ലോകയുവജനസമ്മേളനത്തില്‍ മസീജ് പങ്കെടുക്കും, സ്വര്‍ഗത്തിലിരുന്ന്…

ലോകയുവജനസമ്മേളനത്തില്‍ മസീജ് പങ്കെടുക്കും, സ്വര്‍ഗത്തിലിരുന്ന്…

മസീജ് സൈമണ്‍ സീസ്ലയ്്ക്കു വലിയ മോഹമായിരുന്നു പോളണ്ടില്‍ നടക്കുന്ന ലോക യുവജനസമ്മേളനത്തില്‍ പങ്കെടുക്കാന്‍. പക്ഷേ, ജൂലൈ 25 ന് ആരംഭിക്കുന്ന യുവജനമ്മേളനത്തിന്റെ ഭാഗമാകാന്‍ ഭൂമിയില്‍ മസീജ് ഉണ്ടാകില്ല. കാന്‍സറിനു കീഴടങ്ങി മസീജ് ഭൂമിയില്‍ നിന്നും യാത്രായയത് ഈ മാസം 2ന്.

ഗ്രാഫിക് ഡിസൈനറായിട്ടാണ് പോളണ്ടു കാരനായ മസീജ് യുവജനമീറ്റിന്റെ ഭാഗമായത്. 2014 ഡിസംബറിലായിരുന്നു, അത്. എന്നാല്‍ 2015 സെപ്തംബറില്‍ മസീജിന് അര്‍ബുദ രോഗബാധയുള്ളതായി കണ്ടെത്തി.

കാന്‍സറിനോട് വീരോചിതമായി പൊരുതിയ മസീജ് താന്‍ രോഗബാധിതനാണെന്ന് തിരിച്ചറിയപ്പെട്ടതിന്റെ നൂറാം ദിനത്തില്‍ ഒരു വീഡിയോ ചിത്രം നിര്‍മിച്ചു. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കുള്‍ക്കും തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കുമെല്ലാം നന്ദിയര്‍പ്പിച്ചു കൊണ്ടുള്ളതായിരുന്നു, ഈ വീഡിയോ.

ലോകയുവജനസമ്മേളത്തിലെ അംഗങ്ങളെല്ലാവരും മസീജിന്റെ ജീവനു വേണ്ടി തീക്ഷണതയോടെ പ്രാര്‍ത്ഥിച്ചു. ഒപ്പം നിന്നു. കഴിഞ്ഞ മാസം മസീജിന്റെ കാല്‍ മുറിച്ചു കളയേണ്ടി വന്നു. എങ്കിലും മസീജ് പ്രത്യാശ വച്ചു, താന്‍ ജീവിതത്തിലേക്ക് തിരികെ വരുമെന്ന്.

‘ഈ യുദ്ധം ജയിക്കാന്‍ വേണ്ടതെല്ലാം ഞാന്‍ ചെയ്യുമെന്ന് ഞാന്‍ വാക്കു തരുന്നു. കാന്‍സറിനെ തോല്‍പിക്കാന്‍ എല്ലാം ചെയ്യും. എനിക്ക് ജീവിക്കണം, അതിജീവിക്കണം…’ മസീജ് പറഞ്ഞു.

പക്ഷേ മസീജിന് ആ വാക്ക് പാലിക്കാനായില്ല. എന്നാല്‍ അനേകരുടെ ഹൃദയങ്ങളെ തൊടാന്‍ മസീജിനു കഴിഞ്ഞു.

മസീജിന്റെ വാക്കുകള്‍ മരണത്തിനപ്പുറം മുഴങ്ങിക്കൊണ്ടിരിക്കുന്നു:
‘ജീവിതം ആസ്വദിക്കാനുള്ള അനുഗ്രഹം ഞാന്‍ എല്ലാവര്‍ക്കും നേരുന്നു. ഓരോ ദിനവും സുന്ദരമാണ്! അനാവശ്യമായ കാര്യങ്ങളുടെ പിറകെ പോയി പലപ്പോഴും നാം അത് മറന്നു പോകുന്നു!’

 

ഫ്രേസര്‍

You must be logged in to post a comment Login