ലോഡറ്റോ സി’ എങ്ങനെയാണ് ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കുന്നത്?

ലോഡറ്റോ സി’ എങ്ങനെയാണ് ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കുന്നത്?

imagesകാലാവസ്ഥ വ്യതിയാനത്തെയും പ്രകൃതിസംരക്ഷണത്തെയും കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഏറ്റവും പുതിയ ചാക്രികലേഖനം ‘ലോഡറ്റോ സി’ പുറത്തിറങ്ങിയിട്ട് അധികനാള്‍ ആയിട്ടില്ല. എന്നാല്‍ അതിനും മുന്‍പു തന്നെ പ്രകൃതിസംരക്ഷണത്തിന് ഏറെ ഊന്നല്‍ കൊടുത്തുപോന്നിരുന്ന ഒരു രൂപതയുണ്ട് ഇന്ത്യയില്‍- അരുണാചല്‍ പ്രദേശില്‍ ഹിമാലയന്‍ മലനിരകളോടു ചേര്‍ന്നു കിടക്കുന്ന മിയാവോ രൂപത. 2005-ല്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാപിച്ചതാണ് മിയാവോ രൂപത.

പ്രകൃതിവിഭവങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ഗോത്രവര്‍ഗക്കാരാണ് ഇവിടെ താമസിക്കുന്ന ജനങ്ങളില്‍ ഭൂരിഭാഗവും. എന്നാല്‍ പ്രകൃതിയെ ചൂഷണം ചെയ്യാതെ വിഭവങ്ങള്‍ വിനിയോഗം ചെയ്യാന്‍ ഇവര്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ ഫ്രാന്‍സിസ് പാപ്പയുടെ പുതിയ ചാക്രികലേഖനം ഇവരുടെ ജീവിതത്തോടു ചേര്‍ന്നുകിടക്കുന്നു. പ്രകൃതിയെയും വനത്തെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്കരണപ്രവര്‍ത്തനങ്ങളും ശില്‍പശാലകളും വളരെ മുന്‍പു തന്നെ സഭയുടെ നേതൃത്വത്തില്‍ ഇവിടെ നടക്കുന്നുണ്ട്. ആഘോഷവേളകളില്‍ ഇവിടുത്തെ ജനങ്ങള്‍ പൂച്ചെണ്ടുകളല്ല, മറിച്ച് മരത്തൈകളും വിത്തുകളുമാണ് കൈമാറുന്നത്.
മാര്‍പാപ്പയുടെ ചാക്രികലേഖനം ഇറങ്ങിയതിനു ശേഷം പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പത്തെക്കാളധികം ഊന്നല്‍ കൊടുക്കാനാണ് രൂപതാധികാരികളുടെ തീരുമാനം.’ദൈവം നമുക്കു ദാനമായി നല്‍കിയതാണു പ്രകൃതി. അത് നമ്മുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി വിനിയോഗിക്കാനുള്ളതല്ല. വരും തലമുറകള്‍ക്കു കൂടി വേണ്ടി പ്രകൃതിയെ കാത്തു സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്’, മിയാമി അതിരൂപത ആര്‍ച്ച്ബിഷപ്പായ മാര്‍ ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍ പറഞ്ഞു.

You must be logged in to post a comment Login