വത്തിക്കാനില്‍ ഇന്ന് പാവങ്ങളുടെ തിരുനാള്‍

വത്തിക്കാനില്‍ ഇന്ന് പാവങ്ങളുടെ തിരുനാള്‍

വത്തിക്കാന്‍: മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തോടനുബന്ധിച്ച്, മദര്‍ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം സംഘടിപ്പിക്കുന്ന പാവങ്ങളുടെ തിരുനാളിന് ഇന്നു തുടക്കം. റോമിലെ ഒളിമ്പിക്കോ തിയറ്ററില്‍ പ്രാദേശിക സമയം വൈകുന്നേരം അഞ്ചിനാണ് പരിപാടികള്‍ ആരംഭിക്കുന്നത്. എട്ടിന് സമാപിക്കും. ചടങ്ങില്‍ മദറിന്റെ ജീവിതം ബാലെ രൂപത്തില്‍ അവതരിപ്പിക്കും. രണ്ടു ഭാഗങ്ങളായാണു പരിപാടി . ആദ്യഭാഗത്ത് മിഷനറീസ് ഓഫ് ചാരിറ്റി സഭാ സമൂഹങ്ങളുടെ സഹസ്ഥാപകനും, സഭയുടെ അല്മായപ്രസ്ഥാന സ്ഥാപകനും, വൈദിക വിഭാഗം സുപ്പീരിയര്‍ ജനറലുമായ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാല എം.സി ആമുഖ സന്ദേശം നല്‍കും.

തുടര്‍ന്നു രാജി തരകനും സംഘവും അവതരിപ്പിക്കുന്ന രംഗപൂജയും എലിസബത്ത് ജോയി വെള്ളാഞ്ചിയിലും സംഘവും ആലപിക്കുന്ന ഗാനവും. കര്‍ദിനാള്‍ ആഞ്ചലോ കോമാസ്റ്റ്‌റിയും മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമയും റോമിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയിലെ ഒന്‍പതു സമൂഹങ്ങളുടെ പ്രതിനിധികളും ചേര്‍ന്നു ചടങ്ങുകള്‍ക്കു തുടക്കം കുറിക്കും. കര്‍ദിനാള്‍ ആഞ്ചലോ കോമാസ്റ്റ്‌റിയും സിസ്റ്റര്‍ മേരി പ്രേമയും അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും.

രണ്ടാം ഭാഗത്ത് മദറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബാലെ അവതരിപ്പിക്കും. ചടങ്ങിനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള സമൂഹവിരുന്നില്‍ രണ്ടായിരം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും. പാവങ്ങള്‍ക്കൊപ്പമുള്ള വിരുന്നില്‍ ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കും. മദര്‍ തെരേസയുടെ മുഖം പിന്നിലും മഹദ്— വചനകള്‍ മുന്നിലും ആലേഖനം ചെയ്ത ടി-ഷര്‍ട്ടുകള്‍ ധരിച്ച 1110 സന്നദ്ധസേവകരുടെ സംഘം പരിപാടികള്‍ക്കു നേതൃത്വം നല്‍കും.

You must be logged in to post a comment Login