ലോകപ്രശസ്ത ക്രിസ്തീയ സിനിമകള്‍…

ആത്മീയത പലപ്പോഴും കലാസൃഷ്ടികള്‍ക്ക് പ്രചോദനമായിട്ടുണ്ട്, സിനിമയും ഇതില്‍ നിന്നും വിഭിന്നമല്ല. ക്രിസ്തുവിന്റെയും വിശുദ്ധരുടെയും ജീവിതവും ബൈബിള്‍ കഥകളുമെല്ലാം വെള്ളിത്തിരയില്‍ നിറഞ്ഞാടിയിട്ടുണ്ട്. ലോക പ്രശസ്തമായ ചില ക്രിസ്തീയ സിനിമകളെക്കുറിച്ച് …

1. പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്

ഏറെ ജനശ്രദ്ധയും ഒപ്പം വിവാദങ്ങളും അകമ്പടി സേവിച്ച ചിത്രമായിരുന്നു 2004 ല്‍ മെല്‍ ഗിബ്‌സന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്. ക്രിസ്തുവിന്റെ പരസ്യജീവിതത്തിലെ അവസാനത്തെ 12 മണിക്കൂറാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയില്‍ അമിതമായ വയലന്‍സ് കാണിക്കുന്നു എന്ന വിമര്‍ശനം മെല്‍ ഗിബ്‌സനു മേല്‍ ആരോപിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ബറാബാസിന്റെ വേഷം അവതരിപ്പിച്ച പിയട്രോ സരൂബി മാനസാന്തരപ്പെട്ട് ക്രിസ്തുമതം സ്വീകരിച്ചു എന്നുള്ളത് പിന്നീടുള്ള ചരിത്രം.

2. ദ ഹൈഡിങ്ങ് പാലസ്

രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മദ്ധ്യവയസ്‌കരായ കോറി,ബെറ്റ്‌സി എന്നീ രണ്ടു സഹോദരിമാരുടെ കഥ. വാച്ചു നന്നാക്കുന്ന കടയില്‍ പിതാവിനോടൊപ്പം ജോലി ചെയ്ത് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിക്കൊണ്ടിരുന്ന ഇവരുടെ ജീവിതം നാസികളുടെ വരവോടെ തകിടം മറിയുന്നു. തുടര്‍ന്ന് നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെ കേറിയുടെയും ബെറ്റ്‌സിയുടേയും ജീവിതത്തിലൂടെ കഥ പുരോഗമിക്കുന്നു. അവിടെവെച്ച് ഇരുവരും ക്രൈസ്തവ വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെടുന്നു. ബെറ്റ്‌സിയുടെ മരണശേഷമുള്ള കോറിയുടെ അതിജീവനമാണ് പിന്നീടുള്ള പ്രമേയം.

3. ബില്ലി: ദ ഏര്‍ലി ഇയേഴ്‌സ്

അമേരിക്കന്‍ സുവിശേഷ പ്രഘോഷകനായ ബില്ലി ഗ്രഹാമിന്റെ ജീവിതകഥ. തോമസ് ബെയ്‌ലിയാണ് ബില്ലി ഗ്രഹാമിന്റെ വേഷത്തില്‍ അഭിനയിച്ചത്. സംവിധാനം റോബി ബെന്‍സണ്‍. ആര്‍മി ഹാമര്‍ ആണ് ബില്ലി ഗ്രഹാം ആയി അഭിനയിച്ചത്.

4. ദ നേറ്റിവിറ്റി സ്‌റ്റോറി

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട കഥയാണിത്. ഗര്‍ഭിണിയായ മറിയത്തെയും കൊണ്ട് ഉണ്ണിയേശുവിന് പിറക്കാന്‍ ഇടം തേടി ജോസഫ് നടത്തുന്ന യാത്രയാണ് ‘ദ നേറ്റിവിറ്റി സ്‌റ്റോറി’ യുടെ പ്രമേയം. 2006 ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കാതറീന്‍ ഹാര്‍ഡ്‌വിക്ക് ആണ്.

5. നോഹ

ലോകത്തെയാകമാനം വിഴുങ്ങാന്‍ ശക്തിയുള്ള പ്രളയക്കെടുതിയില്‍ നിന്ന് ഈ പ്രപഞ്ചത്തെ രക്ഷിക്കാന്‍ ദൈവം നിയോഗിച്ച പ്രവാചകനായ നോഹയുടെ കഥ. റസ്സല്‍ ക്രോവ് ആണ് നോഹയായി അഭിനയിച്ചത്. പഴയ നിയമ കാലത്തെ ബൈബിള്‍ കഥ സിനിമയായി പുറത്തിറങ്ങിയത് 2014 ല്‍. ഡാരന്‍ അരണോസ്‌കി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

6. ദ ഗ്രേയ്‌സ് കാര്‍ഡ്

ഒരു നിമിഷം മതി ഈ ജീവിതമാകെ മാറിമറിയാന്‍. നമ്മുടെ ജീവിതത്തിന്റെ തിരക്കഥ തന്നെ മാറ്റിയെഴുതാന്‍ അത്തരം ചില നിമിഷങ്ങള്‍ക്കു കഴിയും. ദൈവത്തിന്റെ സവിശേഷമായ ഇടപെടലും അനുഗ്രഹവും കൊണ്ട് ജീവിതത്തിലുണ്ടാകുന്ന അത്തരം മാറ്റങ്ങളെക്കുറിച്ചുള്ള ചിത്രമാണ് ദ ഗ്രേയ്‌സ് കാര്‍ഡ്. 2010 ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡേവിഡ് ജി ഇവാന്‍സ്.

7. ദ സീക്രട്ട്‌സ് ഓഫ് ജോനാഥന്‍ സ്‌പെറി

മൂന്ന് യുവാക്കള്‍ക്ക് ബൈബിള്‍ കഥകള്‍ പറഞ്ഞുകൊടുക്കുന്ന വൃദ്ധന്റെ കഥ. റിക്ക് ക്രിസ്റ്റ്യാനോ ആണ് 2008 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധായകന്‍.

You must be logged in to post a comment Login