വത്തിക്കാനില്‍ ഇന്ന് ജാഗരണാപ്രാര്‍ത്ഥനാദിനം

വത്തിക്കാനില്‍ ഇന്ന് ജാഗരണാപ്രാര്‍ത്ഥനാദിനം

വത്തിക്കാന്‍: മദര്‍ തെരേസായുടെ വിശുദ്ധപദ പ്രഖ്യാപനത്തിനു മുന്നോടിയായി ഇന്നു ജാഗരണ പ്രാര്‍ഥനാ നടക്കും. ലോകത്തിന്റെ നാനാഭാഗത്തു നിന്നെത്തിയ തീര്‍ഥാടകര്‍ ജാഗരണപ്രാര്‍ഥനയില്‍ പങ്കെടുക്കും. സെന്റ് അനസ്താസീയ ബസലിക്കയിലാണു ചടങ്ങുകള്‍ റാഞ്ചി ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ ഇംഗ്ലീഷില്‍ ദിവ്യബലി അര്‍പ്പിക്കുന്നതോടെ ദിനാചരണത്തിനു തുടക്കമാകും. പത്തരയ്ക്ക് സ്പാനിഷില്‍ ബിഷപ് ഡോ. എമിലിയോ ബെര്‍ളിയെയും പന്ത്രണ്ടിന് ഇറ്റാലിയനില്‍ കര്‍ദിനാള്‍ ആഞ്ചലോ കോമാസ്റ്ററിയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഓരോ ദിവ്യബലികള്‍ക്കു മുമ്പും ശേഷവും കുമ്പസാരത്തിനും മദര്‍ തെരേസയുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും അവസരം ഒരുക്കിയിട്ടുണ്ട്.

വൈകുന്നേരം അഞ്ചിനു മിഷനറിസ് ഓഫ് ചാരിറ്റി സന്യാസ സഭ സമൂഹങ്ങളിലെ വൈദികരുടെയും കന്യാസ്ത്രീകളുടെയും സഹോദരങ്ങളുടെയും വ്രതനവീകരണം നടക്കും. സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാല എംസിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന സമൂഹബലി മധ്യേയാണ് വ്രതനവീകരണം.

രാത്രി എട്ടര മുതല്‍ പത്തു വരെ റോമാരൂപതയുടെ കത്തീഡ്രല്‍ സാന്‍ ജോവാന്നി ലാറ്ററാന്‍ ബസിലിക്കയില്‍ വികാരി ജനറല്‍ കര്‍ദിനാള്‍ അഗസ്റ്റിനോ വല്ലീനി നേതൃത്വം നല്‍കുന്ന ദിവ്യകാരുണ്യ ആരാധന. വിവിധഭാഷകളില്‍ കുമ്പസാരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മദറിന്റെ സ്മരണാര്‍ഥം വത്തിക്കാന്‍ പുറപ്പെടുവിക്കുന്ന സ്മാരക സ്റ്റാമ്പിന്റെ പ്രകാശനവും ഇന്നു നടക്കും.

You must be logged in to post a comment Login