വരമേകണേ യേശുമഹേശ കുരിശിന്റെ വഴിയെ വരുവാന്‍

വരമേകണേ യേശുമഹേശ കുരിശിന്റെ വഴിയെ വരുവാന്‍

കാലം കടന്നുപോയിട്ടും കവിത്വവും ഭക്തിയും മാഞ്ഞുപോകാത്ത കുരിശിന്റെ വഴിയാണ് ഫാ. ജേക്കബ് കല്ലറയ്ക്കല്‍ രചിച്ച കുരിശിന്റെ വഴി. അതിലെ ആദ്യവരിയാണ് ശീര്‍ഷകമായെഴുതിയത്.

ഫാ. ജേക്കബ് കല്ലറയ്ക്കല്‍ എന്നു പറഞ്ഞാല്‍ ഒരു പക്ഷേ പുതിയ തലമുറയ്ക്ക് അറിവുണ്ടായിരിക്കണമെന്നില്ല. പക്ഷേ വാവാ യേശുനാഥാ എന്ന  പാടിയാല്‍ അവര്‍ക്ക് ആളെ പിടികിട്ടും. ഫാ. ജേക്കബ് കല്ലറയ്ക്കലാണ് ഈ ഗാനം രചിച്ചിരിക്കുന്നത്.

മലയാളത്തില്‍ ആദ്യമായി രചിക്കപ്പെട്ട കുരിശിന്റെ വഴി പ്രാര്‍ത്ഥനയായിട്ടാണ് ഫാ. ജേക്കബ് കല്ലറയ്ക്കലിന്റെ കുരിശിന്റെ വഴിയെ ഗണിച്ചുപോരുന്നത്. ഇതിലെ പ്രാര്‍ത്ഥനകള്‍ രചിച്ചിരിക്കുന്നത് ദൈവദാസന്‍ തിയോഫിന്‍ അച്ചനാണ്.

ശ്ലീവാ എന്ന പേരില്‍ ബേണി ഇഗ്നേഷ്യസ് ഈ കുരിശിന്റെ വഴി വര്‍ഷങ്ങള്‍ക്ക് മുമ്പ് പുന: സൃഷ്ടിച്ചിട്ടുണ്ട്.  വരാപ്പുഴ ആര്‍ച്ച് ബിഷപ്പായിരുന്ന ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന്റേതായിരുന്നു ആമുഖം. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ സന്ദേശവും നല്കി. യേശുദാസ്. ചിത്ര , സുജാത ജയചന്ദ്രന്‍ തുടങ്ങിയ പ്രശസ്ത ഗായകരാണ് ഇതിലെ ഗാനങ്ങള്‍ ആലപിച്ചത്.

1904 ഓഗസ്റ്റ് 16 നാണ് അദ്ദേഹം ജനിച്ചത്. മാതാപിതാക്കള്‍ ചീക്കു -മറിയം . മലയാളത്തിലെ ക്രൈസ്തവഭക്തിഗാനങ്ങള്‍ക്ക് തനതായ വ്യക്തിത്വവും ശൈലിയും നല്കി എന്നതാണ് ഫാ. ജേക്കബ് കല്ലറയ്ക്കല്‍ നമ്മുടെ ഭക്തിഗാനശാഖയ്ക്ക് നല്കിയ വലിയ സംഭാവന. അന്യഭാഷാഗാനങ്ങളുടെ സ്വാധീനത്തില്‍ നിന്ന് മോചിപ്പിച്ച് മലയാളത്തിന്റെ മണവും ജീവിതവും നല്കുന്നതില്‍ അച്ചന്‍ കാണിച്ച ശ്രദ്ധ നിസ്സാരമല്ല. 1965 ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ മരണം.

കാലം കടന്നുപോയിട്ടും ഇന്നും ഫാ. ജേക്കബ് കല്ലറയ്ക്കല്‍ ജീവിച്ചിരിക്കുന്നു അദ്ദേഹം രചിച്ച അനശ്വരഗാനങ്ങളിലൂടെ..

You must be logged in to post a comment Login