ലോത്തിനെ പോലെ മടിക്കരുതേ…

ലോത്തിനെ പോലെ മടിക്കരുതേ…

ബൈബിളിൽ ‘കരുണ’ എന്ന പദം ആദ്യമായി ഉപയോഗിച്ചിരിക്കുന്നത് ഉൽപത്തി പുസ്തകത്തിൽ 19 അധ്യായത്തിൽ 16 വാക്യത്തിലാണ്. ” എന്നാൽ, അവൻ മടിച്ചു നിന്നു. കർത്താവിന് അവനോടു കരുണ തോന്നിയതുകൊണ്ട് ആ മനുഷ്യർ അവനെയും ഭാര്യയെയും മക്കളെയും കൈക്കു പിടിച്ചു നഗരത്തിനു പുറത്തു കൊണ്ടു പോയി വിട്ടു.”

സ്വവർഗ്ഗ ഭോഗത്തിന്റെയും ജ‍ഡികാസക്തികളുടെയും ഫലമായി അധ:പതിച്ച സോദോമിലെ ജനങ്ങളിൽ നിന്ന് ലോത്തിനെയും കുടുംബത്തെയും രക്ഷപ്പെടുത്താൻ ദൈവം ദൈവദൂതന്മാരെ അയ്ക്കുന്നു. എന്നാൽ ഈ ദൈവദൂതന്മാരെപ്പോലും ലൈംഗികാസക്തിക്ക് ഉപയോഗിക്കാൻ ശ്രമിക്കുകയാണ് ജനം. അപ്പോഴാണ് ജനത്തിന് അർഹമായ ശിക്ഷ നൽകുന്ന ദൈവത്തെ നമുക്കു കാണാന്‍ കഴിയുന്നത്.

ഈ സാഹചര്യത്തിൽ, അവിടം നശിപ്പിക്കാൻ കർത്താവ് ഒരുങ്ങിയിരിക്കുന്നു എന്ന് അറിയാവുന്ന ലോത്ത് അവിടം വിട്ടു പോകുവാൻ മടി കാണിക്കുന്നു. പാപം ചെയ്തിട്ടില്ലെങ്കിലും പാപസാഹചര്യത്തിൽ നിന്ന് ദൈവം വിളിക്കുമ്പോൾ പോലും വിട്ടു പോകാൻ തയ്യാറല്ലാത്ത മനുഷ്യരുടെ പ്രതീകമാണ് ലോത്ത്.  പാപത്തിൽ വീഴാൻ സാധ്യതയുണ്ടെന്ന യാഥാർത്ഥ്യം അവൻ മറക്കുന്നു. ദൈവത്തിന്റെ കരുണ അവനെ പൊതിയുന്നതുകൊണ്ടു മാത്രമാണ് അവൻ അവിടെ നിന്നു രക്ഷപ്പെടുന്നത്.

സോദോമിനേക്കാൾ ഉയർന്ന പാപാവസ്ഥയിലാണ് ഇന്ന് ലോകം. രാജ്യങ്ങളിൽ സ്വവർഗ്ഗ വിവാഹങ്ങൾ നിയമം മൂലം അംഗീകരിക്കപ്പെടുന്നു. അമ്മയെന്നോ മകളെന്നോ, അപ്പനെന്നോ മകനെന്നോ, സഹോദരനെന്നോ സഹോദരിയെന്നോ തിരിച്ചറിയാനാവാത്തവിധത്തിലുള്ള ലൈംഗിക ബന്ധങ്ങളുടെയും ആസക്തികളുടെയും കൂത്തരങ്ങായി മാറിയിരിക്കുന്നു ഇന്നത്തെ ലോകം.

ഈയൊരു സാഹചര്യത്തിൽ കാരുണ്യവർഷം പ്രഖ്യാപിക്കപ്പെട്ടത് ദൈവകരുണയുടെ ആഴങ്ങളിലേക്ക് നമ്മെ കൈ പിടിച്ചു നടത്താൻ വേണ്ടിയാണ്‌. ലോത്തിനെപ്പോലെ മടികൂടാതെ ദൈവത്തിന്റെ കരുണയുടെ കരം പിടിക്കാം. ദൈവം നമ്മെ വിളിക്കുന്നത് നിത്യജീവനിലേക്കാണ്.

ജെറി വടൂക്കര

You must be logged in to post a comment Login