വധശിക്ഷക്കെതിരെ ഫ്രാന്‍സിസ് പാപ്പ

വധശിക്ഷക്കെതിരെ ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ : വധശിക്ഷയെ ന്യായീകരിക്കാനാകില്ലെന്നും ക്രിമിനലുകള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടത്തിയ പ്രാര്‍ത്ഥനക്കു ശേഷം വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വധശിക്ഷ ഇല്ലാകാക്കുന്നതിനെതിരെയും ജയിലുകളിലെ സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിനും പരിശ്രമിക്കണമെന്നും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വധശിക്ഷക്കെതിരെ ആഗോളമനസാക്ഷി ഉണരണം. ആഗോളതലത്തില്‍ തന്നെ സര്‍ക്കാറുകള്‍ ഇതെക്കുറിച്ച് അഭിപ്രായൈക്യത്തില്‍ എത്തിച്ചേരണം. കത്തോലിക്കാ നേതാക്കന്‍മാര്‍ കരുണയുടെ ഈ വര്‍ഷത്തില്‍ യാതൊരു കാരണവശാലും വധശിക്ഷക്ക് അനുമതി കൊടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘അനുകരണീയമായ ഈ മാതൃക കാണിക്കാനുള്ള ധീരത നിങ്ങള്‍ക്കുണ്ടാകണം’, മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

ജീവന്‍ ദൈവത്തിന്റെ ദാനമാണ്. ക്രിമിനലുകള്‍ക്കു പോലും ജീവിക്കാനുള്ള അവകാശമുണ്ട്. ‘കൊല്ലരുത്’ എന്ന കല്‍പന നിരപരാധികളുടെ കാര്യത്തിലും തെറ്റു ചെയ്തവരുടെ കാര്യത്തിലും ഒരുപോലെ ബാധകമാണ്.എന്തു വില കൊടുത്തും  മനുഷ്യജീവനെ സംരക്ഷിക്കാനുള്ള ബാധ്യത നമുക്കുണ്ടെന്നാണ് ഈ സുവര്‍ണ്ണനിയമം ഓര്‍മ്മപ്പെടുത്തുന്നത്.തെറ്റു ചെയ്തവരെപ്പോലും സമൂഹത്തിന്റെ ഭാഗമായി കാണുന്ന രീതിയില്‍ ഓരോ രാജ്യത്തിന്റെയും ഭരണഘടനയില്‍ തുറവിയുണ്ടായിരിക്കണം.

വധശിക്ഷക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ ആഗോള കൂട്ടായ്മക്ക് റോം വേദിയാകുകയാണ്. ഈ കൂട്ടായ്മ വധശിക്ഷക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ പുതിയ ഊര്‍ജ്ജം പ്രദാനം ചെയ്യുമെന്ന് മാര്‍പാപ്പ പ്രതീക്ഷ പ്രകടിപ്പിച്ചു.

You must be logged in to post a comment Login