വനിതാദിനത്തില്‍ കരുണ പ്രഘോഷിച്ച് ഫിലിപ്പീന്‍സ് സാമൂഹിക പ്രവര്‍ത്തക

വനിതാദിനത്തില്‍ കരുണ പ്രഘോഷിച്ച് ഫിലിപ്പീന്‍സ് സാമൂഹിക പ്രവര്‍ത്തക

വത്തിക്കാന്‍: ആഗോള വനിതാ ദിനത്തില്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകയായ സെസിലിയ ഫ്‌ളോറസ് ഒയെബാന്‍ഡ വത്തിക്കാനില്‍ നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി. സഭയില്‍ സ്ത്രീകള്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങളായിരുന്ന ഒയെബാന്‍ഡയുടെ സംസാരവിഷയം. പ്രസംഗത്തില്‍ കരുണയെക്കുറിച്ച് ഊന്നിപ്പറഞ്ഞതാണ് ശ്രദ്ധേയമായത്.

നമ്മുടെ വേദനകള്‍ക്കപ്പുറം, സഹനങ്ങള്‍ക്കപ്പുറം, നിരാശകള്‍ക്കപ്പുറം മറ്റുള്ളവരെ സഹായിക്കുന്നതാണ് കരുണയെന്നാണ് ഫ്‌ളോറസ് ഒയെബാന്‍ഡ പറഞ്ഞത്. ‘ദൈവം നമുക്ക് കഷ്ടതകള്‍ തരുന്നത് മഹത്തായ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ്. ക്ഷമയില്ലാതെ നിങ്ങള്‍ക്ക് കരുണ കാണിക്കാനാകില്ല. ക്ഷമയും കരുണയും പരസ്പര പൂരകങ്ങളാണ്. നിങ്ങള്‍ കരുണയെ പുല്‍കിയാല്‍ അതുവഴി മറ്റുള്ളവരെ സ്‌നേഹിക്കാന്‍ പറ്റും. അവരോട് സഹാനുഭൂതി കാണിക്കാന്‍ പറ്റും’, ഫ്‌ളോറസ് ഒയെബാന്‍ഡ പറഞ്ഞു.

മനുഷ്യക്കടത്തിനെതിരെയും തൊഴിലാളി ചൂഷണത്തിനെതിരെയും ആധുനിക അടിമത്വത്തിനെതിരെയും പ്രവര്‍ത്തിക്കുന്ന ഫിലിപ്പീന്‍സിലെ വിസായന്‍ ഫോറം ഫൗണ്ടേഷന്റെ സ്ഥാപകയാണ് ഫ്‌ളോറസ് ഒയെബാന്‍ഡ. നിരവധി സംഘര്‍ഷങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയ ജീവിതമായിരുന്നു ഒയബാന്‍ഡയുടേത്. കുടുംബാംഗങ്ങളോടൊപ്പം ജയിലില്‍ അടക്കപ്പെട്ട ഒയബാന്‍ഡ അവിടെ വെച്ചാണ് രണ്ടാമത്തെ കുഞ്ഞിന് ജന്‍മം നല്‍കിയത്. അത്തരം സഹനങ്ങള്‍ തന്നെ കരുത്തയാക്കിയതോടൊപ്പം കരുണയുള്ളവളുമാക്കി എന്നാണ് ഒയബാന്‍ഡ പറഞ്ഞത്.

You must be logged in to post a comment Login