വനവും പൂങ്കാവനവും

വനത്തിനും പൂങ്കാവനത്തിനുമിടയില്‍ ഒരു ഗര്‍ജനത്തിന്റെ അതിര്‍വരമ്പേയുള്ളൂ. അല്ലെങ്കില്‍ ഒരു മുരള്‍ച്ചയുടെ, ഒരു സീല്‍ക്കാരത്തിന്റെ. മനുഷ്യന്‍ വനത്തിന്റെയും പൂങ്കാവനത്തിന്റെയും ഒരു നിരന്തരസാധ്യതയാണ്. ദൈവവും ചെകുത്താനും മാറിമാറി ഭരിക്കുന്ന ഭൂഖണ്ഡം എന്ന് ദസ്തയേവസ്‌കിയെ കുറിച്ച് പ്രശസ്തമായ ഒരു കല്‍പനയുണ്ട്. അത് സത്യമാണ്, ഏതു മനുഷ്യനെ പറ്റിയും.

ഏതു വിശുദ്ധശാന്തിയില്‍ നീരാടി നില്‍ക്കുമ്പോഴും ഉറങ്ങുന്ന ഒരു വന്യമൃത്തെ ഉള്ളിലെ ഹൃദയ വനികയില്‍ മനുഷ്യന്‍ കൊണ്ടു നടക്കുന്നുണ്ട്. പൂങ്കാവനത്തില്‍ കുയിലുകള്‍ പാടുമ്പാഴും മയിലുകളാടുമ്പോഴും തെന്നല്‍ മൂളുമ്പോഴും ഉറങ്ങുന്നുണ്ട്, ഉള്ളിലെവിടെയോ ഒരു ഹംസ്രജന്തു! ഒരു വിസ്മൃതിയുടെ നിമിഷത്തില്‍ നിന്നു ഞെട്ടിയുണര്‍ന്ന് ഞാനോ ഇതു ചെയ്തത് എന്ന് അമ്പരക്കുമ്പോള്‍ അവബോധമുണ്ടാകണം ഉള്ളിലെ സര്‍പ്പസാന്നിധ്യങ്ങളെ കുറിച്ച്…

ഇഷ്ടമില്ലാത്തത് ചെയ്തു പോകുന്ന ദുര്‍ഭഗനായ മനുഷ്യന്‍ ഞാന്‍! എന്ന വി. പൗലോസിന്റെ വിലാപം ഇവിടെ ചേര്‍ത്തു വയ്ക്കണം. അതോടൊപ്പം പൗലോസ് അതിനു കണ്ടെത്തുന്ന കൃപ എന്ന ഔഷധവും.

സര്‍പ്പം കൊടുത്ത പഴം തിന്നപ്പോള്‍ ഏദന്‍ എന്ന പൂങ്കാവനത്തിന്റെ സൗമ്യതാളങ്ങള്‍ തകര്‍ന്നു പോയെന്നു ബൈബിള്‍ ഗ്രന്ഥകാരന്‍. സിംഹവും കുഞ്ഞാടും ഒരുമിച്ചു മേഞ്ഞിരുന്ന ഉപവനത്തില്‍ പിന്നെ വേട്ടയാടലിന്റെ ചരിതം തുടങ്ങുന്നു. രണാങ്കണമായി മാറുന്നു, ഹൃദയം. സര്‍പ്പം കൊടുത്ത പഴത്തിലൂടെ മനുഷ്യന്റെ ഹൃദയവനികയിലേക്കു പ്രവേശിച്ചത് സര്‍പ്പവന്യതയുടെ ബീജമാണോ?

