ലോകാവസാനത്തിന് മുമ്പുള്ള ഇരുണ്ട മൂന്ന് ദിനങ്ങളും പാദ്രെ പിയോയുടെ വെളിപാടുകളും

Gordon-MacRae-Falsely-Accused-Priest-Stigmatized-Padre-Pio-1ലോകാവസാനത്തെക്കുറിച്ചുള്ള മനുഷ്യന്റെ ആകുലതകളെക്കുറിച്ച് മനുഷ്യന്റെ ആരംഭം തൊട്ടുതന്നെ പഴക്കമുണ്ട്. എങ്കിലും അത് എന്ന് സംഭവിക്കും എന്ന കാര്യത്തെക്കുറിച്ച് ആര്‍ക്കും വ്യക്തമായി പറയാന്‍ സാധിച്ചിട്ടില്ല. ലോകം അവസാനിക്കുന്നതിന് മുമ്പുള്ള ഇരുണ്ട മൂന്ന് ദിനങ്ങളെക്കുറിച്ചും മനുഷ്യരുടെ ഉള്ളില്‍ ചില ആശങ്കകളുണ്ട്. എന്നാല്‍ വിശുദ്ധ പാദ്രെ പിയോയെ പോലെയുള്ള വിശുദ്ധര്‍ക്ക് കിട്ടിയതെന്ന് കരുതപ്പെടുന്ന ദര്‍ശനങ്ങളില്‍ ലോകാവസാനത്തെക്കുറിച്ചുള്ള സൂചനകള്‍ പ്രകടമാണ്.

1950 ജനുവരി 28 ന് പാദ്രെ പിയോയ്ക്ക് ലഭിച്ചതെന്ന് കരുതപ്പെടുന്ന ദര്‍ശനത്തില്‍ ആ ദിവസങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ഇങ്ങനെ വായിക്കുന്നു. ജനാല അടച്ച് മുറിക്കുള്ളിലിരിക്കുക. പുറത്തേയ്ക്ക് നോക്കരുത്. ഏതാനും ദിവസത്തേയ്ക്കു വെഞ്ചരിച്ച മെഴുകുതിരി കരുതിവയ്ക്കുക. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. ആത്മീയ ഗ്രന്ഥങ്ങളുടെ പാരായണവും ആത്മീയഐക്യത്തിലുള്ള സ്‌നേഹത്തിന്റെ പ്രവൃത്തികളും ചെയ്യുക, കൈകള്‍ വിരിച്ചുപിടിച്ചാണ് പ്രാര്‍്ത്ഥിക്കേണ്ടത്. ആ ദിവസങ്ങളില്‍ വീടിന് വെളിയിലേക്ക് ഇറങ്ങരുത്. മതിയായ ഭക്ഷണവും കരുതിയിരിക്കണം. പ്രകൃതിശക്തികള്‍ക്ക് ആ ദിവസങ്ങളില്‍ ഇളക്കം സംഭവിക്കും. തീമഴ പെയ്യും. എന്നാല്‍ അവയൊന്നും കണ്ട് നിങ്ങള്‍ ഭയപ്പെടരുത്. ധൈര്യം അവലംബിക്കുക..ഞാന്‍ നിങ്ങളുടെ മധ്യേ ഉണ്ടായിരിക്കും. അതേ വര്‍ഷം ഫെബ്രുവരി ഏഴിന് ലഭിച്ച ദര്‍ശനമനുസരിച്ച് പാദ്രെ പിയോ ഇങ്ങനെ എഴുതിയിരിക്കുന്നു.

