ലോകം സുന്ദരമാക്കാന്‍ സഹജീവിയെ സ്‌നേഹിക്കുക: ഫാദര്‍ ഡേവിസ് ചിറമ്മേല്‍

ലോകം സുന്ദരമാക്കാന്‍ സഹജീവിയെ സ്‌നേഹിക്കുക: ഫാദര്‍ ഡേവിസ് ചിറമ്മേല്‍

കണ്ണൂര്‍: അപരന് സഹായം ആവശ്യമുള്ളപ്പോള്‍ യഥാസമയം സഹായം ലഭ്യമാക്കുമ്പോഴാണ് മനുഷ്യന്‍ മനുഷ്യനാകുന്നതെന്ന് കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാദര്‍ ഡേവിസ് ചിറമ്മല്‍.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ പ്രതിഭാ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യനെ സ്‌നേഹിക്കാനുള്ള മനസ്സുണ്ടായാല്‍ത്തന്നെ ഈ ലോകം സുന്ദരമായിത്തീരും. ജീവിതത്തില്‍ നാം ചെയ്യുന്ന കര്‍മ്മങ്ങള്‍ എല്ലാക്കാലത്തും നിലനില്‍ക്കും. ദാനം എന്ന പുണ്യം അനുദിനജീവിതത്തിന്റെ ഭാഗമാക്കണമെന്നും ഫാദര്‍ ചിറമ്മല്‍ പറഞ്ഞു.

സാമൂഹ്യപ്രവര്‍ത്തനം, ആതുരസേവനം, എന്നീ മേഖലയിലെ പ്രവര്‍ത്തനങ്ങളാണ് ഫാര്‍ ഡേവിസ് ചിറമ്മലിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ രൂപീകരിച്ച സംഘടനയിലൂടെ വൃക്കദാനം പോലെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഫാദര്‍ ചിറമ്മല്‍. സ്വന്തം വൃക്ക ദാനം ചെയ്തുകൊണ്ട് ഈ രംഗത്ത് സജീവമായ ഫാദര്‍ അനേകര്‍ക്ക് വൃക്കദാനത്തിലേക്കുള്ള പ്രചോദവും മാതൃകയുമാണ്.

വാഹനാപകടങ്ങളില്‍പ്പെട്ടവരെയും മറ്റും ആശുപത്രിയില്‍ എത്തിക്കുന്ന സന്നദ്ധ സേവന സംഘടനയായ ആക്‌സിഡന്റ് കെയര്‍ ആന്റ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസിന്റെ സ്ഥാപകന്‍ കൂടിയാണ് ഫാദര്‍ ഡേവിസ് ചിറമ്മല്‍.

You must be logged in to post a comment Login