ക്രിസ്തുവിന്റെ പ്രലോഭനങ്ങളുടെ രണ്ടങ്കങ്ങളില്‍ ആദ്യത്തേത് മരുഭൂമിയിലും രണ്ടാമത്തേത് ഒരു പൂങ്കാവനത്തിലുമാണ്. മരുഭൂമിയില്‍ അവന്‍ വന്യമൃഗങ്ങളോടൊത്തായിരുന്നു എന്നാണ് എഴുതിയിരിക്കുന്നത്. മനുഷ്യവംശത്തിന്റെ മൃഗവന്യതകളൊക്കെ നാല്പതു ദിനരാത്രങ്ങള്‍ അവനു ചുറ്റും ഗര്‍ജിച്ചു നടന്നു. മൃഗങ്ങള്‍ ഗര്‍ജിച്ചത് അകത്തു നിന്നോ പുറത്തു നിന്നോ എന്നറിയില്ല… രണ്ടാമത്തേത് പ്രലോഭനങ്ങളുടെ അവസാനയങ്കം. ഗത്സമേന്‍ ഉപവനം. പാവനാത്മാവിന്റെ കാറ്റൂതുന്ന ഹൃദയത്തിലെ ഉദ്യാനം. രക്തം വിയര്‍ത്തു കൊണ്ടാണ് ക്രിസ്തു പൂങ്കാവനത്തിന്റെ ശാന്തസൗമ്യതകളെ മനുഷ്യഹൃദയത്തിലേക്കു തിരികെ നേടുന്നത്. വന്യമൃഗങ്ങളുടെ ദംഷ്ട്രകള്‍ മനസ്സിലേല്‍ക്കുമ്പോള്‍ രക്തം പൊടിയുക സ്വാഭാവികമായും രോമകൂപങ്ങളിലാണ്. പാവനാത്മാവിന്റെ ഇളം തെന്നലിന്, സംഗീതത്തിന് ആത്മാവിലെ വന്യമൃങ്ങളെ നിര്‍ജീവമാക്കാനാകും. പ്രവാചകന്‍ സ്വപ്നം കാണുന്ന, സിംഹവും പശുക്കുട്ടിയും ഒരുമിച്ചു മേയുന്ന ദൈവരാജ്യം മനുഷ്യഹൃദയം തന്നെ. ആത്മാവിലെ ഹാര്‍മണി, സാന്ദ്രലയം!

വനഭൂമികയില്‍ നില്‍ക്കുന്ന മനുഷ്യന്റെയുള്ളിലും ഒരു പൂങ്കാവനത്തിന്റെ സാധ്യതയുണ്ട്. എല്ലാ വീണ്ടെടുപ്പുകളുടെയും ആധാരം ഉള്ളിലെ പൂങ്കാവനങ്ങളുടെ വിത്തുകളാണ്. വിക്ടര്‍ ഹ്യൂഗോയുടെ ജീന്‍വാല്‍ജീന്റെ മനസ്സില്‍ ഡി നഗരത്തിലെ ബിഷപ്പിന്റെ കാരുണ്യം തൊട്ടുണര്‍ത്തുതും ഈ പൂങ്കാവനത്തെയാണ്. മേയര്‍ മദലിയന്‍ പൂങ്കാവനത്തിന്റെ പ്രകാശമാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബരസ്മരണ എന്ന പുസ്തകത്തിലെ പാതിരാപ്പാട്ട’് എന്ന ഓര്‍മക്കുറിപ്പ് ഹൃദയസ്പര്‍ശിയാകുന്നത് ഇക്കാര്യം കൊണ്ടാണ്. പാതിരായ്ക്കു ഒരു കടല്‍പ്പുറത്ത് വച്ചു ബാലചന്ദ്രന്‍ കണ്ടു മുട്ടുന്ന അഭിസാരിക ബാല്യകാല നൈര്‍മല്യങ്ങളെ ഓര്‍മിക്കുകയും വിശുദ്ധമായ വാല്‍സല്യം എന്ന വികാരം കൊണ്ടു തരളിതയാവുകയും ചെയ്യുന്നതാണ് സന്ദര്‍ഭം. ബാലചന്ദ്രന്റെ ശിരസ്സില്‍ തലോടിക്കൊണ്ട്, നഷ്ടപ്പെട്ടു പോയ അനുജനെ ഓര്‍മിച്ച്, പാട്ടുപാടിയുറക്കാം ഞാന്‍ താമരപ്പൂം പൈതലേ എന്ന എക്കാലത്തെയും ആര്‍ദ്രമായ താരാട്ട് പാടുന്നതും അവളുടെ ആത്മാവില്‍ പൂങ്കാവനത്തിലെ സൗഗന്ധികങ്ങള്‍ വിടരുന്നതു കൊണ്ടാണ്.

മനസ്സിലെ പൂങ്കാവനങ്ങളെ ഉണര്‍ത്തുതാണ് പുണ്യം. സ്വയം ഉണര്‍ത്തുന്നതും അപരന്റെ നെഞ്ചിലെ പൂവനങ്ങളെ തൊട്ടുണര്‍ത്തുന്നതും. വന്യമൃഗങ്ങള്‍ വാഴുന്ന കാലത്തില്‍, ഉള്ളില്‍ ഒരു പൂങ്കാവനത്തെ കേടുപറ്റാതെ സൂക്ഷിക്കാനാവുമോ?

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login