വരന്‍ ക്രിസ്തു, വധു ഇന്ത്യാനക്കാരി

വരന്‍ ക്രിസ്തു, വധു ഇന്ത്യാനക്കാരി

തൂവെള്ള നിറമുള്ള ഗൗണും632430-jessica-hayes-56d031-300x176 തലയില്‍ മൂടുപടവും അണിഞ്ഞ്, ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ ആ പള്ളിയങ്കണത്തിലൂടെ അവള്‍ നടന്നുവന്നു. ആ നവവധുവിനെ വരവേല്‍ക്കാന്‍ ആരുമില്ലായിരുന്നു, ആരും അവള്‍ക്ക് അകമ്പടി സേവിച്ചില്ല. ക്യാമറ ഫ്‌ളാഷുകള്‍ അവള്‍ക്കു നേരെ മിന്നിയില്ല. എല്ലാത്തിലുമുപരി അവളുടെ കഴുത്തില്‍ മിന്നു ചാര്‍ത്താന്‍ അവിടെ ഒരു വരനും കാത്തു നിന്നിരുന്നില്ല. പക്ഷേ ആ അപൂര്‍വ്വ സംഭവത്തിനു സാക്ഷ്യം വഹിക്കാന്‍ നൂറുകണക്കിനാളുകള്‍ അവിടെയെത്തി.

ജസീക്ക ഹെയ്‌സ് എന്ന 38 കാരിയായിരുന്നു വധു. അദൃശ്യനായ ഒരു വരന്‍ അവള്‍ക്കായി കാത്തു നില്‍പ്പുണ്ടായിരുന്നു- ക്രിസ്തു. സാധാരണയായി ക്രിസ്തുവിനെ മണവാളനായി സ്വീകരിക്കുന്നത് കന്യാസ്ത്രികളാണ്. പക്ഷേ ഇവിടെ ആ പതിവും തെറ്റി. ക്രിസ്തുവിനു വേണ്ടിസമര്‍പ്പിക്കപ്പെട്ട കന്യകയാകാനായിരുന്നു ജസീക്കയുടെ വരവ്.

‘സമര്‍പ്പിത കന്യകകള്‍'(consecrated virgin) എന്ന പദം തന്നെ അധികമാര്‍ക്കും പരിചിതമായിരിക്കില്ല. ക്രിസ്തുവിനു വേണ്ടി സ്വയം സമര്‍പ്പിക്കുന്ന, ക്രിസ്തുവിനെ വരനായി സ്വീകരിക്കുന്ന, എന്നാല്‍ സന്യാസത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ജീവിതശൈലിയാണിത്. ഇവര്‍ക്കു താമസിക്കാന്‍ സന്യാസമഠങ്ങളില്ല. സാധാരണക്കാരെപ്പോലെ സാധാരണ വീടുകളില്‍ ഏകസ്ഥ ജീവിതം നയിക്കുകയാണ് ഇവരുടെ രീതി. ഇത്തരത്തില്‍ 3,000 സമര്‍പ്പിത കന്യകമാരേ ലോകത്താകെയുള്ളൂ.

ഒരു പാടു നാളത്തെ പ്രാര്‍ത്ഥനക്കും കാത്തിരിപ്പിനും ശേഷമാണ് തനിക്കനുയോജ്യനായ വരനെ കണ്ടെത്തിയതെന്ന് ജസീക്ക പറയുന്നു. ഒരു വധുവിന്റെ എല്ലാ അലങ്കാരങ്ങളോടെയുമാകണം ചടങ്ങ് എന്നവള്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് സാധാരണ വധുവെപ്പോലെ ഭംഗിയുള്ള വിവാഹ വസ്ത്രം അവള്‍ തിരഞ്ഞെടുത്തത്.

‘ദൈവഹിതം ജീവിതത്തില്‍ നിറവേറണമെന്നായിരുന്നു എന്റെ ആഗ്രഹം. അവസാനം എന്റെ ജീവിതം ക്രിസ്തുവിനു വേണ്ടി മാറ്റിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സമര്‍പ്പിത ജീവിതമായിരിക്കുമ്പോഴും ഞാന്‍ കുട്ടികളെ പഠിപ്പിക്കുന്നു, ഇടവകാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കു ചേരുന്നു’, ഇന്ത്യാനയില്‍ ദൈവശാസ്ത്ര അദ്ധ്യാപിക കൂടിയായ ജസീക്ക പറയുന്നു.

You must be logged in to post a comment Login