ഈ ദിവസങ്ങളില്‍ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കുക. മനുഷ്യനെന്നതുപോലെ എല്ലാ ജീവജാലങ്ങളുടെയും സംരക്ഷനും പരിപാലകനുമാണ് ഞാന്‍. അവയ്ക്ക് മുമ്പില്‍ കൂടുതല്‍ ഭക്ഷണം കരുതിവയ്ക്കുക. മൃഗങ്ങളുള്‍പ്പടെ ഞാന്‍ തിരഞ്ഞെടുക്കുന്ന എല്ലാ വസ്തുവകകളെയും ഞാന്‍ സംരക്ഷിക്കും. ഒരുവനും മൃഗങ്ങളെ തീറ്റാനായി വയലിലേക്കോ പുറത്തേക്കോ പോകരുത്. വാതിലുകള്‍ ശ്രദ്ധാപൂര്‍വ്വം അടച്ചിടുക. എന്നില്‍ വിശ്വസിക്കുക, ഞാനായിരിക്കും നിങ്ങളുടെ സംരക്ഷകന്‍. എന്നിലുള്ള നിങ്ങളുടെ വിശ്വാസം നിങ്ങളുടെ സഹായത്തിനെത്തുവാന്‍ എന്നെ പ്രേരിപ്പിക്കും എന്റെ സമയം ഇതാ അടുത്തെത്താറായി. എന്നാല്‍ ഞാന്‍ കരുണ കാണിക്കും ഏറ്റവും ഭീകരമായ ശിക്ഷാവിധികള്‍ക്ക് ഈ മണിക്കൂറുകളില്‍ നിങ്ങള്‍ സാക്ഷ്യം വഹിക്കും. വധശിക്ഷ നടപ്പിലാക്കാന്‍ എന്റെ മാലാഖമാരെയാണ് ഞാന്‍ ഏല്പിച്ചിരിക്കുന്നത്. മൂര്‍ച്ചകൂട്ടിയ വാളുകളുമായി അവര്‍ അതിന് സന്നദ്ധരാണ്. എന്റെ വെളിപാടുകളെ അവിശ്വസിക്കുന്നവരെ അവര്‍ ഉന്മൂലനം ചെയ്യുകയും എന്നില്‍ വിശ്വസിക്കുന്നവരെ പരിപാലിക്കുകയും ചെയ്യും. അഗ്നിക്കൊടുങ്കാറ്റ് മേഘങ്ങളില്‍ നിന്ന് പുറപ്പെട്ട് ഭൂമിയെ മുഴുവന്‍ ആവരണം ചെയ്യും മോശമായ കാലാവസ്ഥകള്‍, ഭൂമികുലുക്കങ്ങള്‍, മിന്നല്‍പ്പിണര്‍, എന്നിവ ഭൂമിയില്‍ രണ്ട് ദിവസത്തേക്ക് ഉണ്ടാകും. ഇടതടവില്ലാതെ അഗ്നിമഴ പെയ്തുകൊണ്ടേയിരിക്കും. അതിശൈത്യമുള്ള രാത്രിയിലായിരിക്കും ഇത് ആരംഭിക്കുക. എല്ലാ സൃഷ്ടികളുടെയും അധിപന്‍ ദൈവമാണ് എന്നതിന്റെ തെളിവാണ് ഇത്.

എന്നിലും എന്റെ വാക്കുകളിലും വിശ്വസിക്കുന്നവന്‍ ഒന്നിലും ഭയപ്പെടേണ്ട എന്റെ സംരക്ഷണം അവര്‍ക്കുണ്ടായിരിക്കും. കൃപയുടെ കീഴില്‍ നില്ക്കുന്നവര്‍ക്ക് യാതൊരു അനര്‍ത്ഥവും സംഭവിക്കുകയില്ല. എന്റെ അമ്മയുടെ സംരക്ഷണം തേടുക..

താഴെപ്പറയുന്ന അടയാളങ്ങളും നിര്‍ദ്ദേശങ്ങളും നിങ്ങള്‍ക്ക് ഞാന്‍ തരുന്നു. ആ രാത്രി വളരെ ശൈത്യമുള്ളതായിരിക്കും കാറ്റ് അലറിക്കൊണ്ടേയിരിക്കും. ഇടിമുഴക്കങ്ങള്‍ കേട്ടുകൊണ്ടേയിരിക്കും. എല്ലാ വാതിലുകളും ജനാലകളും അടച്ചിടുക. വീടിന് പുറത്തുള്ള ആരോടും സംസാരിക്കരുത്.കുരിശുരൂപത്തിന് മുമ്പില്‍ പാപങ്ങളെയോര്‍ത്ത് മനസ്തപിച്ച് പ്രാര്‍ത്ഥിക്കുക. എന്റെ അമ്മയുടെ സഹായം യാചിക്കുക. വീശിയടിക്കുന്ന കാറ്റില്‍ വിഷത്തിന്റെ ബാഷ്പകണങ്ങളുണ്ടാവും. അവ ലോകമെങ്ങും പരക്കും. അത് ശ്വസിക്കുന്ന നിഷ്‌ക്കളങ്കര്‍ രക്തസാക്ഷികലായി മരിച്ച് എന്റെ രാജ്യത്തിന്റെ അവകാശികളാകും സാത്താന്‍ വിജയിക്കും.

എന്നാല്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഭൂകമ്പങ്ങളും തീക്കാറ്റും നിലയ്ക്കും. സൂര്യന്‍ പഴയതുപോലെ ശോഭിക്കും. മാലാഖമാര്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി സമാധാനത്തിന്റെ വിത്തുകള്‍ ഭൂമിയിലെങ്ങും വിതറും. ഈ കൊടുംഭീകരതകളില്‍ നിന്ന് രക്ഷപ്പെട്ടവരുടെ മനസ്സുകളില്‍ അപരിമേയമായ നന്ദി നിറയും എന്റെ സന്ദേശങ്ങള്‍ ലോകത്തെ അറിയിക്കാനായി ബെല്‍ജിയം, സ്വിറ്റ്‌സര്‍ലന്റ്, സ്‌പെയ്ന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ആത്മാക്കളെ ഞാന്‍ തിരഞ്ഞെടുക്കും.

