വാടക അമ്മമാരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍

വാടക അമ്മമാരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍

images (2)വാടക അമ്മമാരുടെ എണ്ണം മുന്‍പെന്നത്തേക്കാളുപരി വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍. പാവപ്പെട്ട അമ്മമാരാണ് കൂടുതലും വാടകഗര്‍ഭധാരണത്തിന് സമ്മതിക്കുന്നത്. ‘പാവപ്പെട്ട സ്ത്രീകളാണ് കൂടുതലും ഇത്തരം ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നത്. മറ്റു വരുമാനമാര്‍ഗ്ഗങ്ങളൊന്നുമില്ലാത്ത സാഹചര്യങ്ങളില്‍ പല സ്ത്രീകളും ഇതിന് സമ്മതിക്കുന്നു. ഇവരെ വാടകക്കെടുക്കാന്‍ തയ്യാറായി വരുന്ന നിരവധി പണക്കാരുമുണ്ട്’, സെന്റര്‍ ഫോര്‍ ബയോ എത്തിക്‌സ് ആന്‍ഡ് റിസേര്‍ച്ചിന്റെ ഡയറക്ടറായ ക്രിസ്റ്റഫര്‍ വൈറ്റ് പറയുന്നു. ഇന്‍ഡ്യ, തായ്‌ലന്റ് പോലുള്ള വികസ്വര രാഷ്ട്രങ്ങളിലാണ് കൂടുതലായും ഈ പ്രവണത കണ്ടുവരുന്നത്. സ്വവര്‍ഗ്ഗദമ്പതികളാണെന്നു മനസ്സിലായതിനെത്തുടര്‍ന്ന് അമേരിക്കന്‍ ദമ്പതികളുടെ വാടക അമ്മയായ തായ്‌ലന്റിലെ ഒരു സ്ത്രീ താന്‍ ജന്‍മം നല്‍കിയ കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചത് അടുത്തിടെയാണ്. വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച ഡൗണ്‍ സിന്‍ഡ്രം ബാധിച്ച കുട്ടിയെ വേണ്ടെന്നു വെച്ച് ആരോഗ്യവതിയായ ഇരട്ട സഹോദരിയെ മാത്രം കൊണ്ടുപോയ സംഭവവും തായ്‌ലന്റലുണ്ടായിട്ടുണ്ട്. ഇതേത്തുയര്‍ന്ന് വാടകഗര്‍ഭധാരണത്തെ സംബന്ധിക്കുന്ന നിയമവ്യവസ്ഥകള്‍ പരിഷ്‌കരിക്കാന്‍ തായ്‌ലന്റ് സര്‍ക്കാര്‍ തയ്യാറായി. പലപ്പോഴും സ്ത്രീകളുടെ പൂര്‍ണ്ണസമ്മതത്തോടെയല്ല അവര്‍ വാടക അമ്മമാരാകുന്നത്. പാട്രിയാര്‍ക്കല്‍ അധികാര വ്യവസ്ഥകളും കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളും അവരെ ഇതിനു നിര്‍ബന്ധിതരാക്കുന്നു. അങ്ങനെ മനസാക്ഷിയെത്തന്നെ ഒറ്റിക്കൊടുത്തു കൊണ്ടാണ് പല സ്ത്രീകളും വാടക അമ്മമാരാകുന്നത്. പല സാഹചര്യങ്ങളിലും ചതിയിലൂടെയും വഞ്ചനയിലൂടെയുമാണ് സ്ത്രീകള്‍ വാടക ഗര്‍ഭധാരണത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ആര്‍ക്കുവേണ്ടിയാണ് തങ്ങള്‍ ഗര്‍ഭം ധരിക്കുന്നതെന്ന് പലപ്പോഴും ഇവര്‍ അറിയുന്നില്ല. വാടക ഗര്‍ഭധാരണം മൂലം ഇവരുടെ ശരീരത്തെ ദോഷകരമായി ബാധിക്കാവുന്ന മാറ്റങ്ങളെപ്പറ്റിയും ഇവരില്‍ പലര്‍ക്കുമറിയില്ല. വാടക ഗര്‍ഭധാരണത്തെ സംബന്ധിച്ച് കൃത്യമായ നിയമവ്യവസ്ഥകളില്ലാത്തതു കൊണ്ടും താരതമ്യേന ചെലവു കുറവായതു കൊണ്ടും ഇന്ത്യ, മെക്‌സിക്കോ, നേപ്പാള്‍, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വാടകഗര്‍ഭധാരണം വര്‍ദ്ധിച്ചു വരികയാണെന്നും ക്രിസ്റ്റഫര്‍ വൈറ്റ് പറയുന്നു. വാടകഗര്‍ഭധാരണത്തിന് ആഹ്വാനം ചെയ്യുന്ന പല വെബ്‌സൈറ്റുകളും ഇന്നു നിലവിലുണ്ട്.

You must be logged in to post a comment Login