വിഗ്രഹാരാധകനും മര്‍ക്കടമുഷ്ടിയുള്ളവനും പാപം ചെയ്യുന്നു: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: വിഗ്രഹാരാധകനും മര്‍ക്കടമുഷ്ടിയുള്ളവനും പാപികളാണെന്ന് ഫ്രാന്‍സിസ് പാപ്പ. ഇത്തരക്കാര്‍ ഒരിക്കലും സത്യം കണ്ടെത്തുന്നില്ല. തങ്ങളുടെ വിശ്വാസങ്ങളില്‍ ഇവര്‍ ഉറച്ചു നില്‍ക്കുന്നു. ഇത്തരത്തിലുള്ള കടുംപിടുത്തങ്ങള്‍ ഉള്ളവര്‍ പരിശുദ്ധാരൂപിയെ തങ്ങളില്‍ നിന്നകറ്റുകയാണെന്നും മാര്‍പാപ്പ പറഞ്ഞു. ഇന്നലെ സാന്റ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വിശ്വാസികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഗ്രഹാരാധകര്‍ക്ക് ഒരിക്കലും സത്യത്തിന്റെ പൂര്‍ണ്ണതയില്‍ എത്തിച്ചേരാനാകില്ല. അവര്‍ ദൈവനിഷേധികളാണ്. ഇത്തരം ശീലങ്ങള്‍ നവീകരിക്കപ്പെടേണ്ടതാണ്. കടുംപിടുത്തങ്ങളില്‍ ഉറച്ചു നില്‍ക്കാതെ ദൈവസ്‌നേഹം അനുഭവിക്കാന്‍ ഹൃദയങ്ങളെ നവീകരിക്കണം.

കര്‍ത്താവിന്റെ വാക്കുകള്‍ അനുസരിക്കുന്നത് ബലിയേക്കാള്‍ ശ്രേഷ്ഠമാണ്, സാമുവേല്‍ പ്രവാചകന്‍ സാവൂളിനെ ശാസിക്കുന്ന ഗ്രന്ഥഭാഗം ഉദ്ധരിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. കര്‍ത്താവിന്റെ സ്വരം ശ്രവിക്കാതിരിക്കരുത്. പരിശുദ്ധാരൂപിയോട് തുറവിയുള്ളവരായിരിക്കുകയും വേണം.

നിങ്ങള്‍ക്കായി ഒരു പരിശുദ്ധാത്മാവിനെ അയക്കും എന്നാണ് ക്രിസ്തു പറഞ്ഞത്. പരിശുദ്ധാരൂപിയാണ് നമ്മെ സത്യത്തിലേക്കു നയിക്കുന്നത്. ആ പരിശുദ്ധാത്മാവിനു നേരെ വാതിലുകള്‍ കൊട്ടിയടക്കരുതെന്നും ഫ്രാന്‍സിസ് പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

You must be logged in to post a comment Login