ലോകത്തിന്റെ ഹൃദയം തൊട്ട കത്ത്

പ്രശസ്തരായ ആളുകളുടെ മരണങ്ങള്‍ ലോകമെങ്ങും അറിയാറുണ്ട്, വാര്‍ത്തയാവാറുണ്ട്. എന്നാല്‍ ടെയ്‌ലര്‍ സ്മിത്ത് എന്ന 12കാരി മരണശേഷമാണ് പ്രശസ്തയാകുന്നത്.മരിച്ചുപോയവര്‍ ഓര്‍മ്മകളും സ്വപ്‌നങ്ങളുമൊക്കെയായി നമ്മെ പിന്തുടരാറുണ്ടെങ്കിലും തന്നെ ഓര്‍മ്മിക്കാന്‍ ടെയ്‌ലര്‍ മറ്റൊന്നുകൂടി കരുതിവെച്ചിരുന്നു അവളുടെ ചിന്തകളും പ്രതീക്ഷകളും ആഗ്രഹങ്ങളുമൊക്കെ പങ്കുവെച്ചൊരു കത്ത്. മരിക്കുമെന്നുറപ്പായ ദിവസങ്ങളിലൊന്നാവാം ആ കുഞ്ഞുമനസ്സിലെ സ്വപ്‌നങ്ങളത്രയും കത്തില്‍ കുറിച്ചുവെച്ചത്. 12 കാരിയായ ടെയ്‌ലര്‍ 22 കാരിയായ ടെയ്‌ലര്‍ക്കെഴുതുന്ന കത്തായിരുന്നു അത്.
കഴിഞ്ഞ വര്‍ഷം ജനുവരി 5നാണ് അച്ഛനേയും അമ്മയേയും സഹോദരനേയും ദു:ഖത്തിലാഴ്ത്തിക്കൊണ്ട് ടെയ്‌ലര്‍ സ്മിത്ത് മരിക്കുന്നത്. ന്യുമോണിയ ആയിരുന്നു മരണകാരണം. 2023ലാണ് കത്ത് തുറക്കേണ്ടതെന്ന് കവറിനു പുറത്ത് എഴുതിയിരുന്നു. എന്നാല്‍ മകളുടെ റൂമിലിരുന്ന കത്ത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പിതാവ് ടിം സ്മിത്ത് അതു ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തുകയായിരുന്നു. അങ്ങനെയാണ് ആ പന്ത്രണ്ടുകാരിയുടെ സ്വപ്‌നങ്ങളും ചിന്തകളും ലോകമറിയുന്നത്.
പ്രിയപ്പെട്ട ടെയ്‌ലര്‍ എന്ന് അഭിസംബോധനയോടെ തുടങ്ങുന്ന കത്തില്‍ ബിരുദം നേടിയ തന്നെ സ്വയം അഭിനന്ദിക്കുകയാണവള്‍. ഡോളിവുഡ് പാര്‍ക്കിലെ ഇപ്പോഴത്തെ പ്രധാന ആകര്‍ഷണമെന്താണ്? അതൊരു കഴുകനാണെന്നാന്നാണ് ടെയ്‌ലര്‍ കത്തില്‍ പറയുനത്. പഠിച്ച് ഒരു വക്കീല്‍ ആകണമെന്നും പഴയ ഐപാഡ് മാറ്റി പുതിയതൊന്നു വാങ്ങണമെന്നുമൊക്കെയുള്ള ആഗ്രഹങ്ങള്‍ അക്ഷരങ്ങളായി ചേര്‍ത്തുവെച്ചിരുന്നു ടെയ്‌ലര്‍. മക്കളെ കാണിക്കാനായി പഴയ ഐപാഡിന്റെ ഒരു ഡയഗ്രവും കത്തില്‍ വരച്ചുചേര്‍ത്തിരുന്നു.
ഒരു 12കാരിയുടെ സ്വപ്‌നങ്ങള്‍ മറ്റുള്ളവരെയും അറിയിക്കണമെന്ന ആഗ്രഹമാണ് കത്ത് ലോകത്തിനു മുന്നില്‍ വെളിപ്പെടുത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പിതാവ് ടിം സ്മിത്ത് പറയുന്നു. ‘ഏറെ പ്രത്യേകതകളുള്ള കുട്ടിയായിരുന്നു ടെയ്‌ലര്‍. ഒരു 12 വയസ്സുകാരിയുടെ ചിന്തകകള്‍ ആയിരുന്നില്ല അവളുടേത്. തങ്ങളുടെ മക്കളെ കൂടുതല്‍ സ്‌നേഹിക്കാന്‍ കത്ത് പ്രേരണയാകുന്നു എന്നു നിരവധിയാളുകള്‍ ഞങ്ങളോടു പറയുന്നു’, ടെയ്‌ലറുടെ ഓര്‍മ്മള്‍ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച് അമ്മ മേരി എലന്‍ പറയുന്നു.

You must be logged in to post a comment Login