ലോകസമാധാന ദിനത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം

വത്തിക്കാന്‍: ഉദാസീനത വെടിഞ്ഞ് സമാധാനം സ്ഥാപിക്കാന്‍ പരിശ്രമിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. വ്യക്തികളും കുടുംബങ്ങളും രാഷ്ട്രീയ, മത നേതാക്കളും കരുണയുടെ സന്ദേശവാഹകരാകണമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. ലോകസമാധാന ദിനത്തോടനുബന്ധിച്ച് സഭാനേതാക്കള്‍ക്കും രാഷ്ട്ര നേതാക്കള്‍ക്കും വേണ്ടി തയ്യാറാക്കിയ കത്തിലാണ് ഫ്രാന്‍സിസ് പാപ്പ ഇക്കാര്യം സൂചിപ്പിച്ചത്. ജനുവരി ഒന്നിനാണ് കത്തോലിക്കാ സഭ ആഗോള സമാധാന ദിനമായി ആചരിക്കുന്നത്. 1968 ല്‍ പോള്‍ ആറാമന്‍ പാപ്പയാണ് ഇതിന് തുടക്കം കുറിച്ചത്.

‘ഉദാസീനതയെ അതിജീവിക്കുക, സമാധാനത്തിനു മേല്‍ വിജയം നേടുക’  എന്നതാണ് ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശത്തിന്റെ തലക്കെട്ടു തന്നെ. ‘ദൈവം ഉദാസീനനല്ല, അവിടുന്നു നമ്മെ കരുതുന്നു, ദൈവം നമ്മെ ഒരിക്കലും ഉപേക്ഷിക്കുകയില്ല’ എന്ന വരികളോടെയാണ് സന്ദേശം ആരംഭിക്കുന്നത്.

പാരിസില്‍ സമാപിച്ച കാലാവസ്ഥാ ഉച്ചകോടിയിലേയും സുസ്ഥിര വികസനം ലക്ഷ്യം വെച്ചു ചേര്‍ന്ന അഡിസ് അബാബ ഉച്ചകോടിയിലേയും ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന അജന്‍ഡയിലേയും തീരുമാനങ്ങളെ ഫ്രാന്‍സിസ് പാപ്പ പ്രശംസിച്ചു.

എല്ലാ രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ക്ക് സന്ദേശം അയച്ചിട്ടുണ്ടെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.

You must be logged in to post a comment Login