വല്ലാര്‍പാടം തിരുനാള്‍ നാളെ സമാപിക്കും

വല്ലാര്‍പാടം തിരുനാള്‍ നാളെ സമാപിക്കും

കൊച്ചി: മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ നാളെ സമാപിക്കും. രാവിലെ പത്തിനു വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. വചനപ്രഘോഷണം:ഫാ. അനില്‍ സക്കറിയ. തുടര്‍ന്നു നൊവേന, പ്രദക്ഷിണം.

എഡി 1676ല്‍ വല്ലാര്‍പാടത്തെ ദേവാലയനിര്‍മാണത്തിനു ഭൂമി ദാനം ചെയ്ത പാലിയത്ത് രാമന്‍മേനോന്‍ വലിയച്ചന്റേയും 1752 ല്‍ വഞ്ചിയപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പള്ളിവീട്ടില്‍ മീനാക്ഷിയമ്മയുടേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തിലാണു ദിവ്യബലിക്കു മുന്നോടിയായുള്ള ദീപം തെളിക്കല്‍ നടക്കുക. അള്‍ത്താരയിലെ കെടാവിളക്കിലേക്കുള്ള എണ്ണ പാലിയം കുടുംബത്തില്‍ നിന്നാണ് എത്തിക്കുന്നത്. തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ക്കു ദാഹമകറ്റാന്‍ മോരു നല്‍കുന്നത് മീനാക്ഷിയമ്മയുടെ പിന്‍തലമുറക്കാരാണ്.

തിരുനാള്‍ സമാപനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി റെക്ടര്‍ മോണ്‍. ജോസഫ് തണ്ണിക്കോട്ട്, പ്രസുദേന്തി മാത്യു വില്‍സന്‍ നടുവിക്കുന്നത്ത് എന്നിവര്‍ അറിയിച്ചു.

ഒക്ടോബര്‍ ഒന്നിനാണ് എട്ടാമിടം.

You must be logged in to post a comment Login