ലോക യുവജന സംഗമത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ഏഴു കാര്യങ്ങള്‍

ലോക യുവജന സംഗമത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ഏഴു കാര്യങ്ങള്‍

ക്രക്കൗവില്‍ നടക്കാന്‍ പോകുന്ന ലോകയുവജന സംഗമത്തിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു. സംഗമത്തില്‍ പങ്കെടുത്താലും ഇല്ലെങ്കിലും കത്തോലിക്ക വിശ്വാസിയെന്ന നിലയ്ക്ക് ഇതിന്റെ പിന്നിലെ സംഘാടകരുടെ ത്യാഗങ്ങളെക്കുറിച്ച്  അറിയുന്നത് നന്നായിരിക്കും.

1. ഫ്രാന്‍സിസ് പാപ്പയുടെ കാപ്പയും ഉപേക്ഷിക്കല്‍ സംസ്‌കാരവും

ഇത്തവണ ലോകയുവജനസംഗമത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ധരിക്കുന്ന കാപ്പയ്ക്ക് പ്രത്യേകതകള്‍ ഏറെയാണ്. ജോര്‍ദ്ദാനില്‍ താമസ്സിക്കുന്ന ഒരുപറ്റം ഇറാഖി അഭയാര്‍ത്ഥി പെണ്‍കുട്ടികള്‍ നിര്‍മ്മിച്ച കാപ്പയാണ് പാപ്പ ധരിക്കുക. അവരുടെ തുണി ശേഖരണത്തില്‍ നിന്നും ഉപേക്ഷിക്കപ്പെട്ടവ ഉപയോഗിച്ചാണ് പെണ്‍കുട്ടികള്‍ കാപ്പ നെയ്‌തെടുത്തത്.

തിന്മ നിറഞ്ഞ മനുഷ്യരാല്‍ സ്വന്തം നാട്ടില്‍ നിന്നും പുറത്താക്കപ്പെട്ടവരാണ് ഞങ്ങള്‍. ആ ഞങ്ങളാണ് വേണ്ടാതെ ഉപേക്ഷിച്ച വസ്തുക്കളില്‍ നിന്ന് പുതിയ കാപ്പ നിര്‍മ്മിച്ചത്. മനോഹരമായ വസ്തുക്കളാല്‍ ദൈവത്തിന് സ്തുതി അര്‍പ്പിക്കണമെങ്കില്‍ പലപ്പോഴും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ തന്നെ ചിലപ്പോള്‍ വേണ്ടി വരും, പെണ്‍കുട്ടികള്‍ പറഞ്ഞു.

തങ്ങളുടെ അഭയാര്‍ത്ഥി സ്റ്റാറ്റസില്‍ പോളണ്ടിലേക്കുള്ള വിസ ഇവര്‍ക്ക് ലഭിച്ചില്ല. അതിനാല്‍ ഇത്തവണ ഇവര്‍ക്ക് സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല.

2. സ്വജീവന്‍ ബലിയര്‍പ്പിച്ച വോളണ്ടിയര്‍

ഗ്രാഫിക്ക് ഡിസൈനിംങ്ങ് പഠനത്തിന് ശേഷം മികച്ച രീതിയില്‍ ജോലി ചെയ്ത മസിയെജ് സിസിമോന്‍ സിയേസ്‌ല 2014ല്‍ ജോലി രാജി വച്ച്  യുവജനസംഗമത്തിന്റെ മുഴുവന്‍ സമയ വോളണ്ടിയറായി. ഇന്ന് ക്രക്കൗ നഗരത്തില്‍ മുഴുവന്‍ കാണുന്ന ബാനറിന്റെ സ്രഷ്ടാവ് ഇദ്ദേഹമാണ്. മാത്രമല്ല, തീര്‍ത്ഥാടകര്‍ക്കും വോളണ്ടിയേഴ്‌സിനും ലഭിക്കുന്ന കിറ്റിന്റെയും ഡബ്ലൂ വൈ ഡി വെബ്‌സൈറ്റിന്റെയും പിന്നിലെ തലച്ചോര്‍ ഇദ്ദേഹത്തിന്റേതാണ്.

കഴിഞ്ഞ നവംബറിലാണ് സിയേസ്ലേക്ക് ക്യാന്‍സര്‍ ബാധിച്ചത്. ചികിത്സകള്‍ക്കൊടുവില്‍ അദ്ദേഹത്തിന്റെ കാല് മുറിച്ചു മാറ്റി. ക്രക്കൗവിലെ യുവജനസംഗമത്തില്‍ പങ്കെടുക്കാന്‍ ഏറെക്കൊതിച്ച ഈ യുവാവ് തന്റെ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ജൂലൈ 2ന് മരണമടഞ്ഞു.