ഈ വിശുദ്ധ വര്‍ഷത്തില്‍ (1950) കൂടുതലായി പ്രാര്‍ത്ഥിക്കുക. കൊ ന്ത ചൊല്ലുക. നന്നായി പ്രാര്‍ത്ഥിച്ചാല്‍ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ സ്വര്‍ഗ്ഗത്തില്‍ എത്തും.
1950 കളിലെ യുദ്ധം വരാനിരിക്കുന്ന അനര്‍ത്ഥങ്ങളുടെ ഒരു സൂചന മാത്രമാണ്. മനുഷ്യന്റെ പാപം അളക്കാനാവാത്തവിധം വര്‍ദ്ധിക്കും. സഭയ്ക്കുള്ളില്‍ അനാദരവ് പ്രകടമാകും. പാപികള്‍ മതപരമായ ആചാരങ്ങളിലേര്‍പ്പെട്ട് നല്ലവരെന്ന് നടിക്കും.യഥാര്‍ത്ഥമായ സഹോദര സ്‌നേഹം അപ്രത്യക്ഷമാകും. വസ്ത്രധാരണത്തില്‍ അപമര്യാദ പ്രത്യക്ഷപ്പെടും. ലോകം അധര്‍മ്മത്താല്‍ നിറയും. ഭൂമിയിലേക്ക് മഹാവിപത്ത് ഇടിമിന്നല്‍ പോലെ നിപതിക്കും. പ്രഭാതസൂര്യന്‍ മറഞ്ഞ് ഇരുളിലാകും. ഇടിമിന്നലിന്റെയും വെളിച്ചത്തിന്റെയും മധ്യത്തില്‍ ഞാന്‍ പ്രകാശിക്കും. അനേകര്‍ ഈ സമയങ്ങളില്‍ നിരാശയിലും ഭയത്തിലും പെട്ട് മരണമടയും. എന്റെ ദിവ്യഹൃദയത്തില്‍ നിന്ന് കരുണ സ്വീകരിച്ചിട്ടുള്ളവര്‍ ഉറക്കെ കരയും ദൈവത്തെ പോലെ ആരുണ്ട് എന്ന ചോദിക്കും. അനേകര്‍ പുല്ലുപോലെ കരിഞ്ഞുപോകും. മൂന്നുദിവസത്തേക്ക് ഭൂമി മുഴുവന്‍ അന്ധകാരമായിരിക്കും.

അതിന് ശേഷം നക്ഷത്രങ്ങള്‍ വീണ്ടും പ്രകാശിക്കും. സൂര്യന്‍ ഉദിക്കും. അത് വസന്തകാലമായിരിക്കും. ഇരുളിന്റെ ദിനരാത്രങ്ങളില്‍ എന്റെ തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ അതേ ദിവസങ്ങളില്‍ ഇടതടവില്ലാതെ പ്രാര്‍ത്ഥനയിലായിരിക്കും. അവരെന്നെ നിരാശപ്പെടുത്തുകയില്ല. ഞാന്‍ എന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും. അനേകര്‍ എന്നെ ശപിക്കും. എങ്കിലും പതിനായിരക്കണക്കിന് ആത്മാക്കള്‍ രക്ഷപ്പെടും. എന്റെ ദിവ്യസ്‌നേഹത്തെക്കുറിച്ച് ഒരു മനുഷ്യനും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രാര്‍ത്്ഥിക്കുക..പ്രാര്‍ത്ഥിക്കുക.. എന്റെ പ്രിയ അമ്മയോട് വിശുദ്ധ ജോസഫിനോട്, വിശുദ്ധ എലിസബത്തിനോട്, മിഖായേല്‍ മാലാഖയോട്, വിശുദ്ധ പത്രോസിനോട്.. നിങ്ങളുടെ പ്രത്യേക മാധ്യസ്ഥരോട് എല്ലാം പ്രാര്‍ത്ഥിക്കുക.. ക്രിസ്്തുവിന്റെ ധീര യോദ്ധാക്കളായിരിക്കുക..ഞാന്‍ നിങ്ങളോടു കൂടെയുണ്ട്. ധൈര്യമായിരിക്കുക..

