്ളതും ആ കാരുണ്യമായിരുന്നു. മാതാപിതാക്കള്‍ ജീവിച്ചിരിക്കെ തന്നെയായിരുന്നു സമൂഹത്തില്‍വിവിധ കാരണങ്ങളാല്‍ ഒറ്റപ്പെട്ടും പരിത്യക്തരാക്കപ്പെട്ടും കഴിയുന്ന കുട്ടികളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി സ്‌നേഹദീപം അദ്ദേഹം ആരംഭിച്ചത്.

ഇഞ്ചിയാനി ഹോളി ഫാമിലി സ്‌കൂളില്‍ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് മുണ്ടക്കയം സിഎംഎസില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യഭ്യാസവും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ നിന്ന് പ്രീഡിഗ്രിയും. പൊടിമറ്റത്തുള്ള കാഞ്ഞിരപ്പള്ളി രൂപതാ മൈനര്‍ സെമിനാരിയിലായിരുന്നു വൈദികപരിശീലനം. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ നിന്ന് തത്ത്വശാസ്ത്രദൈവശാസ്ത്ര പഠനങ്ങള്‍. ബാംഗ്ലൂര്‍ ധര്‍മ്മാരാം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റ്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കത്തീഡ്രലില്‍ സഹവികാരിയായിട്ടായിരുന്നു ദൈവശുശ്രൂഷയ്ക്ക് തുടക്കം കുറിച്ചത്. കാഞ്ഞിരപ്പള്ളി രൂപത വിശ്വാസജീവിത പരിശീലന കേന്ദ്രത്തിന്റെയും മിഷന്‍ലീഗിന്റെയും ഡയറക്ടറായി എട്ടുവര്‍ഷം സേവനം ചെയ്തു. പത്തനംതിട്ട ഫൊറോന വികാരിയായും റാന്നി-പത്തനംതിട്ട റീജണിന്റെ പ്രത്യേക ചുമതലയുളള വികാരി ജനറാളായും സേവനം ചെയ്ത ഇദ്ദേഹം ഇടവകകളുടെയും വൈദികരുടെയും മേല്‍നോട്ടം വഹിക്കുന്ന സിഞ്ചെല്ലൂസായി സേവനം ചെയ്തുവരികയായിരുന്നു. വിവിധ സെമിനാരികളിലും ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും അധ്യാപകനുമാണ്.

കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളില്‍ 1980 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന കാഞ്ഞിരപ്പള്ളി രൂപത 1977 ലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. മാര്‍ ജോസഫ് പവ്വത്തിലായിരുന്നു പ്രഥമ മെത്രാന്‍. ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പായി അദ്ദേഹം സ്ഥലം മാറിയപ്പോള്‍ 1986 ഡിസംബര്‍ 20 ന് മാര്‍ വട്ടക്കുഴി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായി. മാര്‍ വട്ടക്കുഴിയുടെ വിരമിക്കലിനോട് അനുബന്ധിച്ച് 2001 ജനുവരി 19 ന് മാര്‍ മാത്യു അറയ്ക്കല്‍ രൂപതാധ്യക്ഷനായി ചുമതലയേറ്റു.

39 വര്‍ഷത്തെ കാഞ്ഞിരപ്പള്ളി രൂപതയുടെ ചരിത്രത്തെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റുവാന്‍ ഈ പുതിയ സഹായമെത്രാന് സാധിക്കട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം..

You must be logged in to post a comment Login