3. #ഡബ്ലൂവൈഡിചലഞ്ച്

ടെലിവിഷനില്‍ക്കൂടി മാത്രമല്ല, ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, സ്‌നാപ്ചാറ്റ് എന്നിവയിലൂടെയെല്ലാം ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഉറ്റു നോക്കുന്നതാണ് ഇത്തവണത്തെ യുവജനസംഗമം. സോഷ്യല്‍ മീഡിയ വഴി യുവജനസംഗമത്തിന് പരമാവധി പ്രോത്സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് #ഡബ്ല്യൂവൈഡിചലഞ്ച് രൂപം കൊണ്ടത്.

ചലഞ്ച് ഇതാണ്: ഫ്രഞ്ച് ഗ്രൂപ്പായ യൂണിറ്റില്‍ നിന്നും വേള്‍ഡ് യൂത്ത് ഡേ ഈസ് ബാക്ക് ഫോര്‍ യു എന്ന ഗാനം ഒരു വീഡിയോയോടു കൂടി റെക്കോര്‍ഡ് ചെയ്യുക. അത് സോഷ്യല്‍ മീഡിയയില്‍ മൂന്ന് പ്രസ്ഥാനങ്ങള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ ടാഗ് ചെയ്യുക. അവരും ഇത് തന്നെ ചെയ്യണം.

4. വി ഫോര്‍ ചാരിറ്റി

കരുണയുടെ വര്‍ഷം പ്രഖ്യാപിച്ചപ്പോള്‍ ലോകമെമ്പാടുമുള്ള എല്ലാ രൂപതകളിലും കരുണയുടെ വര്‍ഷ സ്മരണയ്ക്കായി എന്തെങ്കിലും സ്മാരകം നിര്‍മ്മിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. ഇത് കണക്കിലെടുത്ത് പ്രായം ചെയ്യന്നവര്‍ക്കായ് ഒരു ഭവനം വേള്‍ഡ് യൂത്ത് ഡേ സംഘടിപ്പിക്കുന്ന സ്റ്റേജിന് സമീപത്തായി ക്യമ്പസ് മിസേരികോര്‍ഡിയായേ എന്ന പേരില്‍ സംഘാടകര്‍ ഒരുക്കി. അതോടൊപ്പം ബ്രഡ് ഓഫ് മേഴ്‌സി എന്ന വിതരണ സെന്റര്‍ കാരിത്താസും നിര്‍മ്മിച്ചു.

വി ഫോര്‍ ചാരിറ്റി എന്നത് പ്രായം ചെയ്യന്നവര്‍ക്കായുള്ള ഭവനത്തില്‍ ഗൃഹോപകരണങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കാരിത്താസ് തുടങ്ങിയ ക്യാമ്പയിനാണ്.

5. ക്രക്കൗവിലെ ഭവനരഹിതര്‍ മരം കൊണ്ട് നിര്‍മ്മിച്ച അരുളിക്ക

ശനിയാഴ്ച വൈകുന്നേരം നടത്തുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കു വേണ്ടി ബീച്ച് മരം ഉപയോഗിച്ച് അരുളിക്ക നിര്‍മ്മിച്ചത് എമ്മാവൂസ് എന്ന പേരിലറിയപ്പെടുന്ന ക്രക്കൗവിലെ ഭവനരഹിത കമ്യൂണിറ്റിയിലെ അംഗങ്ങളാണ്.

6. യുവജനസംഗമത്തിന്റെ ‘ആപ്പ്’

പില്‍ഗ്രിം എന്ന പേരിലാണ് ഇത്തവണത്തെ ലോക യുവജന സംഗമ ആപ്പ് അറിയപ്പെടുക. ഐഒഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് എന്നിവയില്‍ ഇവ ലഭ്യമാണ്.

7. ഒരേ സമയ പരിഭാഷ

പോളിഷ് ഭാഷയോ, ഇറ്റാലിയനോ പരിചയമില്ലാത്തവര്‍ കൊണ്ടു നടക്കാന്‍ സാധിക്കുന്ന റേഡിയോ ഉപയോഗിച്ചാല്‍ അവര്‍ക്ക് സംഗമവേദിയില്‍ സംസാരിക്കുന്നവയുടെ പരിഭാഷ
ലഭിക്കും. റേഡിയോയുടെ ഹെഡ്‌സെറ്റിലൂടെ പോളിഷ്, ഇഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, യുക്ക്രനിയന്‍, ജര്‍മ്മന്‍, പോര്‍ച്ചുഗീസ്, റഷ്യന്‍ എന്നീ ഒന്‍പത് ഭാഷകളിലുള്ള തര്‍ജ്ജമകള്‍ ആണ് ലഭിക്കുക.

You must be logged in to post a comment Login