ലോകാവസാനത്തെക്കുറിച്ചുള്ള ഈ പ്രബോധനങ്ങള്‍ക്ക് സഭയുടെ അംഗീകാരമോ തീര്‍പ്പോ ലഭിച്ചിട്ടില്ല എന്ന കാര്യവും ഓര്‍മ്മിക്കണം. പാദ്രെ പിയോയെ കൂടാതെ വിശുദ്ധ കാസ്പര്‍ ദെല്‍ ബുഫുലോ, വാഴ്ത്തപ്പെട്ട അന്ന മരിയ ടായ്ഗി, വാഴ്ത്തപ്പെട്ട എലിസബത്ത് കാനോറിമോറ, വാഴ്ത്തപ്പെട്ട മേരി ഓഫ് ജീസസ് ക്രൂസിഫൈഡ് എന്നിവര്‍ക്കും ലോകാവസാനത്തെക്കുറിച്ചുള്ള വെളിപാടുകള്‍ ലഭിച്ചിട്ടുണ്ട്.

AnnaMariaTaigiവാഴ്ത്തപ്പെട്ട അന്നാ മരിയയ്ക്ക് ലഭിച്ച ദര്‍ശനങ്ങളില്‍ ഇരുണ്ട മൂന്ന് ദിവസങ്ങളെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. ദൈവം രണ്ട് ശിക്ഷകളാണ് ഭൂമിയിലേക്ക് അയ്ക്കുന്നത്. യുദ്ധങ്ങളുടെ രൂപത്തിലായിരിക്കും ഒന്ന്. അത് ഭൂമിയില്‍ നിന്ന് പുറപ്പെടുന്നതാണ്. രണ്ടാമത്തേത് സ്വര്‍്ഗ്ഗത്തില്‍ നിന്നുള്ളതാണ്. അതിന്‍പ്രകാരം ലോകമെങ്ങും ഇരുട്ട് വ്യാപിക്കും. വെഞ്ചരിച്ച മെഴുകുതിരി മാത്രമേ ആ ദിവസങ്ങളില്‍ പ്രകാശിക്കുകയുള്ളൂ. വാതിലുകള്‍ അടച്ച് ്ര്രപാര്‍ത്ഥനയോടെ കഴിയുക. ആകാംക്ഷ കൊണ്ട് പുറത്തേക്ക് ജനാലകള്‍ തുറന്നു നോക്കുന്നവന്‍ അപ്പോള്‍തന്നെ മരിച്ചുവീഴും. ഈ മൂന്നു ദിവസങ്ങളിലും ആളുകള്‍ ജപമാല ചൊല്ലിയും ദൈവത്തിന്റെ കരുണയ്ക്കായി പ്രാര്‍ത്ഥിച്ചും വീട്ടിനുള്ളില്‍ തന്നെ കഴിയുക.

ചില രാജ്യങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുമെന്നും ഭൂമിയുടെ മുഖച്ഛായതന്നെ മാറുമെന്നും അന്ന മരിയ പറയുന്നു.സഭയുടെ എല്ലാ ശത്രുക്കളും മൂന്നു ദിവസത്തെ ഇരുട്ടില്‍ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെടും. ശുദ്ധീകരിക്കപ്പെട്ട ഭൂമിക്ക് മീതെ പുതിയൊരു സൂര്യന്‍ ഉദിച്ചുയരും. അവിടെ തിന്മയുണ്ടായിരിക്കുകയില്ല. കുറ്റകൃത്യങ്ങള്‍ ഇല്ലാത്തതിനാല്‍ പോലീസുകാര്‍ക്കോ വക്കീലന്മാര്‍ക്കോ ജോലിയുണ്ടാവില്ല.രോഗങ്ങളോ പകര്‍ച്ചവ്യാധികളോ ആ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഉണ്ടായിരിക്കുകയില്ല.

ലോകാവസാനത്തെക്കുറിച്ചുള്ള വിശുദ്ധര്‍ക്ക് കിട്ടിയ ഏതു സന്ദേശത്തിലും ആവര്‍ത്തിച്ചുപറയുന്ന ഒരു കാര്യമുണ്ട്..സന്ദേശം കേട്ട് ആരും ഭയക്കരുത്..കൂടുതല്‍ പ്രാര്‍ത്ഥിക്കാനും ദൈവകൃപയില്‍ ആശ്രയിക്കാനുമായാണ് ഈ സന്ദേശങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഇരുട്ട് മാത്രമായ മൂന്ന്ദിനങ്ങള്‍ക്ക് ശേഷം പുതിയൊരു ആകാശവും പുതിയൊരു ഭൂമിയും ഉണ്ടാവുമ്പോള്‍ കറകളഞ്ഞ മനുഷ്യരായി ജീവിക്കാനുള്ള അനുഗ്രഹത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

ആ നിമിഷം എപ്പോള്‍ വേണമെങ്കിലും വരാം.പക്ഷേ ഒരുക്കമുള്ളവരായിരിക്കുക നാം..

You must be logged in to post a comment Login