വന്നു, കണ്ടു, കീഴടക്കി…

കെനിയ: പാപ്പയെത്തുന്നു എന്നറിഞ്ഞപ്പോള്‍ തുടങ്ങിയതാണ് ആഫ്രിക്കയിലെ ജനങ്ങളുടെ ആഘോഷങ്ങള്‍, മാധ്യമങ്ങളുടേയും. ആരെയും കയ്യിലെടുക്കുന്ന മാര്‍പാപ്പയുടെ പതിവുശൈലി ഇവിടെയും ആവര്‍ത്തിച്ചു. രാജ്യത്തെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും ചര്‍ച്ചാ വിഷയം പാപ്പ തന്നെ. മാധ്യമങ്ങള്‍ വര്‍ദ്ധിത വീര്യത്തോടെ തന്നെ മാര്‍പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൊടുക്കാന്‍ മത്സരിക്കുകയാണ്.

പാപ്പയുടെ സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം തന്നെ രാജ്യത്തെ പ്രധാന ദിനപ്പത്രങ്ങളെല്ലാം ഇറങ്ങിയത് ഫ്രാന്‍സിസ് പാപ്പക്കു സ്വീകരണം എന്ന തലക്കെട്ടോടു കൂടിയാണ്. രണ്ടാം ദിവസവും വാര്‍ത്തകളിലെ താരം ഫ്രാന്‍സിസ് പാപ്പ തന്നെ.

രാജ്യത്തെ പ്രധാന ദേശീയ ദിനപ്പത്രങ്ങളായ ഡയ്‌ലി നേഷന്‍, ദ സ്റ്റാന്‍ഡേര്‍ഡ്, ബിസിനസ് ഡെയ്‌ലി എന്നീ പത്രങ്ങള്‍ രണ്ടാം ദിവസവും പാപ്പയുടെ വലിയ കളര്‍ ചിത്രങ്ങളോടെ എട്ടു കോളം വാര്‍ത്തകളാണ് പ്രസിദ്ധീകരിച്ചത്. മിക്ക പത്രങ്ങളുടേയും മുഖപ്രസംഗങ്ങളുടേയും വിഷയം മാര്‍പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം തന്നെ. അദ്ദേഹം സഞ്ചരിക്കുന്ന ഹോണ്ട കാര്‍, കൊതുകുകളെയാണ് ഭയമെന്ന പരാമര്‍ശം തുടങ്ങിയ രസകരമായ വാര്‍ത്തകളും മിക്ക പത്രങ്ങളിലും ഇടം നേടിയിട്ടുണ്ട്.

You must be logged in to post a comment Login