ലോകയുവജനസംഗമത്തിന് ഇന്ന് തുടക്കം

ലോകയുവജനസംഗമത്തിന്  ഇന്ന് തുടക്കം

ക്രാക്കോവ്: ലോകയുവജനസംഗമത്തിന് ഇന്ന് തുടക്കമാകും. 30 ലക്ഷത്തിലധികം പേരെയാണ് സംഗമത്തില്‍ പ്രതീക്ഷിക്കുന്നത് . 31 വരെയാണ് സംഗമം.

നാളെ ഫ്രാന്‍സിസ് പാപ്പാ എത്തിച്ചേരും. ഔദ്യോഗിക സ്വീകരണത്തിനുശേഷം പോളിഷ് പ്രസിഡന്റ് അന്ദ്രേ ദൂദയുമായും പോളണ്ടിലെ ബിഷപ്പുമാരുമായും കൂടിക്കാഴ്ച നടത്തും.

ഇന്നു പോളണ്ടിലെ ബിഷപ്പുമാരുടെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെയാണ് സംഗമത്തിനാരംഭം. 28ന് മാര്‍പാപ്പ യുവജനങ്ങളെ അഭിസംബോധന ചെയ്യും. അതിനുമുമ്പ് പോളണ്ടിന്റെ രക്ഷകയായ ബ്ലാക്ക് മഡോണയുടെ രൂപം സ്ഥിതിചെയ്യുന്ന ചെസ്റ്റോഹോവ പാപ്പാ സന്ദര്‍ശിക്കും.

പോളണ്ടിലെ നാസി പീഡന കേന്ദ്രങ്ങളായിരുന്ന ഓഷ്വിറ്റ്‌സ്, ബുര്‍ക്കിനാവ് ക്യാമ്പുകള്‍ 29 ന്  രാവിലെ സന്ദര്‍ശിക്കും. അവിടെ നടക്കുന്ന പ്രത്യേക അനുസ്മരണശുശ്രൂഷയില്‍ പാപ്പ പ്രസംഗിക്കും. തുടര്‍ന്ന് കുട്ടികളുടെ സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിക്കും. വൈകുന്നേരം യുവജനങ്ങള്‍ക്കൊപ്പം കുരിശിന്റെ വഴി.

30ന് ക്രാക്കോവിലെ ഡിവൈന്‍ മേഴ്‌സി തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ ഫൗസ്റ്റീനയെ അടക്കം ചെയ്ത ചാപ്പലിലെത്തി പ്രാര്‍ഥിക്കും. സമാപനദിനമായ 31ന് അര്‍പ്പിക്കുന്ന ദിവ്യബലിക്കു ശേഷം സംഗമത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഓര്‍ഗനൈസര്‍മാര്‍, വോളന്റിയര്‍മാര്‍ എന്നിവരെ പാപ്പ സന്ദര്‍ശിക്കും. സമാപന ദിവ്യബലിമധ്യേ അടുത്ത സംഗമവേദി പാപ്പ പ്രഖ്യാപിക്കും.

187 രാജ്യങ്ങളില്‍നിന്നു പങ്കെടുക്കുന്നവരില്‍ 47 കര്‍ദിനാള്‍മാരും 800ല്‍പ്പരം ബിഷപ്പുമാരും 20,000ഓളം വൈദികരും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍നിന്ന് 1,000 പേര്‍ പങ്കെടുക്കുമെന്നാണ് കണക്ക്.

600 ഏക്കര്‍ വിസ്താരമുള്ള മൈതാനമാണു സംഗമത്തിനു തയാറാക്കിയിരിക്കുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനുള്ള സ്മരണാഞ്ജലിയായി ‘ജോണ്‍ പോള്‍ രണ്ടാമന്റെ ദിവ്യബലി’ എന്ന പേരിലുള്ള സംഗീത പരിപാടി സമാപന ദിനം അരങ്ങേറും.

You must be logged in to post a comment Login